
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു. കനത്ത മഴയിൽ പത്തനംതിട്ട തൂമ്പാക്കുളത്ത് ഉരുൾപൊട്ടി. തേക്കുതോട് കൊച്ചുപാലം മുങ്ങി. പമ്പയിലും കക്കട്ടാറിലും ജലനിരപ്പ് ഉയർന്നിരിക്കുകയാണ്. വാഗമണ്ണിൽ കോലാഹല മേട്ടിൽ വീടിന് മുകളിൽ മണ്ണിടിച്ചിലുണ്ടായി. ഒരാൾ പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണ്. കൊക്കയാറിൽ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. ഇടുക്കി കുടയത്തൂർ അടൂർ മലയിലും മണ്ണിടിച്ചിലിലുണ്ടായിട്ടുണ്ട്. അടൂർമല സ്വദേശി രവിയുടെ വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞത്. രവിയുടെ ഭാര്യ സുമതി വീടിനുള്ളിൽ അകപ്പെട്ടിരിക്കുകയാണ്. ഏലപ്പാറ ചെമ്മണ്ണ് ഭാഗത്തും വീടിന് മുകളിൽ മണ്ണിടിഞ്ഞിട്ടുണ്ട്. ഇവിടെയും ഒരാൾ കുടുങ്ങിയെന്നാണ് വിവരം. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
കോട്ടയത്തിന്റെ കിഴക്കൻ മേഖലയിൽ ശക്തമായ മഴയാണ്. മുണ്ടക്കയം കോസ് വേയിൽ വെള്ളം കയറി മുങ്ങി. കൂട്ടിക്കലിൽ ചില വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളിയിലുംപാറത്തോട്ടിലും നിരവധിയിടങ്ങളിൽ വെള്ളം കയറി. എരുമേലി വലിയമ്പലത്തിൽ വെള്ളം കയറി. പാലാ ഈരാറ്റുപേട്ട റോഡിൽ മൂന്നാനിയിൽ റോഡിലും ഈരാറ്റുപേട്ട, നടക്കൽ, മുരിക്കോരി ഭാഗങ്ങളിൽ വെള്ളം കയറി. ഈരാറ്റുപേട്ട വാഗമൺ റോഡിൽ മണ്ണിടിഞ്ഞു ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. തണ്ണിത്തോട് ഭാഗത്തും നദിയിൽ ക്രമാതീതമായി ജലനിരപ്പുയർന്നു.
ഇടുക്കി ഏലപ്പാറയിലും വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ആളുകളെ മാറ്റി പാർപ്പിച്ചു. ഈരാറ്റുപേട്ട വാഗമൺ റോഡിൽ പലയിടത്തും മണ്ണിടിച്ചിൽ ഉണ്ടായി. വാഹനഗതാഗതം പൂർണമായും സ്തംഭിച്ചു. കോട്ടയം കൂട്ടിക്കൽ പഞ്ചായത്തിലെ കൊടുങ്ങ, വഴിക്കടവ് ഭാഗങ്ങളിൽ ഉരുൾപൊട്ടി. ഈ പ്രദേശത്തെ ആളുകളെ മാറ്റി പാർപ്പിച്ചു. കൊടുങ്ങ കെ ആർ നാരായണൻ സ്മാരക സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്. തണ്ണിത്തോട് തേക്കുതോട് റോഡ് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. മണ്ണിടിച്ചിലിൽ മരങ്ങളും വീണിട്ടുണ്ട്.
ഇടുക്കി കുടയത്തൂർ അടൂർമലയിൽ മണ്ണിടിച്ചിലിൽ ഒരാൾ കുടുങ്ങിയതായി സംശയമുണ്ട്. അഗ്നിരക്ഷ സേനാ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിരിക്കുകയാണ്. ഉപ്പുതറ മത്തായിപ്പാറയിൽ പോലിസ് ജീപ്പിന് മുകളിൽ മണ്ണിടിഞ്ഞു വീണു പോലീസുകാർ വാഹനം നിർത്തി ഇറങ്ങിയതിനാൽ ആർക്കും പരിക്ക് ഇല്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam