Published : Aug 08, 2019, 10:26 AM ISTUpdated : Aug 09, 2019, 08:06 AM IST

പേമാരി: ഇന്ന് മാത്രം മരണം എട്ട്: ആശങ്കയൊഴിയുന്നില്ല; രക്ഷാപ്രവർത്തനം ഊർജ്ജിതം - Live Updates

Summary

മഴക്കെടുതികളിൽ സംസ്ഥാനത്ത് നാലു പേര്‍ മരിച്ചു. മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും വ്യാപകമാണ്.  

പേമാരി: ഇന്ന് മാത്രം മരണം എട്ട്: ആശങ്കയൊഴിയുന്നില്ല; രക്ഷാപ്രവർത്തനം ഊർജ്ജിതം - Live Updates

08:32 AM (IST) Aug 09

സൈനിക സഹായം ലഭിക്കും; കാലവര്‍ഷക്കെടുതി നേരിടാന്‍ നേരത്തെ ഒരുങ്ങിയെന്ന് റവന്യൂ മന്ത്രി

കാലവര്‍ഷക്കെടുതിയെ നേരിടാന്‍ കേരളം സര്‍വ സജ്ജമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. മേയ് മാസത്തില്‍ തന്നെ കാലവര്‍ഷക്കെടുതി മുന്‍കൂട്ടി കണ്ട് നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. 2018ലെ പ്രളയത്തിന്‍റെ അനുഭവത്തിലാണ് മുന്നൊരുക്കം നടത്തിയത്. കേരളം ആവശ്യപ്പെട്ട ദേശീയ ദുരന്ത നിവാരണ സേനയുടെ അഞ്ച് ബാച്ചുകള്‍ ഉടന്‍ സംസ്ഥാനത്തെത്തുമെന്നും മന്ത്രി പറഞ്ഞു.

08:12 AM (IST) Aug 09

മാതമംഗലം - പയ്യന്നൂർ ഗതാഗതം നിലച്ചു

റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് കണ്ണൂർ ജില്ലയിലെ മാതമംഗലം-പയ്യന്നൂർ റൂട്ടിൽ ഗതാഗതം നിലച്ചു

08:10 AM (IST) Aug 09

പുഴയിലേക്ക് അണക്കെട്ടിൽ നിന്ന് കൂടുതൽ വെള്ളം ഒഴുകും

ചാലക്കുടി പുഴയിലേക്ക് പൊരിങ്ങൽകുത്ത് ഡാമിൽ നിന്നും കൂടുതൽ വെള്ളം ഒഴുകും എന്നും അധികൃതർ അറിയിച്ചിട്ടുണ്ട്

08:10 AM (IST) Aug 09

പെരിയാർ, മൂവാറ്റുപുഴയാർ തീരത്തുള്ളവർ ശ്രദ്ധിക്കുക

മഴ തുടരുന്നതിനാൽ ഭൂതത്താൻകെട്ട്, മലങ്കര അണക്കെട്ടുകളുടെ എല്ലാ ഷട്ടറുകളും തുറന്നു വെച്ചിരിക്കുകയാണ് പെരിയാറിന്റെയും മൂവാറ്റുപുഴയാറിന്റെയും തീരത്തുള്ളവർ ശ്രദ്ധിക്കണം.

08:09 AM (IST) Aug 09

ചാലക്കുടി ഭാഗത്തുള്ളവർ ജാഗ്രത പാലിക്കണം

പറമ്പിക്കുളത്ത് നിന്ന് ആളിയാറിലേക്ക് വെള്ളം തുറന്നു വിടുന്ന കനാലിൽ തടസം നേരിട്ട സാഹചര്യത്തിൽ, തുറന്നു വിട്ട വെള്ളം പൊരിങ്ങൽകുത്ത് ഡാമിലേക്ക് എത്തും. 400 ക്യുസക്സ് വെള്ളം 2 മണിക്കൂറിനുള്ളിൽ പൊരിങ്ങൽകുത്തിലും മൂന്നര മണിക്കൂറിനുള്ളിൽ ചാലക്കുടിയിലും എത്തും. തീരവാസികൾ ജാഗ്രത പാലിക്കണം.

08:04 AM (IST) Aug 09

വിലങ്ങാട് ഉരുൾപൊട്ടി ഒരു കുടുംബത്തിലെ നാല് പേർ മണ്ണിനടിയിൽ കുടുങ്ങി

വിലങ്ങാട് ഉരുൾപൊട്ടി ഒരു കുടുംബത്തിലെ നാല് പേർ മണ്ണിനടിയിൽ കുടുങ്ങി. 

