സംസ്ഥാനത്ത് മധ്യ-തെക്കൻ കേരളത്തിൽ മഴ ശക്തം; തിരുവനന്തപുരത്ത് വ്യാപക നാശനഷ്ടം, മലയോര മേഖലയിൽ ജാഗ്രത

Published : Sep 26, 2025, 05:49 PM IST
kerala rain damage

Synopsis

സംസ്ഥാനത്ത് മധ്യ-തെക്കൻ കേരളത്തിൽ ശക്തമായ മഴ തുടരുന്നു. കനത്ത മഴയിൽ തിരുവനന്തപുരം നഗരത്തിലും  ഗ്രാമീണ മേഖലയിലും വ്യാപക നാശനഷ്ടമുണ്ടായി. ഇടുക്കിയിൽ കൃഷിഭൂമി ഒലിച്ചുപോയി. പത്തനംതിട്ടയിൽ വീടിന്‍റെ മതിലിടിഞ്ഞ് റോഡിലേക്ക് വീണു 

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപക മഴ തുടരുന്നു. മധ്യ - തെക്കൻ കേരളത്തിൽ മഴ ശക്തമാണ്. കനത്ത മഴയിൽ തിരുവനന്തപുരം നഗരത്തിലും ഗ്രാമീണ മേഖലയിലും വ്യാപക നാശനഷ്ടമുണ്ടായി. നഗരത്തിൽ 14 ഇടങ്ങളിൽ വെള്ളം കയറി . റോഡുകളും വീടുകളും വെള്ളത്തിലായി. വേളി പൊഴി മുറിക്കാൻ വൈകിയതിനെ തുടര്‍ന്ന് ആക്കുളം ഉള്ളൂര്‍ റോഡിൽ വെള്ളം കയറി. നെയ്യാർ ഡാമിന്‍റെ നാല് ഷട്ടറുകൾ 10 സെന്‍റിമീറ്റര്‍ തുറന്നു. ഇടുക്കിയിലും പത്തനംതിട്ടയിലും കനത്ത മഴയിൽ നാശനഷ്ടമുണ്ടായി. തിരുവനന്തപുരം നഗരത്തിൽ തമ്പാനൂര്‍, കിഴക്കേക്കോട്ട, ബേക്കറി ജംഗ്ഷന് എന്നിവയടക്കം പല സ്ഥലങ്ങളിലും വെളളക്കെട്ടുണ്ടായി. സ്മാര്‍ട് സിറ്റി പദ്ധതിയിൽ റോഡുകള്‍ പുനര്‍ നിര്‍മിച്ചെങ്കിലും കനത്ത മഴയിൽ വെള്ളക്കെട്ടുണ്ടാകുന്ന സ്ഥിതിക്ക് മാറ്റമുണ്ടായില്ല. പലയിടത്തും കച്ചവടസ്ഥാപനങ്ങള്‍ തുറക്കാന് കഴിയാത്ത അവസ്ഥയായിരുന്നു. ആക്കുളം -ഉള്ളൂര്‍ റോഡിലും വെളളക്കെട്ട് രൂപപ്പെട്ടതോടെ വാഹനങ്ങള്‍ കുടുങ്ങി. വേളി പൊഴി മുറിക്കാൻ വൈകിയതാണ് കാരണമെന്ന് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ വിമര്‍ശിച്ചു.കരാറുകാരന് കാരണം കാണിക്കൽ നോട്ടീസ് നൽകും. 

കരമന മേലാറന്നൂരിൽ വീടുകളിൽ വെള്ളം കയറി. വീടിൽ കുടുങ്ങിയവരെപൊലീസും അഗ്നിശമനസേനയും ചേര്‍ന്ന് പുറത്തെത്തിച്ചു. കാട്ടാക്കടയിൽ അഞ്ചു വീടുകൾ വെള്ളത്തിലായി. അഞ്ചു തെങ്ങിൻ മൂട്, കുളത്തുമ്മൽ തോടിനു സമീപത്തെ വീടുകളിലാണ് വെള്ളം കയറിയത്. റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഇവിടുത്തെ കലുങ്ക് അടച്ചാണ് കാരണം. നെയ്യാറ്റിൻകര അരുവിയോട് പാലത്തിന്‍റെ ബണ്ഡ് തകർന്നു പാലം അപകടാവസ്ഥയിലായി.വിളപ്പിൽ ക്ഷേത്രത്തിന് സമീപം എം എൽ എ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച വയോജനപാര്‍ക്കിന്‍റെ ഭിത്തി തകര്‍ന്നു. മറ്റന്നാള്‍ ഉദ്ഘാടനം ചെയ്യാനിരുന്നതാണ് 50 ലക്ഷം രൂപ ചെലവിൽ നിര്‍മിച്ച പാര്‍ക്ക്.പൊൻമുടി അടക്കം ജില്ലയിലെ പ്രധാന വിനോദ സഞ്ചാരങ്ങള്‍ അടച്ചു. വാമനപുരം നദിയിൽ നീരൊഴുക്ക് ഉയർന്നിട്ടുണ്ട്. ഇടുക്കി നെടുങ്കണ്ടം എഴുകുംവയലിൽ കൃഷി ഭൂമി ഒലിച്ചുപോയി. കുരുമുളക്,ഏലം, കാപ്പി തുടങ്ങിയ വിളകള്‍ നശിച്ചു. പാമ്പ്ല അണക്കെട്ടിന്‍റെ ഒരു ഷട്ടർ 30 സെന്‍റി മീറ്റർ ഉയർത്തി. പത്തനംതിട്ടയിൽ ഇലന്തൂരിൽ വീടിന്‍റെ മതിലിടിഞ്ഞ് സംസ്ഥാന പാതയിലേക്ക് വീണു. തലയിറയിൽ കിണർ ഇടിഞ്ഞു താഴ്ന്നു. മലയോര മേഖലയിൽ ഉൾപ്പെടെ ജാഗ്രത തുടരുകയാണ്.

 

നാലു ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്

 

തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടുണ്ട്. കൊല്ലം,ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലൊ അലർട്ടുമുണ്ട്. കേരളാ തീരത്ത് 40 കി.മീ വരെ വേഗത്തിൽ കാറ്റ് വീശിയേക്കും. കേരളാ തീരത്തും ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനത്തിന് വിലക്കുണ്ട്. നാളെ വടക്കൻ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. കോഴിക്കോട് മുതൽ കാസർകോട് വരെ യെല്ലോ അലർട്ടാണ്. വടക്ക് പടിഞ്ഞാറൻ-മധ്യ ബംഗാൾ ഉൾക്കടലിൽ ശക്തികൂടിയ ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ട്. അടുത്ത മണിക്കൂറിനുള്ളിൽ ഇത് തീവ്ര ന്യൂനമർദ്ദമായി മാറും. നാളെയോടെ തെക്കൻ ഒഡീഷ - വടക്കൻ ആന്ധ്രാ തീരത്ത് ഈ തീവ്ര ന്യൂനമർദ്ദം കരയിൽ പ്രവേശിക്കാനാണ് സാധ്യത. ഇതിന്‍റെ സ്വാധീനഫലമായാണ് ഈ ദിവസങ്ങളിൽ കാലവർഷം കനക്കുന്നത്. അടുത്ത ദിവസങ്ങളിലും പരക്കെ മഴ സാധ്യതയുണ്ട്.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം