ടൗട്ടേ ചുഴലിക്കാറ്റിന്‍റെ പ്രഭാവം കുറഞ്ഞെങ്കിലും മഴയ്ക്ക് ശമനമില്ല; എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

By Web TeamFirst Published May 16, 2021, 1:51 PM IST
Highlights

 എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. 

തിരുവനന്തപുരം: സംസ്ഥാനത്ത് ടൗട്ടേ ചുഴലിക്കാറ്റിന്‍റെ പ്രഭാവം കുറഞ്ഞെങ്കിലും പല ജില്ലകളിലും മഴ തുടരുന്നു. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച അലർട്ടിൽ മാറ്റം വരുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. 

തിരുവനന്തപുരത്ത് ഇടവിട്ടുള്ള ശക്തമായ മഴയും കാറ്റും കടൽക്ഷോഭവും തുടരുകയാണ്. തകർന്ന ശംഖുമുഖം - എയർപോർട്ട് റോഡിൽ യാത്രാവിലക്ക് ഏർപ്പെടുത്തി. ജില്ലയിൽ  പ്രതീക്ഷിക്കാത്ത മേഖലകളിൽ പോലും കടലാക്രമണമുണ്ടായെന്ന് മന്ത്രി  കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പത്തനംതിട്ടയിലും കൊല്ലത്തും താരതമ്യേന തെളിഞ്ഞ കാലാവസ്ഥയാണ്.

വടക്കന്‍ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്. കടലാക്രമണത്തെ തുടര്‍ന്ന് നിരവധി വീടുകള്‍ തകര്‍ന്നു. പലയിടത്തും തീരദേശ റോഡുകള്‍ ഒലിച്ചു പോയി. ബേപ്പൂരില്‍ നിന്ന് പോയ മത്സ്യബന്ധന ബോട്ടിനെക്കുറിച്ച് വിവരമില്ല. തെരച്ചിലിനായി കോസ്റ്റ്ഗാര്‍ഡിന്‍റെ സഹായം തേടി. തുടര്‍ച്ചയായ മഴയ്ക്ക് ശമനമൊന്നുമില്ല. കടല്‍ പ്രക്ഷുബ്ധമാണ്. തീരങ്ങളില്‍ ദുരിതം തുടരുകയാണ്. നിരവധി വീടുകള്‍ക്കാണ് കടല്‍ക്ഷോഭത്തില്‍ കേടുപാടുകള്‍ സംഭവിച്ചത്. ബേപ്പൂരില്‍ നിന്ന് അഞ്ചാം തീയതി മത്സ്യ ബന്ധനത്തിന് പോയ അജ്മീര്‍ ഷാ എന്ന ബോട്ടിനെക്കുറിച്ച് വിവരമൊന്നുമില്ല. തെരച്ചിലിനായി കോസ്റ്റ്ഗാര്‍ഡിന്‍റെ സഹായം തേടി.

ബേപ്പൂരില്‍ നിന്ന് പോയ മീലാദ് 3 എന്ന മത്സ്യബന്ധന ബോട്ട് തകരാറിലായതിനെ തുടര്‍ന്ന് ഗോവന്‍ കടലില്‍ കുടുങ്ങിക്കിടക്കുന്നു. തീരത്ത് നിന്ന് ഏഴ് നോട്ടിക്കല്‍ മൈല്‍ അകലെയാണ് ബോട്ടുള്ളത്. വടകര അഴിത്തല മുതല്‍ കുരിയാടി വരെ നാല് കിലോമീറ്റര്‍ കരിങ്കല്‍ ഭിത്തി താഴ്ന്നുപോയി. പ്രദേശത്ത് നൂറോളം വീടുകള്‍ക്ക് കേടുപാടുകളുണ്ട്. കാപ്പാട് തീരദേശ റോഡ് തകര്‍ന്നു. അതുകൊണ്ട് തന്നെ ശ്മശാനത്തിലേക്ക് മൃതദേഹങ്ങള്‍ എത്തിക്കാന്‍ പറ്റാത്ത സ്ഥിതിയാണിപ്പോള്‍.

കാസര്‍ക്കോട് ജില്ലയില്‍ മഴയുടെ ശക്തി കുറഞ്ഞെങ്കിലും കടലാക്രമണം രൂക്ഷം. ഷിറിയ കടപ്പുറം, വലിയപറമ്പ് എന്നിവിടങ്ങളില്‍ നിന്നായി 523 പേരെ ബന്ധു വീടുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. കണ്ണൂര്‍ പഴശി ഡാമിന്‍റെ ഷട്ടറുകള്‍ ഭാഗികമായി തുറന്നു. ചെങ്ങളായി, വളപട്ടണം, ബാവലി പുഴകളില്‍ ജലനിരപ്പ് ഉയരുകയാണ്. പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്ററിന്‍റെ നാല് ഷട്ടറുകള്‍ തുറന്നു. വയനാട്ടിലെ ബാണാസുര, കാരാപ്പുഴ ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നു.

പാലക്കാട് ജില്ലയിലെ ആനക്കര കുമ്പിടി ഉമ്മത്തൂരില്‍ റോഡരികിലെ പഞ്ചായത്ത് കിണര്‍ മഴയില്‍ ഇടിഞ്ഞ് താഴ്ന്നു. വയനാട്ടിലെ പേരിയയില്‍ വീടിന് മുകളിലേക്ക് മരം വീണ് കുട്ടിക്ക് പരിക്കേറ്റു. മഴയും കടല്‍ക്ഷോഭവും തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം മൂന്നില്‍ നിന്ന് എട്ടാക്കി ഉയര്‍ത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 200 മില്ലിമീറ്ററില്‍ അധികം മഴയാണ് വടക്കന്‍ കേരളത്തിലെ മിക്ക ജില്ലകളിലും ലഭിച്ചത്.
 

click me!