Kerala Rain : സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

By Web TeamFirst Published Jul 6, 2022, 1:21 PM IST
Highlights

കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലൊഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്. മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 

മധ്യപ്രദേശിനും  രാജസ്ഥാനും  മുകളിലായി നിലനിൽക്കുന്ന ന്യുന മർദ്ദവും, ഗുജറാത്ത്‌ തീരം മുതൽ മഹാരാഷ്ട്ര തീരം വരെയുള്ള ന്യുന മർദ്ദ പാത്തിയുമാണ് മഴ തുടരാൻ കാരണം. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. അറബിക്കടലിൽ നിന്നുള്ള കാലവര്ഷ കാറ്റും സജീവമാണ്. ശക്തമായ, ഉയർന്ന തിരമലകൾക്ക് സാധ്യത ഉള്ളതിനാൽ തീർദേശവാസികൾ ജാഗ്രത പാലിക്കണം. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതും മലയോരമേഖലകളില്‍ പ്രത്യേക ജാഗ്രത വേണമെന്നും നിര്‍ദ്ദേശമുണ്ട്.

ഇടുക്കിയിൽ മിക്ക സ്ഥലത്തും ഇടവിട്ട് മഴ തുടരുകയാണ്. മരം വീണ് മൂന്നു പേർ മരിച്ചതോടെ തോട്ടങ്ങളിൽ തൊഴിലാളികളെ പണിയെടുയിപ്പിക്കുന്നത് കളക്ടർ നിരോധിച്ചു. കനത്ത മഴയെ തുടർന്ന് കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മണ്ണിടിഞ്ഞും മരം കടപുഴകി വീണും പലയിടങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു. മൂന്നാർ പൊലീസ് സ്റ്റേഷന് സമീപം  ഇതുവരെ ഗതാഗതം പുനസ്ഥാപിക്കാൻ ആയില്ല.. ജില്ലയിലെ ഉയർന്ന പ്രദേശങ്ങളിലാണ് ഇപ്പോഴും മഴ ശക്തമായി പെയ്യുന്നത്. അതേസമയം, വടക്കന്‍ കേരളത്തില്‍ മഴയുടെ ശക്തി കുറഞ്ഞു. ഇടവിട്ടുള്ള മഴയാണ് പല ജില്ലകളിലും. പാലക്കാട് ശക്തമായ മഴയുണ്ട്. കാസര്‍കോടും കണ്ണൂരും സ്കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം

കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ 09-07-2022 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ 09-07-2022 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മൽസ്യബന്ധനത്തിനായി കടലിൽ പോകാൻ പാടില്ല. 

click me!