07:36 AM (IST) Aug 09

കലിതുള്ളി പേമാരി: ഇന്ന് ആകെ മരണം ഏഴായി

വയനാട് പുത്തുമലയിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം എടവണ്ണയിൽ കുടുംബത്തിലെ നാല് പേർ വീട് തകർന്ന് വീണ് മരിച്ചിരുന്നു. കുറ്റ്യാടിപുഴയിൽ ഇന്നലെ കാണാതായ രണ്ടുപേരുടെ മരണവും ഇന്ന് സ്ഥിരീകരിച്ചു.

07:34 AM (IST) Aug 09

മലപ്പുറത്ത് വീട് തകർന്ന് മണ്ണിനടിയിലായ നാല് പേർ മരിച്ചു

മലപ്പുറം എടവണ്ണ ഒതായിയിൽ വീട് തകർന്ന് മണ്ണിനടിയിൽ കുടുങ്ങിയ നാല് പേരും മരിച്ചതായി റിപ്പോർട്ട്

07:28 AM (IST) Aug 09

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപെട്ടവർ മരിച്ചു

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ രണ്ട് പേരും മരിച്ചതായി വിവരം.

07:27 AM (IST) Aug 09

വീടുകളിൽ വെള്ളംകയറി; ചാലക്കുടിയിൽ നാല് ക്യാംപുകൾ തുറന്നു

ചാലക്കുടി പുഴയോരം ഭാഗത്ത് വീടുകളിൽ വെള്ളം കയറി. ചാലക്കുടിയിൽ നാലു ക്യാമ്പുകൾ തുറന്നു

07:24 AM (IST) Aug 09

മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇന്ന് അഞ്ച് മരണം

മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇന്ന് അഞ്ച് പേർ മരിച്ചതായി വിവരം. ഇന്നലെ പത്ത് പേരാണ് മരിച്ചത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 15 ആയി. അതേസമയം വയനാട്ടിലെ മേപ്പാടിയിലടക്കം നിരവധി പേരെ കാണാതായിട്ടുണ്ട്.

07:13 AM (IST) Aug 09

കോട്ടയം റൂട്ടിലും റെയിൽപാളത്തിൽ മരംവീണു

ഏറ്റുമാനൂർ - കോട്ടയം റെയിൽവേ പാതയിൽ മരം വീണതിനാൽ ട്രെയിൻ വൈകി ഓടുന്നു

07:05 AM (IST) Aug 09

ദേശീയ ദുരന്ത പ്രതികരണ സേന നിലമ്പൂരിൽ

കനത്ത മഴയും മണ്ണിടിച്ചിലും കാരണം ഒറ്റപ്പെട്ട നിലമ്പൂരില്‍ രക്ഷാപ്രവര്‍ത്തനം നടത്താനായി ദേശീയ ദുരന്ത പ്രതികരണ സേനയുടെ (എന്‍ഡിആര്‍എഫ്) എത്തി. രാവിലെ തന്നെ സേന രക്ഷാപ്രവര്‍ത്തനം തുടങ്ങും. നാടുകാണി ചുരത്തില്‍ കുടുങ്ങി കിടന്നവരെ ഇന്നലെ തന്നെ രക്ഷപ്പെടുത്തിയിരുന്നു. വിശദമായ വാർത്ത വായിക്കാം

06:58 AM (IST) Aug 09

രണ്ട് പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി

ആലപ്പുഴയിൽ റെയിൽപാളത്തിൽ മരംവീണ് ഗതാഗതം തടസ്സപ്പെട്ടതിനാൽ രണ്ട് പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി. എറണാകുളം- ആലപ്പുഴ  (56379)
ആലപ്പുഴ-എറണാകുളം പാസഞ്ചറുകളാണ് ഇന്ന് സർവ്വീസ് നടത്തില്ലെന്ന് റെയിൽവെ അധികൃതർ വ്യക്തമാക്കിയത്.

06:52 AM (IST) Aug 09

നെടുമ്പാശേരി വിമാനത്താവളം ഞായറാഴ്ച വരെ അടച്ചു

കൊച്ചി നെടുമ്പാശേരി വിമാനത്താവളം ഞായറാഴ്ച വരെ അടക്കുന്നുവെന്ന് സിയാൽ വക്താവ് അറിയിച്ചു. മഴ മാറിയാൽ ഞായറാഴ്ച വൈകിട്ട് മൂന്നിനേ വിമാനത്താവളം തുറക്കൂ.

