Rain : സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ അലര്‍ട്ട്, മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

Published : Jul 05, 2022, 01:14 PM IST
Rain : സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ അലര്‍ട്ട്, മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

Synopsis

ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, തൃശൂർ, മലപ്പുറം കോഴിക്കോട്, കണ്ണൂർ കാസർകോട് ഇല്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. ഇന്ന്  വടക്കൻ ജില്ലകളിൽ കൂടുതൽ ശക്തമായ മഴ കിട്ടിയേക്കും.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്. ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, തൃശൂർ, മലപ്പുറം കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. ഇന്ന് വടക്കൻ ജില്ലകളിൽ കൂടുതൽ ശക്തമായ മഴ കിട്ടിയേക്കും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്.

മധ്യപ്രദേശിന്  മുകളിലായുള്ള ന്യൂനമർദ്ധവും അറബിക്കടലിൽ നിന്നുള്ള കാലവര്‍ഷ കാറ്റും ശക്തമായതുമാണ് മഴ കനക്കാൻ കാരണം. ശക്തമായ, ഉയർന്ന തിരമലകൾക്ക് സാധ്യത ഉള്ളതിനാൽ തീർദേശവാസികൾ ജാഗ്രത പാലിക്കണം. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. മലയോരമേഖലകളിലും പ്രത്യേക ജാഗ്രത വേണമെന്നും നിര്‍ദ്ദേശമുണ്ട്.

മഴ ശക്തമായതോടെ തൃശ്ശൂർ പൂമല ഡാമിന്‍റെ നാല് ഷട്ടറുകൾ തുറന്നു. 1,2,3,4 സ്പിൽവേ കാൽ ഇഞ്ച് വീതമാണ് തുറന്നത്. ഡാമിന്റെ പരമാവധി സംഭരണ ശേഷി 29 അടിയാണ്. നിലവില്‍ ജലനിരപ്പ് 28 അടിയായ സാഹചര്യത്തിലാണ് ഷട്ടറുകൾ തുറന്നത്.  മലവായ് തോടില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തോടിന്‍റെ ഇരുവശത്തും താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പെരിങ്ങൽകുത്ത് ഡാമിന്‍റെ ജലനിരപ്പ് 419 അടിയായി ഉയർന്നു. 423 അടിയാണ് പരമാവധി സംഭരണ ശേഷി. 

കണ്ണൂർ പയ്യന്നൂരിൽ ശക്തമായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണ് വീട് തകർന്നു. മാവിച്ചേരി ഭഗവതി ക്ഷേത്രത്തിന് സമീപത്തെ കുളങ്ങര യശോദയുടെ ഓടുമേഞ്ഞ വീടാണ് പുലർച്ചേ തകർന്നത്.  ടി.വിയടക്കമുള്ള ഇലക്ട്രിക് ഉപകരണങ്ങൾ നശിച്ചു. അപകടം നടക്കുമ്പോൾ യശോദയും മകൻ രാജേഷും ഭാര്യയും 2 കുട്ടികളും വീട്ടിലുണ്ടായിരുന്നു. വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കണ്ണൂർ ജില്ലയുടെ മലയോര  മേഖലകളിൽ ശക്തമായ മഴ ഉള്ളതിനാൽ ജാഗ്രത മുന്നറിയിപ്പുണ്ട്.

കോട്ടയം പാലായിൽ കനത്ത മഴയിൽ മണ്ണിടിഞ്ഞ് വീടിന് നാശനഷ്ടം ഉണ്ടായി.  ഇടനാട്  ശ്രീനിവാസന്‍റെ വീടിന്‍റെ മുകളിലേയ്ക്കാണ് മണ്ണ് ഇടിഞ്ഞ് വീണത്. രാവിലെ ആറ് മണിയ്ക്കായിരുന്നു സംഭവം. അടുക്കള ഭാഗത്തെ  ഷെയിഡ് , ഭിത്തി , ജനലുകൾ എന്നിവയ്ക്ക് കേട് പാട് പറ്റി.  പാലാ മേഖലയിൽ ശക്തമായ മഴ തുടരുന്നു.

കോഴിക്കോട് ശക്തമായ മഴ തുടരുകയാണ്. ഇന്നലെ കോടഞ്ചേരി പതങ്കയത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിനായി തെരച്ചില്‍ തുടരുകയാണ്. ശക്തമായ ഒഴുക്കും മഴയും തെരച്ചിലിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.ഫയര്‍ഫോഴ്സും നാട്ടുകാരും സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്. കനത്ത മഴയില്‍ തിരുവമ്പാടിയില്‍ ഒരു വീട് തകര്‍ന്നു.ഹെല്‍ത്ത് സെന്‍റിന് സമീപം കുനിയം പറമ്പത്ത് ഇടത്തില്‍ ഗോപിയുടെ വീടാണ് തകര്‍ന്നത്.ജലാശയങ്ങളില്‍ ജനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല ദുരന്ത നിവാരണ വിഭാഗം അറിയിച്ചു.

കനത്ത മഴയില്‍ കാസര്‍കോട് മഞ്ചേശ്വരത്ത് ഒരു വീട്ടില്‍ വെള്ളം കയറിയതിനാല്‍ കുടംബത്തെ മാറ്റി പാര്‍പ്പിച്ചു. മലയോര മേഖലകളിലും മഴ കനക്കുന്നു. ജില്ലയില്‍ ഇന്ന് കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പടെ എല്ലാ സ്കൂളുകള്‍ക്കും അംഗന്‍വാടികള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കിയിലെ ഹൈറേഞ്ച് മേഖലകളിൽ മഴ കൂടുതൽ ശക്തമാകുന്ന സാഹചര്യത്തിൽ  മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി. മുരിക്കാശ്ശേരി ദേവികുളം മേഖലകളിലാണ് ഏറ്റവുമധികം മഴ പെയ്യുന്നത്.
 

PREV
Read more Articles on
click me!

Recommended Stories

ഉള്‍വനത്തിലൂടെ കിലോമീറ്ററുകള്‍ താണ്ടി എക്സൈസ്, സ്ഥലത്തെത്തിയപ്പോള്‍ കണ്ടത് ക‍ഞ്ചാവ് തോട്ടം, ഇന്ന് മാത്രം നശിപ്പിച്ചത് 763 കഞ്ചാവ് ചെടികള്‍
കൊല്ലത്ത് അരുംകൊല; മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി, യുവാവ് പൊലീസ് കസ്റ്റഡിയിൽ