
തിരുവനന്തപുരം: കേരളത്തിൽ വിവിധയിടങ്ങളിൽ കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. ചേർത്തല ചെങ്ങണ്ട വളവിൽ 25ലധികം വീടുകൾക്ക് മുകളിൽ മരം കടപുഴകി വീണു. കാറുകളടക്കമുള്ള വാഹനങ്ങളും തകർന്നു. ഓഫീസുകളും കടകളും അടക്കം നിരവധി സ്ഥാപനങ്ങളും ഭാഗികമായി തകർന്നു.
ചെങ്ങന്നൂർ കാരക്കോട് ഇടിമിന്നലേറ്റ് വീടിന്‍റെ ഭിത്തിയും വൈദ്യുത മീറ്ററും തകര്‍ന്നു. കാരക്കാട് കക്കോട് മൂലപ്പുരയില്‍ രാജേന്ദ്രന്‍റെ വീടിനാണ് മിന്നലേറ്റത്. സംഭവം നടക്കുമ്പോള്‍ രാജേന്ദ്രനും ഭാര്യ സുധയും മകളും കോട്ടയം മെഡിക്കല്‍ കോളജിലായിരുന്നു. സുധയുടെ സഹോദരി കൃഷ്ണ വീട്ടില്‍ ഉണ്ടായിരുന്നെങ്കിലും പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതോടെ ഓടി രക്ഷപ്പെട്ടു.
കോഴിക്കോട് ഉള്ളിയേരിയിൽ ശക്തമായ കാറ്റിൽ മരം വീണ് കെട്ടിടത്തിന്‍റെ മേൽക്കൂര തകർന്നു. കെട്ടിടത്തിന്‍റെ മുൻവശത്തേക്ക് നീട്ടി കെട്ടിയ മേൽക്കൂരയാണ് തകർന്നത്. റോഡിലേക്ക് മേൽക്കൂര വീണതിനാൽ ഉള്ളിയേരി ടൗണിൽ ഗതാഗതം തടസ്സപ്പെട്ടു.
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മലപ്പുറം, പാലക്കാട്, വയനാട്, കോഴിക്കോട്, തൃശ്ശൂർ എന്നീ ജില്ലകളിൽ ഉരുൾപൊട്ടാൻ സാധ്യതയുണ്ട്. മണിക്കൂറിൽ 50-60 കിലോമീറ്റർ വേഗതയുള്ള കാറ്റുണ്ടായേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കേരളത്തിൽ ചില സ്ഥലങ്ങളിൽ ഏപ്രിൽ 18, 19 തീയതികളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും മലപ്പുറം ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നതായും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. ശക്തമായ മഴ, പെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്.
അഞ്ച് ജില്ലകളിൽ ഉരുൾപൊട്ടൽ സാധ്യത ഉള്ളതിനാൽ രാത്രി സമയത്ത് മലയോരമേഖലയിലേക്കുള്ള യാത്ര പരമാവധി ഒഴുവാക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരാൻ സാധ്യതയുണ്ട്. പുഴകളിലും ചാലുകളിലും വെള്ളക്കെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണമെന്നും നിർദേശം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam