
ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡിക്കൊലപാതകം നടന്നിട്ട് ഇന്നേക്ക് ഒരുമാസം. രാജ്‍കുമാറിനെ കസ്റ്റഡിയിൽ മർദ്ദിച്ച നാല് പൊലീസുകാരെ അറസ്റ്റ് ചെയ്തെങ്കിലും ഉന്നതരെ രക്ഷിക്കാൻ ശ്രമം നടക്കുന്നുവെന്നാണ് ആരോപണം. ആരോപണ വിധേയനായ ഇടുക്കി മുൻ എസ്‍പിയെ ചോദ്യം ചെയ്യാൻ പോലും അന്വേഷണസംഘം തയ്യാറായിട്ടില്ല.
കഴിഞ്ഞമാസം 21നാണ് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി വാഗമണ്‍ സ്വദേശി രാജ്‍കുമാർ പീരുമേട് സബ് ജയിലിൽ മരിച്ചത്. ഹൃദയാഘാതം മൂലമാണ് മരണമെന്ന് പൊലീസ് വരുത്തിതീർക്കാൻ ശ്രമിച്ചെങ്കിലും കുടുംബം പരാതിയുമായി രംഗത്തെത്തിയതോടെ വിഷയം പ്രതിപക്ഷം ഏറ്റെടുത്തു. ഇതിനിടെ രാജ്‍കുമാറിന്‍റെ മൃതദേഹത്തിൽ 22 പരിക്കുകൾ ഉണ്ടെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടും പുറത്ത് വന്നു. ഇതോടെ നെടുങ്കണ്ടത്തേത് കസ്റ്റഡിക്കൊലയെന്ന് ആരോപിച്ച് പ്രതിപക്ഷം പലകുറി നിയമസഭ സ്തംഭിപ്പിച്ചു.
ഭരണകക്ഷിയായ സിപിഐ കൂടി പ്രതിഷേധം അറിയിച്ചതോടെ കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. അന്വേഷണത്തിൽ നെടുങ്കണ്ടം സ്റ്റേഷനിൽ വച്ച് രാജ്‍കുമാറിന് ക്രൂരമർദ്ദനമേറ്റെന്ന് കണ്ടെത്തി. ഈർക്കിൽ പ്രയോഗവും, മുളക് പ്രയോഗവും അടക്കമുള്ള മൂന്നാംമുറകളാണ് പൊലീസുകാർ രാജ്‍കുമാറിന് മേൽ പ്രയോഗിച്ചത്. ഇതോടെ നെടുങ്കണ്ടം എസ്‍ഐ സാബു അടക്കം നാല് പൊലീസുകാരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.
എന്നാൽ മുൻ എസ്പി കെ ബി വേണുഗോപാലിന്‍റെ നിർദ്ദേശപ്രകാരമാണ് രാജ്‍കുമാറിനെ കസ്റ്റഡിയിൽ എടുത്തതെന്ന് എസ് ഐ സാബു കോടതിയെ അറിയിച്ചു. ആദ്യഘട്ടത്തിൽ നല്ലരീതിയിൽ പോയിരുന്ന അന്വേഷണം കേസിലെ ഉന്നതരുടെ പങ്ക് വെളിവായതോടെ മന്ദഗതിയിലായി. കുടുംബത്തിന്‍റെ ആവശ്യപ്രകാരം സർക്കാർ പ്രഖ്യാപിച്ച ജുഡിഷ്യൽ അന്വേഷണം പ്രാരംഭഘട്ടത്തിൽ മാത്രമാണ്. എസ്‍പി അടക്കമുള്ള ഉന്നതരെ എപ്പോൾ കമ്മീഷൻ വിസ്തരിക്കുമെന്ന് ഒരു വ്യക്തതയില്ല. രാജ്‍കുമാർ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസിന്‍റെ അന്വേഷണവും ഏങ്ങുമെത്തിയിട്ടില്ല
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam