അടുത്ത രണ്ട് ദിവസം നിര്‍ണായകം, ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

By Web TeamFirst Published Aug 7, 2020, 4:19 PM IST
Highlights

ഇന്നും നാളെയും മലയോര പ്രദേശങ്ങളില്‍ തീവ്രമഴയ്ക്ക് സാധ്യതയുണ്ട്. പുഴകള്‍ കരകവിയാനും മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. 

തിരുവനന്തപുരം: കേരളത്തിൽ രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അടുത്ത രണ്ട് ദിവസം കൂടി കേരളം ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് എന്നീ ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം ഒഴികെയുള്ള മറ്റ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ തിങ്കളാഴ്ചയോടെ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുമെങ്കിലും കേരളത്തെ കാര്യമായി ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂമര്‍ദ്ദം ഒഡിഷ, ഗുജറാത്ത് തീരം കടന്ന് ഒമാനിലേക്ക് നീങ്ങുകയാണ്. ഇതാണ് കേരളത്തില്‍ കനത്ത മണ്‍സൂണ്‍ പ്രവാഹത്തിന് വഴിവെച്ചിരിക്കുന്നത്. 24 മണിക്കൂറിനിടെ 297 മി.മി. മഴയാണ് ഇടുക്കിയില്‍ പെയ്തത്. ഇന്നും നാളെയും മലയോര പ്രദേശങ്ങളില്‍ തീവ്രമഴയ്ക്ക് സാധ്യതയുണ്ട്. പുഴകള്‍ കരകവിയാനും മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശ്ശൂർ, പാലക്കാട്, വയനാട് ജില്ലകളിലാണ് റെഡ് അലർട്ട്.  

ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ ചക്രവാതച്ചുഴി രൂപ്പപ്പെടും. തിങ്കളാഴ്ചയോടെ ഒഡിഷയുടെ കിഴക്കായി ഇത് പുതിയ ന്യൂനമര്‍ദ്ദമായി മാറും. ആന്ധ്രതീരത്തെക്കെത്തി ഇത് ദുര്‍ബലമാകാനാണ് സാധ്യത. അന്തരീക്ഷ ഘടകങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ ഉണ്ടായതുപോലെ പ്രളയസാധ്യത കേരളത്തില്‍ നിലനില്‍ക്കുന്നില്ല. തിങ്കളാഴ്ചയോടെ കേരളത്തില്‍ മഴ കുറയാനാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

click me!