06:50 AM (IST) Aug 09

കണ്ണൂർ നഗരത്തിൽ വെള്ളംകയറി; രക്ഷാപ്രവർത്തനം തുടരുന്നു

കണ്ണൂരിൽ നഗരത്തോട് ചേർന്ന പ്രദേശങ്ങൾ വരെ വെള്ളത്തിലാണ്. രാത്രി തുടങ്ങിയ രക്ഷ പ്രവർത്തനം ഇപ്പോഴു തുടരുകയാണ്.

06:49 AM (IST) Aug 09

ശിരുവാണി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു

ശിരുവാണി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാൽ ശിരുവാണി പുഴയുടെയും ഭവാനി പുഴയുടെയും തീരത്തുള്ളവർ അതീവ ജാഗ്രത പുലർത്തേണ്ടതാണ്.

06:48 AM (IST) Aug 09

ഇടുക്കിയിൽ റെഡ് അലർട്ട് തുടരുന്നു; 800 പേർ ക്യാംപുകളിൽ

ഇടുക്കി ജില്ലയിൽ റെ‍ഡ് അലർട്ട് തുടരുകയാണ്. ഇന്നലെ വൈകിട്ടോടെ ആരംഭിച്ച മഴ ഇപ്പോഴും ജില്ലയിൽ തുടരുകയാണ്. ഇന്നലെ രാത്രി പുതിയ അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മഴക്കെടുതിയിൽ ജില്ലയിൽ മൂന്ന് പേർ ഇന്നലെ മരിച്ചിരുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്‌ ഇടുക്കിയിൽ എത്തി. 5 താലൂക്കുകളിലായി 19 ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയിൽ തുറന്നിരിക്കുന്നത്. 800ഓളം പേർ ഈ ക്യാമ്പുകളിലുണ്ട്. വിശദമായ വാർത്ത വായിക്കാം

06:44 AM (IST) Aug 09

മൂന്നാറിൽ മഴ കുറഞ്ഞു

മൂന്നാറിൽ മഴ കുറഞ്ഞുവെന്നാണ് ഇവിടെ നിന്നും ലഭിക്കുന്ന വിവരം. എന്നാൽ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വെള്ളം പൂർണമായും ഇറങ്ങിയിട്ടില്ല

06:41 AM (IST) Aug 09

കേരളത്തില്‍ കനത്ത ജാഗ്രത; 14 ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ 14 ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ ഇന്ന് (ഓഗസ്റ്റ് 9 വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, എറണാകുളം, കോട്ടയം, തൃശ്ശൂര്‍, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കാസർകോട് ജില്ലകളില്‍ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. മഴ തുടര്‍ന്നതോടെ ഇന്ന് രാവിലെയാണ് തിരുവനന്തപുരത്തും കൊല്ലത്തും അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണല്‍ കോളേജുകള്‍ക്കും അംഗനവാടികള്‍ക്കും മദ്രസകള്‍ക്കും അവധി ബാധകമാണ്. വിശദമായ വാർത്ത വായിക്കാം

06:40 AM (IST) Aug 09

കോട്ടയം റൂട്ടിൽ വഴിതിരിച്ചുവിട്ട ട്രെയിനുകൾ

ആലപ്പുഴ-മാരാരിക്കുളം റൂട്ടിൽ മരംവീണ് വൈദ്യുതി ലൈനിൽ തടസ്സംനേരിട്ടതിനാൽ, ഗുരുവായൂർ-തിരുവനന്തപുരം ഇന്റർസിറ്റി (16841) ബാംഗ്ലൂർ - കൊച്ചുവേളി (16315) എന്നിവ എറണാകുളം-കോട്ടയം വഴി തിരിച്ചുവിടും.

06:38 AM (IST) Aug 09

ആലപ്പുഴയ്ക്കും- മാരാരിക്കുളത്തിനും ഇടയിൽ ട്രാക്കിൽ മരം വീണു; ട്രെയിൻ വൈകുന്നു

മരം വീണ് വൈദ്യുതി ലൈനിൽ തകരാർ സംവിച്ചതിനാൽ എറണാകുളം-ആലപ്പുഴ സെക്ഷനിൽ ട്രെയിൻ ഗതാഗതം വൈകുന്നു. മരം മുറിച്ചു മാറ്റിയിട്ടുണ്ട്. വൈദ്യുത ലൈനിന്റെ തകരാർ പരിഹരിക്കുന്ന ജോലി പുരോഗമിക്കുന്നു.

ഇപ്പോൾ വൈകുന്ന ട്രെയിനുകൾ ....
   

