മഴ, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍; കാലവര്‍ഷക്കെടുതിയില്‍ വലഞ്ഞ് കേരളം

By Web TeamFirst Published Jul 19, 2019, 4:45 PM IST
Highlights

കണ്ണൂര്‍ യൂണിവേഴ്‍സിറ്റി ക്യാമ്പസിലും വെള്ളം കയറി. ഫയര്‍ഫോഴ്സ് എത്തിയാണ് അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയത്. 

കോഴിക്കോട്: വടക്കൻ കേരളത്തിലും തെക്കൻ കേരളത്തിലും മഴ ശക്തിയാര്‍ജ്ജിക്കുകയാണ്.  കനത്ത മഴയെ തുടര്‍ന്ന് പല സ്ഥലങ്ങളിലും ആളുകളെ ഇതിനോടകം തന്നെ മാറ്റിപ്പാര്‍പ്പിച്ചു. വടക്കൻ കേരളത്തിന്‍റെ പലഭാഗങ്ങളിലും മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്.  കനത്ത മഴയില്‍ കോഴിക്കോട് നഗരത്തിൽ പലയിടത്തും വെള്ളംകയറി. മാവൂര്‍റോഡ് ആറ് മണിക്കൂറിലേറെ വെള്ളത്തിനടിയിലായി. രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഇപ്പോഴും. ചക്കിട്ടപാറയയിൽ ഇന്നലെ രാത്രി നേരിയ ഉരുൾപൊട്ടലുണ്ടായെങ്കിലും  കാര്യമായ നാശനഷ്ടങ്ങളില്ല.

കണ്ണൂര്‍ യൂണിവേഴ്‍സിറ്റി ക്യാമ്പസിലും വെള്ളം കയറി. ഫയര്‍ഫോഴ്സ് എത്തിയാണ് അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയത്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും മഴ തുടരുകയാണ്. പമ്പയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ശബരിമല തീര്‍ത്ഥാടകര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

പമ്പാ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ നടപ്പന്തല്‍വരെ വെള്ളം കയറി. ആറാട്ട് കടവ് മുങ്ങി. സുരക്ഷ കണക്കിലെടുത്ത് കൂടുതല്‍ അഗ്നിശമനസേന അംഗങ്ങളെ പമ്പയില്‍ നിയോഗിച്ചിട്ടുണ്ട്. വാഗമൺ ഈരാറ്റുപേട്ട റോഡില്‍ മണ്ണിടിഞ്ഞ് ഏറെ നേരം ഗതാഗതം തടസപ്പെട്ടിരുന്നു. ഇടുക്കിയില്‍അഞ്ച് താലൂക്കുകളിലും കൺട്രോൾ റൂം തുറന്നു. ഉടുമ്പന്‍ചോലയില്‍  നിരവധി കുടുംബങ്ങളെ മാറ്റിപാർപ്പിച്ചിട്ടുണ്ട്. 

ഇടുക്കിയിലെ പല സ്ഥലങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകൾക്കായി ഓഡിറ്റോറിയങ്ങളും സ്‍കൂളുകളും കണ്ടെത്തിയിട്ടുണ്ട്. ഇവിടേക്ക് ആവശ്യമായ ഭക്ഷണസാമഗ്രികളും മരുന്നും മറ്റും തയ്യാറാണ്. വാഗമൺ ഈരാറ്റുപേട്ട റോഡില്‍ മണ്ണിടിഞ്ഞ് ഏറെ നേരം ഗതാഗതം തടസപ്പെട്ടിരുന്നു. ഇടുക്കിയില്‍ ഉടുമ്പന്‍ചോല പുളിയൻമല എന്നിവിടങ്ങളിലും റോഡിലേക്ക് മരം വീണ് ഗതാഗതം തടസപ്പെട്ടിരുന്നു. അതേസമയം ഡാമുകളില്‍ കാര്യമായി ജലനിരപ്പ് ഉയർന്നിട്ടില്ല.

click me!