ദുരിതപ്പെയ്ത്ത് തുടരുന്നു; ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

By Web TeamFirst Published Aug 8, 2020, 4:53 PM IST
Highlights

നാളെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. ഇത് കേരളത്തെ ബാധിക്കാന്‍ സാധ്യതയില്ലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. 

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് ജില്ലകളില്‍ അതിതീവ്രമഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലർട്ട് നല്‍കിയിരിക്കുന്നത്. ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടായിരിക്കും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടാണ്.

കേരള തീരത്ത് കാറ്റിന്‍റെ വേഗം 60 കി.മി. വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. നാളെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. ഇത് കേരളത്തെ ബാധിക്കാന്‍ സാധ്യതയില്ലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, മണ്ണിടിച്ചിൽ ദുരന്തമുണ്ടായ രാജമലയിൽ മരിച്ചവരുടെ എണ്ണം 24 ആയി. മരിച്ച എല്ലാവരുടെയും പോസ്റ്റ്മോർട്ടങ്ങളും ഇന്ന് തന്നെ പൂർത്തിയാക്കാനാണ് ശ്രമിക്കുന്നതെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ അറിയിച്ചു. മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകണമെന്ന് ബന്ധുക്കൾ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിൽ എല്ലാവരുടെയും സംസ്കാരം പെട്ടിമുടിയിൽ തന്നെ നടത്തുമെന്നും തെരച്ചിലിനായി 50 അംഗ അഗ്നിശമന സേന സംഘം കൂടി വരുമെന്നും റവന്യൂ മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Also Read: രാജമല ദുരന്തം: മരണസംഖ്യ 24 ആയി, കൂടുതൽ പേരും മലവെള്ളത്തിൽ ഒലിച്ചു പോയിരിക്കാൻ സാധ്യത

കനത്തമഴയിൽ കാസർകോട് തേജസ്വിനിപ്പുഴയും, ചന്ദ്രഗിരിപ്പുഴയും കരകവിഞ്ഞൊഴുകുന്നു. കയ്യൂർ, കരിന്തളം, ചെറുവത്തൂർ പഞ്ചായത്തുകളിലും നീലേശ്വരം നഗരസഭയിലുമായി തേജസ്വനി പുഴയുടെ ഇരുകരകളിലുമുള്ള താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഇരുന്നൂറോളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കുമായി മാറ്റിപ്പാർപ്പിച്ചു. നിലവിൽ ജില്ലയിൽ ആറ് ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. ചന്ദ്രഗിരിപ്പുഴ കരകവിഞ്ഞതോടെ തളങ്കര കൊപ്പലിൽ വീടുകളിൽ വെള്ളം കയറി. അൻപതോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. തേജസ്വിനി പുഴയുടെ കരയില്‍ താമസിക്കുന്ന ചില വീട്ടുകാര്‍ റവന്യു അധികൃതരുടെ നിര്‍ദേശം അവഗണിച്ച് കൊണ്ട് ആ പ്രദേശങ്ങളില്‍ തുടരുന്നുണ്ടെന്നും ഇവര്‍ എത്രയും പെട്ടെന്ന് മാറിത്താമസിക്കണമെന്നും ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു അറിയിച്ചു.   

Also Read: മുന്നറിയിപ്പ് അവഗണിച്ച് തേജസ്വിനി പുഴയുടെ കരയിൽ താമസിക്കുന്നവർ, ഉടൻ മാറണമെന്ന് ജില്ലാ കളക്ടർ

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലയില്‍ രാത്രി കാലങ്ങളില്‍ മഴ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും സഹകരിക്കണമെന്നും കളക്ടർ അഭ്യർത്ഥിച്ചു. ഭീമനടി കൊന്നക്കാട് മണ്ണിടിച്ചിലിനെത്തുടർന്ന് മൂത്താടി കോളനിയിലെ അഞ്ച് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. തലക്കാവേരിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ കാണാതായവരെ മൂന്നാം ദിവസവും തിരച്ചിലിൽ കണ്ടെത്താനായില്ല. ക്ഷേത്ര പൂജാരിയും കാസർകോട് സ്വദേശിയും അടക്കം 7 പേരെയാണ് കാണാതായത്. ദേശീയ ദുരന്ത നിവാരണ സേനയും പൊലീസും ഫയർഫോഴ്‌സും അടക്കമുള്ളവരാണ് തിരച്ചിൽ തുടരുന്നത്. കാസർകോട് സീതാംഗോളിയിൽ കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. ഉദയഗിരി സ്വദേശി പ്രദീപാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് വൈദ്യുത പോസ്റ്റിൽ ജോലിക്കിടെ പ്രദീപിന് ഷോക്കേറ്റത്.

Also Read: കാസർകോട് കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു

മഴകുറഞ്ഞെങ്കിലും ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ, അപ്പർകുട്ടനാട് മേഖലകളിൽ  വെള്ളക്കെട്ട് രൂക്ഷമാണ്. വീടുകളിൽ വെള്ളം കയറിയതോടെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ചെങ്ങന്നൂർ താലൂക്കിലാണ് കൂടുതൽ ക്യാമ്പുകൾ. ആലപ്പുഴ ചങ്ങനാശ്ശേരി റോഡിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ കെഎസ്ആർടിസി സർവീസ് ഭാഗികമായി തടസ്സപെട്ടു. രാമങ്കരിയിൽ എസി കനാലിൽ കുളിക്കാനിറങ്ങിയ 70 കാരി സരസമ്മയെ കാണാതായി. ഫയർഫോഴ്സും പൊലീസും തെരച്ചിൽ തുടരുകയാണ്. ചേ‍ർത്തല പള്ളിപ്പുറത്ത് രണ്ടര വയസുകാരൻ നേതൻ തോട്ടിൽ വീണുമരിച്ചു.

Also Read: കൊങ്കൺ പാതയിൽ മഴയും മണ്ണിടിച്ചിലും ; നാല് ട്രെയിനുകൾ റദ്ദാക്കി

കോട്ടയം നഗരത്തിന്റെ വിവിധഭാഗങ്ങളിൽ വെള്ളം കയറുന്നു. ഇല്ലിക്കൽ, താഴത്തങ്ങാടി, കാരാപ്പുഴ, തിരുവാർപ്പ്, കുമരകം ഭാഗങ്ങളിൽ വെള്ളംകയറി. ചങ്ങനാശേരി നഗരസഭയിലെ വാഴപ്പിള്ളി പഞ്ചായത്ത് താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറുന്നു . ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി എൻഡിആർഎഫ് സംഘം ജില്ലയിൽ എത്തി. പല ഇടങ്ങളിലെയും ആളുകളെ മാറ്റി പാർപ്പിക്കുന്നു. കോട്ടയം ജില്ലയിൽ ഇതുവരെ 45 ക്യാമ്പുകൾ തുറന്നു. ആയിരത്തിലധികം പേർ ഇതിനോടകം ക്യാമ്പിലാണ്. വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ പാലായിലെ കടകളും വീടുകളും വൃത്തിയാക്കുകയാണ് പാലായിലെ നാട്ടുകാർ. ചെളിയും മണ്ണും വന്ന് കടകളും വീടിനകവും നിറഞ്ഞു. കൊവിഡിനിടെ എത്തിയ വെള്ളപ്പൊക്കം വലിയ നഷ്ടമാണ് പാലായിലെ വ്യാപാരികൾക്ക് ഉണ്ടാക്കിയത്. 

click me!