  • 16127 ഗുരുവായൂർ എക്‌സ്‌പ്രസ്
  • 16603 മാവേലി എക്‌സ്‌പ്രസ്
  • 13351 ധൻബാദ് ‌എക്‌സ്‌പ്രസ്
  • 12432 രാജധാനി എക്‌സ്‌പ്രസ്

06:35 AM (IST) Aug 09

ശക്തമായ കാറ്റില്‍ കുട്ടനാട്ടില്‍ വ്യാപകമായ നാശനഷ്ടം

എടത്വ, മുട്ടാര്‍ നീലംപേരൂര്‍ എന്നീ പഞ്ചായത്തുകളിലാണ് ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ ബാധിച്ചത്്. ഒരു വീട് പൂര്‍ണ്ണമായും ആറ് വീടുകള്‍ ഭാഗീകമായും തകര്‍ന്നുവെന്നാണ് റവന്യു അധികൃതര്‍ പറയുന്നത്. തലനാരിഴക്കാണ് ഈ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടതെന്ന് നാട്ടുകാര്‍ പറയുന്നു. 

06:34 AM (IST) Aug 09

തിരുവനന്തപുരത്തും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

"കനത്ത മഴ മൂലം ജില്ലയിൽ പല ഭാഗത്തും രൂപപ്പെട്ട വെള്ളക്കെട്ടിന്റേയും ശക്തമായ കാറ്റിൽ മരങ്ങൾ വീണ് ചിലയിടത്ത് ഗതാഗത തടസ്സവും ഉള്ളതിനാലും തിരുവനന്തപുരം ജില്ലയിൽ 09.08.2019 വെള്ളിയാഴ്ച പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിക്കുന്നു. അങ്കണവാടികൾ തുറക്കുമെങ്കിലും വിദ്യാർത്ഥികൾക്ക് അവധിയായിരിക്കും. മദ്രസ്സകൾ ക്കും അവധി ബാധകമായിരിക്കും എന്നാൽ മുൻകൂട്ടി നിശ്ചയിച്ച സർവ്വകലാശാല/ബോർഡ്‌/പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല. ഇന്നത്തെ അവധി മൂലം നഷ്ടപ്പെടുന്ന അദ്ധ്യയന ദിനത്തിന് പകരം അദ്ധ്യയന ദിവസം ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ അധികൃതർ നടപടി സ്വീകരിക്കേണ്ടതാണ്. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും", ജില്ല കളക്ടർ അറിയിച്ചു.

06:28 AM (IST) Aug 09

വീട് ഇടിഞ്ഞ് വീണ് നാല് പേരെ കാണാതായി

എടവണ്ണ ഒതായിയിൽ വീട് ഇടിഞ്ഞ് വീണ് നാല് പേർ മണ്ണിനടിയിൽ കുടുങ്ങി

06:27 AM (IST) Aug 09

ആലപ്പുഴ വഴി ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

ആലപ്പുഴ ജില്ലയിൽ പലയിടത്തും മരംവീണതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. ആലപ്പുഴ വഴിയുള്ള നിരവധി ട്രെയിനുകളാണ് കുടുങ്ങിക്കിടക്കുന്നത്.

06:25 AM (IST) Aug 09

ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയരുന്നു

ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയരുന്നതായി ഏറ്റവും പുതിയ റിപ്പോർട്ട്. പട്ടാമ്പി പാലം വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.

06:22 AM (IST) Aug 09

പാലക്കാട് ഉരുൾപൊട്ടി

പാലക്കാട് അരിമ്പ മൂന്നേക്കറിൽ ഉരുൾപൊട്ടി. കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.

06:21 AM (IST) Aug 09

സൈന്യത്തിന്റെ 43 അംഗ സംഘം കൊച്ചിയിലേക്ക്

സൈന്യത്തിന്റെ 43 അംഗ സംഘം കൊച്ചിയിലേക്ക്. എക്കോ ടാസ്ക് സംഘമാണ് രാവിലെ കൊച്ചിയിലെത്തുക. ഇവർ രാവിലെ പത്ത് മണിയോടെ എത്തുമെന്നാണ് കിട്ടുന്ന വിവരം.

06:19 AM (IST) Aug 09

ആലുവ തുരുത്തിയിൽ ക്യാംപിൽ വെള്ളംകയറി

ആലുവ തുരുത്തിയിൽ ക്യാംപിൽ വെള്ളംകയറി. ഇവിടെ നിന്ന് ക്യാംപ് മറ്റൊരിടത്തേക്ക് മാറ്റി.

06:14 AM (IST) Aug 09

മണിയാർ അണക്കെട്ടിൽ വെള്ളം നിറയുന്നു

ജലസേചന വകുപ്പിന് കീഴിലുള്ള മണിയാർ അണക്കെട്ടിൽ വെള്ളം നിറയുന്നതായി വിവരം. എന്നാൽ ഇത് വലിയ തോതിൽ ജനജീവിതത്തിന് വെല്ലുവിളി ഉയർത്തില്ല.

