Kerala Rain : തിരുവനന്തപുരത്ത് കനത്ത മഴ, വെള്ളക്കെട്ട്; സംസ്ഥാനത്ത് രാത്രി വൈകിയും വ്യാപക മഴയ്ക്ക് സാധ്യത

By Web TeamFirst Published Nov 28, 2021, 9:31 PM IST
Highlights

നിലവിൽ കോമോറിൻ ഭാഗത്തുള്ള ചക്രവാതച്ചുഴി നാളെയോടെ അറബിക്കടലിലേക്ക് എത്തും. നാളെയോടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദവും രൂപപ്പെടും. പിന്നീട് ഇത് ശക്തിപ്രാപിച്ച് ഇന്ത്യൻ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. 

തിരുവനന്തപുരം: സംസ്ഥാനത്ത്  ഒറ്റപ്പെട്ട അതിശക്തമായ മഴ തുടരുന്നു. തിരുവനന്തപുരത്ത് കനത്ത മഴയാണ് പെയ്യുന്നത്.  കണ്ണൂർ, കാസർകോട് ഒഴികെ 12 ജില്ലകളിൽ യെല്ലോ അലർട്ടാണ്.  വിതുര,പാലോട്, നെടുമങ്ങാട് മേഖലകളിൽ അഞ്ച് മണിക്കൂറായി കനത്ത മഴ പെയ്യുകയാണ്.  വാമനപുരം, നെയ്യാർ നദികളിൽ ജലനിരപ്പുയർന്നു. തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.  വിതുര പൊന്നാം ചുണ്ട് പാലത്തിലും, സൂര്യകാന്തി പാലത്തിലും വെള്ളം കയറി. ആറ്റിങ്ങൽ സ്വകാര്യ ബസ്റ്റാൻഡ് പരിസരത്തെ റോഡിൽ വെള്ളം കയറി. ഇവിടെ ശക്തമായ ഒഴുക്കുമുണ്ട്. ഇരുചക്രവാഹന ഗതാഗതം തടസ്സപ്പെട്ട അവസ്ഥയാണ്. 

വെള്ളറടയിൽ ഉരുൾപൊട്ടലിന് സമാനമായ മലവെള്ളപാച്ചിൽ ഉണ്ടായി. 15 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ചുണ്ടിക്കൻ നെല്ലിശേരി, കുരിശുമലയുടെ അടിഭാഗം എന്നിവിടങ്ങളിലാണ് ശക്തമായി മലവെള്ളം ഒലിച്ചിറങ്ങിയത്. ഉരുൾപൊട്ടലിന് സമാനമായ രീതിയിൽ പാറ കഷണങ്ങളും ഒഴുകി വന്നു.

കൊല്ലം ജില്ലയിലും രണ്ട് മണിക്കൂറായി നല്ല മഴയുണ്ട്. നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എം സി റോഡിൽ നിലമേൽ ഭാഗത്ത് വെള്ളം കയറി. ഗതാഗതം തടസപ്പെട്ട അവസ്ഥയാണ്.  വാഹനങ്ങൾ മറ്റ് ഇടറോഡുകൾ വഴി തിരിച്ചു  വിടുകയാണ്. മഴ തുടരുന്ന സാഹചര്യത്തിൽ  കൊല്ലം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. 

ഇന്ന് രാത്രി മുതൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. നിലവിൽ കോമോറിൻ ഭാഗത്തുള്ള ചക്രവാതച്ചുഴി നാളെയോടെ അറബിക്കടലിലേക്ക് എത്തും. നാളെയോടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദവും രൂപപ്പെടും. പിന്നീട് ഇത് ശക്തിപ്രാപിച്ച് ഇന്ത്യൻ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. ചക്രവാതച്ചുഴിയുടെയും ന്യൂനമർദ്ദത്തിന്റെയും പ്രഭാവത്തിൽ കിഴക്കൻ കാറ്റ് സജീവമാകുന്നതിനാൽ മൂന്ന് ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴ കേരളത്തിൽ തുടരും.

click me!