കൊട്ടിഘോഷിച്ച ഇരട്ട എൻജിൻ ഹെലികോപ്റ്റര്‍ നോക്കുകുത്തി; വ്യോമസേനയുടെ സഹായം തേടി മുഖ്യമന്ത്രി

By Web TeamFirst Published Aug 7, 2020, 4:18 PM IST
Highlights

ഇരുപത് മണിക്കൂര്‍ പറക്കാന്‍ ഒരു കോടി നാല്‍പ്പത് ലക്ഷം രൂപ നിരക്കിൽ കേന്ദ്ര സ്ഥാപനമായ പവന്‍ഹന്‍സില്‍ നിന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തത്.

തിരുവനന്തപുരം: രാജമല ഉരുൾപൊട്ടലിൽ കേരളം വിറങ്ങലിച്ചുനിൽക്കുമ്പോൾ കോടികള്‍ മുടക്കി സംസ്ഥാന സർക്കാർ വാടകക്ക് എടുത്ത ഹെലികോപ്റ്റ‍ർ നോക്കുകുത്തി. മഴയും കാറ്റുമുളളപ്പോള്‍ ഹെലികോപ്റ്റർ പറക്കാനാകില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. രാജമലയിലെ രക്ഷാദൗത്യത്തിന് വ്യോമസേനയുടെ ഹെലികോപ്റ്റർ മുഖ്യമന്ത്രി ആവശ്യപ്പെട്ടതോടെ സംസ്ഥാനം വാടകക്ക് എടുത്ത ഹെലികോപ്റ്ററിനെ ചൊല്ലി വിവാദം മുറുകുകയാണ്.  

ഇരുപത് മണിക്കൂര്‍ പറക്കാന്‍ ഒരു കോടി നാല്‍പ്പത് ലക്ഷം രൂപ നിരക്കിൽ കേന്ദ്ര സ്ഥാപനമായ പവന്‍ഹന്‍സില്‍ നിന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തത്. സാമ്പത്തിക പ്രതിസന്ധിക്കിടെ ഹെലികോപ്റ്ററിനായി വലിയ തുക ചെലവാക്കാനുളള നീക്കം വലിയ വിവാദത്തിനിടയാക്കിയിരുന്നു. മാവോയിസ്റ്റ് ആക്രമണങ്ങളെ നേരിടാനും ഒപ്പം പ്രകൃതി ദുരന്തങ്ങളുടെ ഘട്ടത്തിൽ ഉപയോഗിക്കാമെന്ന വാദമുയര്‍ത്തിയാണ് അന്ന്   മുഖ്യമന്ത്രിയടക്കം ഉള്ളവർ വിമര്‍ശനങ്ങളെ നേരിട്ടത്. 11 സീറ്റുള്ള ഇരട്ട എഞ്ചിൻ കോപ്റ്ററിന്‍റെ മികവുകളെ കുറിച്ച് സർക്കാർ പുകഴ്ത്തി പറയുകയും ചെയ്തിരുന്നു.

പക്ഷെ രാജമലയിലെ ഉരുൾപൊട്ടലിൽ രക്ഷാദൗത്യം ദുഷ്ക്കരമാകുമ്പോൾ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന ഹെലികോപ്റ്റർ ചാക്ക രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയിൽ വിശ്രമത്തിലാണ്. മഴയും കാറ്റുമുളളപ്പോള്‍ പറക്കാനുളള ശേഷി  ഹെലികോപ്റ്ററിനില്ലെന്നാണ് ഇപ്പോഴത്തെ വിശദീകരണം. പ്രതികൂലാ കാലാവസ്ഥയിൽ സേനാ ഹെലികോപ്റ്ററിന് പോലും പറക്കാനാകില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു.

ഇത്തരം സ്ഥിതിയിൽ ഉപയോഗിക്കാനായില്ലെങ്കിൽ എന്തിനാണ് വൻ തുകക്ക് ഹെലികോപ്റ്റർ എന്ന വിമർശനങ്ങളും ഉയര്‍ന്നു കഴിഞ്ഞു. ദുരന്തമുഖത്ത് എത്താനായില്ലെങ്കിലും സമീപത്തെ സുരക്ഷിത സ്ഥാനത്ത് എത്തി അനുബന്ധ രക്ഷാ ദൗത്യത്തിന് പോലും ഹെലികോപ്റ്റർ ഉപയോഗിക്കുന്നില്ലെന്നതും വിചിത്രം. ഒന്നര കോടി മുൻകൂറായി നൽകിയാണ് ഹെലികോപ്റ്റർ കൊണ്ടുവന്നത്.  ആറുകോടിയുടെ ബില്ലാണ് കമ്പനി സർക്കാറിന് അടുത്തിടെ നൽകിയത്.

രണ്ട് തവണ അവയവമാറ്റ ശസ്ത്രക്രിയക്കായി ഹെലികോപ്റ്റർ ഉപയോഗിച്ചിരുന്നു.  ഒരിക്കൽ മാവോയിസ്റ്റ് വേട്ടക്കെന്ന പേരിൽ കോഴിക്കോടേക്കും  പറന്നു. പിന്നെ മണലെടുക്കൽ തർക്കം പരിഹരിക്കാനുള്ള ചീഫ് സെക്രട്ടറിയുടെ വിവാദ പമ്പാ യാത്രയും മാത്രം. കോടികൾ പൊടിയുമ്പോൾ അവശ്യകാലത്ത് നോക്കുകുത്തി.

click me!