
കാസര്‍കോട്: കനത്ത മഴയെ തുടർന്ന് കാസർകോട്ടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ഒറ്റപ്പെട്ട ആളുകളെ ഫയർഫോഴ്‍സും നാട്ടുകാരും ചേർന്നാണ് രക്ഷപ്പെടുത്തിയത്. ജില്ലയിൽ ഇന്നും റെഡ് അലർട്ട് തുടരും. കാഞ്ഞങ്ങാട് , അരയി, പനങ്ങാട്, പുല്ലൂർ പെരിയ, അണങ്കൂർ പ്രദേശങ്ങളിലാണ് വെള്ളം കൂടുതലായി ഉയർന്നത്. തോടും പുഴകളും കര കവിഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ഒറ്റപ്പെട്ടു. അഗ്നിശമനസേന സേനാംഗങ്ങളും നാട്ടുകാരും ചേർന്നാണ് വയോധികരടക്കമുള്ളവരെ വീടുകളിൽ നിന്നും മാറ്റിയത്.
സ്ഥലം സന്ദർശിച്ച റവന്യു വകുപ്പ് ഉദ്യോഗസ്ഥർ വീട്ടുകാരോട് മാറിതാമസിക്കുവാൻ ആവശ്യപ്പെട്ടു. താത്കാലിക ദുരിതാശ്വസ ക്യാമ്പുകളും ഒരുക്കിയിട്ടുണ്ട്. വെള്ളമുയർന്നതോടെ കാഞ്ഞങ്ങാട് മടിക്കൈ റോഡ് താല്‍ക്കാലികമായി അടച്ചു. മലയോരത്ത് ചെറിയ തോതിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലുണ്ട്. കടലും പ്രക്ഷുബ്ധമാണ്. നാളെയും മഴ തുടർന്നാൽ ദുരിതങ്ങളുമേറുമെന്ന ആശങ്കയിലാണ് അധികൃതരും നാട്ടുകാരും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam