
തിരുവനന്തപുരം: കാലവർഷം കനത്തതോടെ സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം. മഴക്കാല അപകടങ്ങളിൽ ഇന്ന് രണ്ട് പേർ മരിച്ചു. തിരുവനന്തപുരത്ത് സ്കൂളിൻ്റെ മതിൽ തകർന്നു വീണു. ചേർത്തലയിലും ചെന്ത്രാപ്പിന്നിയിലും വീടുകളിൽ വെള്ളം കയറിയതിൽ നാട്ടുകാർ പ്രതിഷേധം ശക്തമാക്കി. മലപ്പുറം ചങ്ങരംകുളം ചേലക്കടവിൽ മീൻ പിടിക്കാൻ പോയ പത്താം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു. മുക്കുതല സ്വദേശി മുഹമ്മദിന്റെ മകൻ മുർഷിദാണ് മരിച്ചത്. പാലക്കാട് കുഴൽമന്ദത്ത് കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണാണ് അപകടമുണ്ടായത്. പെരുങ്കുന്നം തെക്കേക്കര സ്വദേശി ഉണ്ണിക്കണ്ണൻ എന്ന രാമദാസ് ആണ് മരിച്ചത്. പ്രവേശനോത്സവത്തിന്റ സംസ്ഥാന തല ഉത്ഘാടനം നടന്ന തിരുവനന്തപുരത്തെ പട്ടം ഗേൾസ് സ്കൂളിലെ മതിൽ തകര്‍ന്നു വീണു. ആര്‍ക്കും പരിക്കില്ല.
തിരുവനന്തപുരം കുന്നത്തുകാൽ ചിമ്മിണ്ടി സ്‌കൂളിന് സമീപത്തെ റോഡ് തകര്‍ന്നു. റോഡിന്‍റെ കല്‍ക്കെട്ട് ഇടിയുകയായിരുന്നു. നിരവധി സ്‌കൂൾ ബസുകൾ പോകുന്ന പാതയാണ് അപകടാവസ്ഥയിലായത്. പത്തനംതിട്ട കൂടൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് മുകളിലേക്ക് ആൽമരം പിഴുത് വീണു. ആളപായമില്ല. ആലപ്പുഴ ചേർത്തലയിൽ ദേശീയപാത നിർമ്മാണത്തിലെ അപാകതയിൽ വീടുകളിൽ വെള്ളം കയറിയോടെ പ്രതിഷേധവുമായി നാട്ടുകാർ വെള്ളത്തിലിറങ്ങി. തൃശ്ശൂർ ചെന്ത്രാപ്പിന്നിയിൽ 20 ലധികം വീടുകളില്‍ വെള്ളം കയറി. ദേശീയപാത നിർമ്മാണത്തിലെ അപാകതയാണ് വെള്ളം കയറാൻ കാരണമെന്ന് നാട്ടുകാര്‍. തൃശൂർ എരുമപ്പെട്ടി സ്വദേശി കൃഷ്ണറാവുവിന്റെ വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണു. വലിയ ശബ്ദം കേട്ട് വീട്ടുകാർ ഇറങ്ങി ഓടുകയായിരുന്നു. തൃശ്ശൂർ ശ്രീനാരായണപുരത്ത് താണിയൻ ബസാര്‍ സ്വദേശി വിജയലക്ഷ്മി വേണുഗോപാലിന്റെ വീടിന് ഇടിമിന്നലേറ്റു. ടൈൽസും വൈദ്യുതി ഉപകരണങ്ങളും നശിച്ചു. കാസർകോട് കുമ്പളയില്‍ വീടിൻ്റെ മതിൽ ഇടിഞ്ഞു. കഞ്ചികട്ട സ്വദേശി സുരേഷിൻ്റെ വീടിൻ്റെ ചുറ്റുമതിലാണ് തര്‍ന്നത്. ആർക്കും പരിക്കില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam