പെരിയ കേന്ദ്ര സർവകലാശാലയിൽ നിയമന നടപടി തുടങ്ങി. രജിസ്ട്രാർ, ലൈബ്രേറിയൻ എന്നീ പ്രധാന തസ്തികകളിലാണ് നിയമന നടപടി തുടങ്ങിയത്. ഒക്ടോബർ ആറ്, ഏഴ്, എട്ട് തീയതിൽ അഭിമുഖം നടത്താനാണ് തീരുമാനം.

കാസർകോട്: പെരിയ കേന്ദ്ര സർവകലാശാലയിലെ പ്രധാന തസ്തികകളിൽ നിയമന നടപടി തുടങ്ങി. രജിസ്ട്രാർ, ലൈബ്രേറിയൻ തസ്തികകളിൽ അഭിമുഖം നടത്താൻ തീരുമാനം. ഒക്ടോബർ ആറ്, ഏഴ്, എട്ട് തീയതികളിലാണ് അഭിമുഖം. രജിസ്ട്രാർ തസ്തികയിലേക്ക് 32 പേരെയും ലൈബ്രേറിയൻ തസ്തികയിലേക്ക് 22 പേരെയും അഭിമുഖത്തിന് വിളിച്ചു. അഭിമുഖത്തിനുള്ള ഉദ്യോഗാർഥികൾക്ക് സർവകലാശാല ഇ-മെയിൽ അയച്ചു. പ്രധാന തസ്‌തികകളിൽ സ്ഥിരം നിയമനം നടത്താത്തത് സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് കഴിഞ്ഞദിവസം വാർത്ത നൽകിയിരുന്നു.

സർവകലാശാലയിൽ ഒരു വർഷത്തോളമായി സുപ്രധാന രജിസ്ട്രാർ പദവി ഒഴിഞ്ഞ് കിടക്കുകയായിരുന്നു. രജിസ്ട്രാർ നിയമനം നടത്താനായി വിജ്ഞാപനം പുറത്തിറക്കി 10 മാസത്തോളമായിട്ടും നിയമനം നടത്താതെ വൈസ് ചാൻസലർ അകാരണമായി നീട്ടിക്കൊണ്ടു പോകുകയാണെന്ന ആക്ഷേപം ഉയർന്നിരുന്നു. ഫിനാൻസ് ഓഫീസർ തസ്തികയിലും സ്ഥിരം നിയമനമില്ല. കഴിഞ്ഞ മാസം ഫിനാൻസ് ഓഫീസർ പദവിയിലേക്ക് അഭിമുഖം നടത്തിയിരുന്നെങ്കിലും പങ്കെടുത്ത 13 പേരും അനുയോജ്യരല്ലെന്നായിരുന്നു വൈസ് ചാൻസലറുടെ നിലപാട്.

ലൈബ്രേറിയൻ, എക്സിക്യൂട്ടീവ് എഞ്ചിനീയർ തസ്തികകളിലും സ്ഥിര നിയമനമില്ലാതെ ഒഴിഞ്ഞു കിടക്കുകയായിരുന്നു. എക്സിക്യൂട്ടീവ് എൻജിനീയർ തസ്തിക ഒഴിഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് മൂന്ന് വർഷമായി. പ്രധാന തസ്‌തികകളിൽ സ്ഥിരം നിയമനം നടത്താതെ അധ്യാപകർക്ക് അധിക ചുമതല നൽകുന്നത് പഠനത്തെ ബാധിക്കുന്നു എന്ന് വിദ്യാർത്ഥികൾ പരാതിപ്പെട്ടിരുന്നു. എത്രയും വേഗം സ്ഥിരം നിയമനം നടത്തി പ്രശ്നം പരിഹരിക്കണമെന്ന ആവശ്യം ശക്തമായതിന് പിന്നാലെയാണ് പ്രധാന തസ്തികകളിൽ നിയമന നടപടി തുടങ്ങിയിരിക്കുന്നത്.