
പത്തനംതിട്ട: പത്തനംതിട്ടയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. വിവിധ താലൂക്കുകളിലായി 33 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ നാളെ (6 ജൂലൈ 2023) നു ജില്ലയിലെ അംഗൻവാടികൾ മുതൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിക്കുന്നതായി ജില്ലാ കളക്ടർ അറിയിച്ചു. എന്നാൽ മുൻനിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റം ഉണ്ടാകില്ല.
സംസ്ഥാനത്ത് മഴ അതിതീവ്രമായി തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 6, 2023, വ്യാഴം) അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കോട്ടയം, കാസർകോഡ്, പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം ജില്ലകളിലെയും കുട്ടനാട് താലൂക്ക്, പൊന്നാനി താലൂക്ക്, തിരുവല്ല-മല്ലപ്പള്ളി താലൂക്ക്, എന്നീ താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
കനത്തമഴ: ആലപ്പുഴയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ഇക്കോ ടൂറിസം കേന്ദ്രം അടച്ചിടും
സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടം. പാലക്കാട് ജില്ലയിൽ 12 വീടുകൾ ഭാഗികമായി തകർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 12 വീടുകൾക്ക് ഭാഗികമായും ചിറ്റൂർ താലൂക്കിൽ ഒരു വീടിന് പൂർണമായും നാശനഷ്ടം സംഭവിച്ചതായി അധികൃതർ അറിയിച്ചു. അതേസമയം, കോഴിക്കോട് ചാലിയത്ത് നിന്ന് കടലിൽ പോയ മത്സ്യബന്ധന ബോട്ട് കടലിൽ കുടുങ്ങി. ട്രോളിംഗ് നിരോധനം നിലവിൽ വരുന്നതിനു മുൻപ് പോയ ബോട്ടാണ് കടലിൽ അകപ്പെട്ടത്. ബോട്ടിലെ അഞ്ചുപേരും സുരക്ഷിതരെന്ന് കോസ്റ്റൽ പൊലീസ് അറിയിച്ചു. ഇവരെ തിരിച്ചെത്തിക്കാനുള്ള നടപടികൾ തുടങ്ങിയെന്നും അധികൃതർ അറിയിച്ചു. അതിനിടെ, മലപ്പുറത്ത് മിന്നൽ ചുഴലിയടിച്ചു. മൂന്നു മിനിട്ടോളാം നീണ്ടു നിന്ന അതി ശക്തമായ കാറ്റാണ് വീശിയടിച്ചത്. മലപ്പുറം കൊണ്ടോട്ടി ഒമാനൂരിലെ കൊടക്കാടാണ് അതി ശക്തമായ കാറ്റ് വീശി അടിച്ചത്. നിരവധി മരങ്ങൾ കടപുഴകി വീണു. 15ലേറെ വീടുകൾക്ക് കേടു പറ്റി. വൈദ്യുതി ബന്ധം പൂർണമായും തകരാറിലായി. ആർക്കും പരിക്കുള്ളതായി റിപ്പോർട്ട് ചെയ്തിട്ടില്ല.