സംസ്ഥാനത്ത് മഴക്കെടുതി 45000 കർഷകരെ ബാധിച്ചു, മൊത്തം 121 കോടിയുടെ കൃഷിനാശം, സഹായം നൽകുമെന്നും മന്ത്രി; കർഷക അവാർഡുകളും പ്രഖ്യാപിച്ചു

Published : Aug 09, 2026, 05:23 PM IST
T Siddique

Synopsis

സംസ്ഥാനത്ത് തുടരുന്ന മഴക്കെടുതിയിൽ 121 കോടി രൂപയുടെ കൃഷിനാശമുണ്ടായെന്നും 45000 കർഷകരെ ബാധിച്ചെന്നും കൃഷിമന്ത്രി അറിയിച്ചു. കർഷകർക്ക് സഹായം നൽകുമെന്നും മന്ത്രി ടി സിദ്ദിഖ് വ്യക്തമാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായി തുടരുന്ന മഴയിൽ ഇതുവരെ 121 കോടി രൂപയുടെ വൻ കൃഷിനാശമുണ്ടായതായി കൃഷിമന്ത്രി ടി സിദ്ദീഖ്. വെള്ളപ്പൊക്കത്തിൽ 9,332 ഹെക്ടർ സ്ഥലത്തെ കൃഷിയെ ബാധിക്കുകയും 45000 കർഷകർക്ക് വൻ നഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. കർഷകരെ എങ്ങനെ സഹായിക്കാം എന്നതിൽ അന്തിമ തീരുമാനമെടുക്കുന്നതിനായി ചൊവ്വാഴ്ച വിവിധ ധനകാര്യ ഏജൻസികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചുചേർത്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നിലവിൽ വിവിധ പ്രദേശങ്ങളിൽ ജലനിരപ്പ് കാര്യമായി കുറഞ്ഞത് ആശ്വാസത്തിന് വകനൽകുന്നുണ്ട്.

കർഷക അവാർഡുകൾ

അതേസമയം സംസ്ഥാന കാർഷിക അവാർഡുകളും കൃഷിമന്ത്രി വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള കാർഷിക മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള അവാർഡിന് പത്മശ്രീ ചെറുവയൽ രാമൻ അർഹനായി. മുൻ മുഖ്യമന്ത്രി സി അച്യുതമേനോന്‍റെ പേരിലുള്ള മികച്ച സേവനങ്ങൾ കാഴ്ചവെച്ച തദ്ദേശ സ്ഥാപനങ്ങൾക്കുള്ള അവാർഡ് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിനും കണ്ണൂർ ഉളിക്കൽ ഗ്രാമപഞ്ചായത്തിനും ലഭിച്ചു. മികച്ച കൃഷിഭവനുള്ള വി വി രാഘവൻ സ്മാരക അവാർഡിന് പത്തനംതിട്ടയിലെ കുറ്റൂർ കൃഷിഭവൻ അർഹമായി.

മഴ സാധ്യത പ്രവചനം

09/08/2026 : പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

കള്ളക്കടൽ ജാഗ്രത നിർദേശം

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ) ജില്ലകളിലെ തീരങ്ങളിൽ 10/08/2026 വൈകുന്നേരം 05.30 വരെ 1.2 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി 10/08/2026 ഉച്ചയ്ക്ക് 02.30 വരെ കന്യാകുമാരി തീരത്ത് 1.7 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രതിപക്ഷ ഉപനേതാവിന്‍റെ മുറിക്കായുള്ള സിപിഎമ്മിന്റെ നീക്കം പാളി, ആവശ്യം തള്ളി സ്പീക്കർ
വിദ്യാർത്ഥികളെ അധിക്ഷേപിച്ച സംഭവം: ടിജി മോഹൻദാസിൻ്റെ വീട്ടിൽ പൊലീസ്