
മാന്നാർ: കനത്ത മഴയിൽ പാടശേഖരങ്ങൾ മുങ്ങിയതോടെ കൃഷിയൊരുക്കം വെള്ളത്തിലാകുമോ എന്ന ഭീതിയിലാണ് അപ്പർ കുട്ടനാട്ടിലെ നെൽകർഷകർ. മാന്നാർ, ചെന്നിത്തല പഞ്ചായത്തുകളിൽ ട്രാക്ടർ ഉപയോഗിച്ച് ഉഴുതുമറിച്ചും പമ്പിങ് നടത്തി വെള്ളം വറ്റിച്ചും വരിനെല്ലും കളകളും കിളിർപ്പിക്കാനായി ഒരുക്കിയിട്ടിരുന്ന പാടശേഖരങ്ങളാണ് തുലാവർഷത്തിൽ മുങ്ങിക്കിടക്കുന്നത്. പണയം വച്ചും വായ്പയെടുത്തും വൻതുക മുടക്കി കർഷകരും പാടശേഖരസമിതിയും കൃഷിയൊരുക്കം പൂർത്തിയാക്കിവരുമ്പോഴാണ് എല്ലാവരുടെയും കണക്കുകൂട്ടലുകൾ തെറ്റിച്ച് മഴ ശക്തിപ്രാപിച്ചത്. തുടർന്നും കനത്ത മഴയുണ്ടാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പും കർഷകരെ കടുത്ത ആശങ്കയിലാക്കുന്നുണ്ട്. മഴ ശക്തമായതോടെ പാടങ്ങളിൽ നടത്തിവന്ന പമ്പിങ് ജോലികൾ നിർത്തിവെക്കാൻ കർഷകർ നിർബന്ധിതരായിരിക്കുകയാണ്.
മഴ മാറിയെങ്കിൽ മാത്രമേ പമ്പിങ് പുനരാരംഭിക്കാൻ കഴിയുകയുള്ളൂ. കൃഷി തുടങ്ങുന്നതിന് ഇത് കാലതാമസമുണ്ടാക്കുമെന്നതിനാൽ വീണ്ടും നിലമൊരുക്കൽ നടത്തേണ്ടിവരുമോ എന്ന ഭീതിയാണ് കർഷകർക്കുള്ളത്. വരുംദിവസങ്ങളിലും മഴ തുടർന്നാൽ വെള്ളം നിറഞ്ഞ പാടശേഖരങ്ങളിലേക്ക് തോടുകൾ കവിഞ്ഞ് കൂടുതൽ വെള്ളം കയറുകയും പായലും മാലിന്യങ്ങളും ഒപ്പം ഒഴുകിയെത്തുകയും ചെയ്യും. കുരട്ടിശ്ശേരി നാലുതോട് മുതലുള്ള പാടശേഖരങ്ങളോട് ചേർന്ന് മാന്നാർ, ചെന്നിത്തല പഞ്ചായത്തുകളുടെ അതിർത്തിയിൽ പായൽ നിറഞ്ഞ തോട് കരകവിയുന്നതോടെ ഒരുക്കിയിട്ട നിലങ്ങളിൽ വീണ്ടും പായലുകൾ നിറയും. ഇത് നീക്കം ചെയ്ത് കൃഷിയൊരുക്കം ആദ്യം മുതൽ വീണ്ടും തുടങ്ങേണ്ട അവസ്ഥയാകും കർഷകർക്കുണ്ടാവുക. ഇതിനിടെ, കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ വെള്ളം കുത്തിയൊഴുകിയെത്തിയതിനെ തുടർന്ന് മാന്നാർ കുട്ടമ്പേരൂർ പതിനാറാം വാർഡ് രതീഷ് വില്ലയിൽ രഘുനാഥന്റെ വീടിന് പുറകിലെ മതിൽ ഇടിഞ്ഞുവീണു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam