കാലവർഷം കനത്തു, ഇടുക്കിയിലെ ലയങ്ങളിൽ പരിശോധന; അപകടാവസ്ഥയിലുള്ളതിൽ നിന്നും ആളുകളെ മാറ്റും 

Published : Jul 07, 2022, 08:26 AM ISTUpdated : Jul 24, 2022, 03:10 PM IST
കാലവർഷം കനത്തു, ഇടുക്കിയിലെ ലയങ്ങളിൽ പരിശോധന; അപകടാവസ്ഥയിലുള്ളതിൽ നിന്നും ആളുകളെ മാറ്റും 

Synopsis

ഇടുക്കിയിലെ പീരുമേട്, ദേവികുളം, ഉടുമ്പൻചോല എന്നീ താലൂക്കുകളിലായി ചെറുതും വലുതുമായ നൂറ്റി അറുപതോളം തോട്ടങ്ങളാണുള്ളത്. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ലയങ്ങളാണ് മിക്ക തോട്ടങ്ങളിലുമുള്ളത്.

ഇടുക്കി : കാലവർഷം കനത്തതോടെ ഇടുക്കിയിലെ തൊഴിലാളി ലയങ്ങളിൽ പ്രത്യേക സംഘം പരിശോധന ആരംഭിച്ചു. അപകടാവസ്ഥയിലുള്ള ലയങ്ങളിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കാൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയതിനെ തുടർന്നാണ് നടപടി.

ഇടുക്കിയിലെ പീരുമേട്, ദേവികുളം, ഉടുമ്പൻചോല എന്നീ താലൂക്കുകളിലായി ചെറുതും വലുതുമായ നൂറ്റി അറുപതോളം തോട്ടങ്ങളാണുള്ളത്. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ലയങ്ങളാണ് മിക്ക തോട്ടങ്ങളിലുമുള്ളത്. ഭൂരിഭാഗവും ചോർന്നൊലിക്കുന്നതാണ്. കഴിഞ്ഞ ദിവസം ഏലപ്പാറക്ക് സമീപം കോഴിക്കാനത്ത് ലയത്തിനു പിന്നിലെ മണ്ണിടിഞ്ഞു വീണ് തൊഴിലാളി മരിച്ചിരുന്നു.

ഇതേത്തുടർന്നാണ് ലയങ്ങളുടെ ഇപ്പോഴത്തെ സ്ഥിതി പരിശോധിക്കാൻ പ്രത്യേക സംഘത്തെ ജില്ല കളക്ടർ നിയോഗിച്ചത്. ഓരോ താലൂക്കിലെയും തഹസിൽദാർ, പ്ലാൻറേഷൻ ഇൻസ്പെക്ടർ, അസ്സിസ്റ്റൻറ് ലേബർ ഓഫീസർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. മഴ തുടങ്ങിയപ്പോൾ തന്നെ ലയങ്ങൾ അറ്റകുറ്റപ്പണി നടത്തണമെന്ന് ജില്ല ഭരണകൂടം നിർദ്ദേശിച്ചിരുന്നു.

നിർദ്ദേശങ്ങൾ അവഗണിക്കുന്ന തോട്ടം ഉടമകൾക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കേസെടുക്കാനും ആലോചനയുണ്ട്. കോഴിക്കാനത്ത് മണ്ണിടിച്ചിൽ ഉണ്ടായ ലയത്തിനു സമീപത്തുള്ളവരെ മാറ്റിപ്പാർപ്പിക്കണമെന്ന നിർദ്ദേശം ഇതുവരെ നടപ്പാക്കിയിട്ടില്ല. പകരം നൽകിയ ലയങ്ങളിൽ കറണ്ടും വെള്ളവും ശുചിമുറി സൌകര്യവും ഒരുക്കാൻ തോട്ടമുടമ തയ്യാറാകാത്തതിനാലാണ് തൊഴിലാളികൾ മാറിത്താമസിക്കാത്തത്.

ജില്ലയിൽ മഴ ശക്തം 

ഇടുക്കിയിലും ഇടവിട്ട് ശക്തമായ മഴ തുടരുകയാണ്. കാര്യമായ അപകടങ്ങൾ ഒന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. അടിമാലി ദേവിയാർ പുഴയിൽ മീൻ പിടിക്കുന്നതിനിടെ  കാണാതായ അഖിലിൻറെ മൃതദേഹം കണ്ടെത്തി. ഇരുമ്പുപാലം പന്ത്രണ്ടാം മൈൽ പാലത്തിനു സമീപത്തു നിന്നാണ് കിട്ടിയത്. ഞായറാഴ്ചയാണ് അഖിലിനെ കാണാതായത്.  കാലവർഷത്തിൽ ഇതുവരെ 14 വീടുകൾ ഭാഗികമായി തകർന്നു.  ഇന്നലെ ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് ദേവികുളത്താണ്. 80.4 മില്ലി മീറ്റർ. മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുള്ളതിനാൽ ഇടുക്കിയിൽ രാത്രി കാല യാത്രക്ക് നിരോധനം ഏർപ്പെടുത്തി. വിനോദ സഞ്ചാരികൾക്കുള്ള ട്രക്കിംഗ്, ബോട്ടിംഗ് മുതലായല നിർത്തി വച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയിട്ടുണ്ട്.

 

 

PREV
Read more Articles on
click me!

Recommended Stories

ശബരി സ്വർണക്കൊള്ള: പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണം, എസ്ഐടിക്ക് ചെന്നിത്തലയുടെ കത്ത്
ജൂനിയർ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: കുറ്റപത്രം സമർപ്പിച്ച് പൊലീസ്, അടുത്ത മാസം വായിച്ച് കേള്‍പ്പിക്കും