കനത്തമഴയിലും കാറ്റിലും സംസ്ഥാനത്ത് വ്യാപക നഷ്ടം; ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Aug 7, 2020, 6:58 PM IST
Highlights

കാറ്റിലും മഴയിലും നിരവധി വീടുകള്‍ തകര്‍ന്നു. മരങ്ങള്‍ കടപുഴകി വീഴുന്നത് മൂലം വൈദ്യുതി ലൈനുകള്‍ക്കും തകരാര്‍ സംഭവിച്ചിട്ടുണ്ട്. 

തിരുവനന്തപുരം: വരും ദിവസങ്ങളിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ഉണ്ട്. ഇത് അപകട സാധ്യത കൂട്ടുന്നതാണ്. എല്ലാ ജില്ലകളിലും പോലീസിന് ജാഗ്രത നിർദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കനത്ത മഴയിലും കാറ്റിലും സംസ്ഥാനത്ത് വ്യാപക നാശനഷ്ടമുണ്ടായി. മഴക്കെടുതി നേരിടാന്‍ ദേശീയ ദുരന്ത പ്രതികരണ സേനയുടെ സേവനം തേടിയിട്ടുണ്ട്. നദികള്‍ക്ക് സമീപം താമസിക്കുന്നവരും ചെരിഞ്ഞ പ്രദേശങ്ങളില്‍ താമസിക്കുന്നവരും ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കനത്ത മഴയില്‍ തിരുവനന്തപുരം ജില്ലയില്‍ നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ട്. കടല്‍ക്ഷോഭത്തില്‍ പൂന്തുറയില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. പമ്പ, അച്ചന്‍ കോവിലാര്‍ എന്നിവയിലെ ജലനിരപ്പ് ഉയരുകയാണ്. പ്രധാന ഡാമുകളിലെ ജല നിരപ്പിൽ ആശങ്ക ഇല്ലെന്നും സംഭരണ ശേഷിയുടെ പകുതി വെള്ളം മാത്രമാണ് ഉള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

47 വീടുകൾ തിരുവനന്തപുരത്ത് ഭാഗികമായി തകർന്നു. രണ്ട് വീട് പൂർണ്ണമായും തകർന്നു. കൊല്ലത്ത് 125 ലേറെ വീടുകൾ ഭാഗികമായും ഒരു വീട് പൂർണ്ണമായും തകർന്നു. കുന്നത്തൂരിൽ നാശം കൂടുതൽ. അപകട മേഖലയിൽ കഴിയുന്നവരെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി. ജില്ലാ കളക്ട്രേറ്റിലും താലൂക്ക് ഓഫീസിലും കൺട്രോൾ റൂം ഒരുക്കി. കോട്ടയത്ത് നദികളിൽ ജലനിരപ്പ് ഉയർന്നു. എറണാകുളത്ത് തീരപ്രദേശങ്ങളിൽ കടലേറ്റം ശക്തം. കൊവിഡ് മാനദണ്ഡം പാലിച്ച് ക്യാംപുകൾ തുറന്നു. ചെല്ലാനത്ത് നീരൊഴുക്ക് സുഗമമാക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.  

കടൽവെള്ളം കയറുന്ന മേഖലകളിൽ നിന്ന് ആളുകളെ ക്യാംപിലേക്ക് മാറ്റും. സൗദി പള്ളിയുടെ സമീപത്ത് വീടുകൾക്ക് നാശനഷ്ടമുണ്ടായി. പെരിയാറിന്റെ തീരത്ത് കഴിയുന്നവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിത്താമസിപ്പിച്ചു. മലപ്പുറത്ത് ചാലിയാർ കരകവിഞ്ഞു. നിലമ്പൂരിൽ വെള്ളം കയറി. കടൽക്ഷോഭം പൊന്നാനിയിൽ രൂക്ഷമാണ്.മഴയോടൊപ്പം കടുത്ത കാറ്റുമുണ്ട്. മരങ്ങൾ കടപുഴകി വീഴാൻ കാരണമാകുന്നു. വൈദ്യുതി ലൈനുകൾക്കും വലിയ നാശനഷ്ടം ഉണ്ടായിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 

click me!