06:13 AM (IST) Aug 09

ആറന്മുള വള്ളസദ്യ റദ്ദാക്കി

കനത്ത മഴയിൽ പമ്പയിൽ വെള്ളം കയറിയ സാഹചര്യത്തിൽ ഇന്ന് നടക്കാനിരുന്ന ആറന്മുള വള്ളസദ്യ റദ്ദാക്കി

06:12 AM (IST) Aug 09

നാല് കുടുംബങ്ങൾ റദ്ദാക്കി

കണ്ണൂർ തളിപ്പറമ്പ് താലൂക്കിലെ കയറളം വില്ലേജിലെ ഒറപ്പൊടിയിൽ നാല് കുടുംബങ്ങൾ കുടുങ്ങിക്കിടക്കുന്നു. ഇരിട്ടിയിൽ നിന്നും ഒരു ബോട്ട് പോകുമെന്ന് അധികൃതർ

06:06 AM (IST) Aug 09

കനത്ത മഴ തുടരുന്നു; ആധികാരിക വിവരങ്ങൾക്കും സഹായത്തിനും ഈ നമ്പറുകൾ

ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി കേരള സർക്കാർ http://keralarescue.in എന്ന വെബ്സൈറ്റ് ആരംഭിച്ചിട്ടുണ്ട്. സഹായം അഭ്യർത്ഥിക്കാനും ഓരോ ജില്ലകളിലെയും ആവശ്യങ്ങൾ അറിയിക്കാനും അറിയാനും വെബ്സൈറ്റ് വഴി സാധിക്കും. സന്നദ്ധ സേവനത്തിനായി മുന്നോട്ട് വരാനും വിവിധ കേന്ദ്രങ്ങളെ ബന്ധപ്പെടാനും വെബ്സൈറ്റിലൂടെ സാധിക്കും. വിശദമായ വാർത്ത വായിക്കാം

06:04 AM (IST) Aug 09

പുത്തുമലയിൽ രക്ഷാപ്രവർത്തനത്തിന് ശ്രമം

പുത്തുമലയിൽ രക്ഷാപ്രവർത്തനത്തിന് ശ്രമം. വാഹനങ്ങൾ എത്തിച്ചേരുന്നതിന് ബുദ്ധിമുട്ട്. രക്ഷാപ്രവർത്തകർകർ കാൽനടയായി കിലോമീറ്ററുകൾ നടന്നുപോകേണ്ട സ്ഥിതി.

06:01 AM (IST) Aug 09

കുറ്റ്യാടിപുഴയിൽ രണ്ട് പേരെ കാണാതായി

കോഴിക്കോട് വടകരയിൽ ഏഴ് വീടുകൾ തകർന്നു. കുറ്റ്യാടിപുഴയിൽ രണ്ട് പേരെ കാണാതായി

06:00 AM (IST) Aug 09

ബാണാസുര സാഗർ അണക്കെട്ടിൽ വെള്ളം നിറയുന്നു

കനത്ത മഴയെ തുടർന്ന് വയനാട് ജില്ലയിലെ ബാണാസുര സാഗർ അണക്കെട്ടിൽ വെള്ളം നിറയുന്നു

05:59 AM (IST) Aug 09

വടകരയിൽ നാല് പേരെ കാണാതായി

വടകരയി വിലങ്ങാട് ആലുമൂലയിൽ ഉരുൾപൊട്ടി നാല് പേരെ കാണാതായതായി വിവരം. 

05:30 AM (IST) Aug 09

കുറ്റ്യാടിയില്‍ ഒഴുക്കിൽ പെട്ട് രണ്ട് പേരെ കാണാതായി

കുറ്റ്യാടിയില്‍ ഒഴുക്കിൽ പെട്ട് രണ്ട് പേരെ കാണാതായി. ആർപ്പുങ്കര വയലിലാണ് സംഭവം. മാക്കൂർ മുഹമ്മദ് ഹാജി, ഷരീഫ് സഖാഫി എന്നിവരെയാണ് കാണാതായത്. തിരച്ചിൽ തുടരുകയാണ്.

05:21 AM (IST) Aug 09

വയനാട്ടിൽ വീണ്ടും ഉരുൾപൊട്ടൽ

വയനാട് മുട്ടിൽ മലയിൽ രണ്ടിടത്ത് ഉരുൾപൊട്ടി. കുട്ടമംഗലം ഭാഗത്ത് പഴശി സെറ്റിൽമെന്‍റിൽ രണ്ടു പേർ മരിച്ചു.