മഴ കനത്തു, പത്തനംതിട്ട ജില്ലയിൽ അവധി പ്രഖ്യാപിച്ചു; വെള്ളരിക്കുണ്ട് താലൂക്കിലും നാളെ സ്കൂൾ അവധി

Published : Aug 03, 2022, 11:00 PM ISTUpdated : Aug 03, 2022, 11:36 PM IST
മഴ കനത്തു, പത്തനംതിട്ട ജില്ലയിൽ അവധി പ്രഖ്യാപിച്ചു; വെള്ളരിക്കുണ്ട് താലൂക്കിലും നാളെ സ്കൂൾ അവധി

Synopsis

പത്തനംതിട്ടയിലെ തിരുവല്ല താലൂക്കിലായിരുന്നു ആദ്യം ജില്ലാ കളക്ടർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. എന്നാൽ പിന്നീട് മഴ കനത്തതോടെ തീരുമാനം ജില്ലയിലാകെ വ്യാപിപ്പിച്ചു

തിരുവനന്തപുരം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിലും കാസർകോട് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിൽ കഴിഞ്ഞ മണിക്കൂറുകളിൽ ലഭിച്ച വർദ്ധിച്ച മഴയുടെ പശ്ചാത്തലത്തില്‍, ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ഓഗസ്റ്റ് നാലിന്) അവധി പ്രഖ്യാപിക്കുന്നതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണും ജില്ലാ കളക്ടറുമായ ഡോ ദിവ്യ എസ് അയ്യര്‍ വ്യക്തമാക്കി. എന്നാല്‍, മുന്‍ നിശ്ചയിച്ച പ്രകാരമുള്ള യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ലെന്നും അവർ അറിയിച്ചു. 

കാറ്റിലും മഴയിലും ആഞ്ഞിലിമരം കടപുഴകി വീണു, നാശനഷ്ടം, മോട്ടർ ഷെഡ്ഡ് തകർന്നു

ശക്തമായ മഴ  തുടരുന്ന സാഹചര്യത്തിലാണ് കാസർകോട് വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിലെ പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും നാളെ (ആഗസ്റ്റ് 4 വ്യാഴം ) അവധി പ്രഖ്യാപിച്ചത്. ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദിന്റേതാണ് ഉത്തരവ്.

കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ നേരത്തെ തന്നെ ജില്ലാ കളക്ടർമാർ നാളെ അവധി പ്രഖ്യാപിച്ചിരുന്നു. എറണാകുളത്തെ കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളിലും തൃശൂരിലെ ചാലക്കുടി താലൂക്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ടയിലെ തിരുവല്ല താലൂക്കിലായിരുന്നു ആദ്യം ജില്ലാ കളക്ടർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. എന്നാൽ പിന്നീട് മഴ കനത്തതോടെ തീരുമാനം ജില്ലയിലാകെ വ്യാപിപ്പിക്കുകയായിരുന്നു.

മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി; ചില ജില്ലകളിലെ താലുക്കുകളിലും

പത്തനംതിട്ട കളക്ടറുടെ അറിയിപ്പ്

ജില്ലയിൽ കഴിഞ്ഞ മണിക്കൂറുകളിൽ ലഭിച്ച വർദ്ധിച്ച   മഴയുടെ പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഓഗസ്റ്റ് നാലിന്(4-08-22) ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ് അയ്യര്‍ അവധി പ്രഖ്യാപിച്ചു. എന്നാല്‍, മുന്‍ നിശ്ചയിച്ച പ്രകാരമുള്ള യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.

കോട്ടയം കളക്ടറുടെ അറിയിപ്പ്

തീവ്രമഴയുടെയും വെള്ളപ്പൊക്കത്തിന്റെയും സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച (2022 ഓഗസ്റ്റ് 4) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ ഉത്തരവിട്ടു.
 
ആലപ്പുഴ കളക്ടറുടെ അറിയിപ്പ്

പ്രിയ കുട്ടികളെ, ഞാന്‍ ആലപ്പുഴ ജില്ലയില്‍ കളക്ടറായി ചുമതല ഏറ്റെടുത്തത് നിങ്ങള്‍ അറിഞ്ഞു കാണുമല്ലോ.  എന്റെ ആദ്യ ഉത്തരവ് തന്നെ നിങ്ങള്‍ക്ക് വേണ്ടിയാണ്. നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണ്. നാളെ നിങ്ങള്‍ക്ക് ഞാന്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്ന് കരുതി വെള്ളത്തില്‍ ചാടാനോ ചൂണ്ട ഇടാനോ പോകല്ലേ. നമ്മുടെ ജില്ലയില്‍ നല്ല മഴയാണ്. എല്ലാവരും വീട്ടില്‍ തന്നെ ഇരിക്കണം. അച്ചന്‍ അമ്മമാര്‍ ജോലിക്ക് പോയിട്ടുണ്ടാകും. അവരില്ലെന്ന് കരുതി പുറത്തേക്ക് ഒന്നും പോകരുത്. പകര്‍ച്ചവ്യാധി അടക്കം പകരുന്ന സമയമാണ്. പ്രത്യേകം ശ്രദ്ധിക്കണം. കൃത്യ സമയത്ത് ഭക്ഷണം കഴിക്കണം. അവധിയെന്ന് കരുതി മടി പിടിച്ച് ഇരിക്കാതെ പാഠ ഭാഗങ്ങള്‍ മറിച്ചു നോക്കണം. നന്നായി പഠിച്ച് മിടുക്കരാകൂ.

ഇടുക്കി കളക്ടറുടെ അറിയിപ്പ്

കനത്ത മഴ തുടരുന്നതിനാലും, അലെർട്ട് നിലനിൽക്കുന്നതിനാലും ഇടുക്കി ജില്ലയിലെ അങ്കണവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, CBSE / ICSE സ്കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുളള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും നാളെ (04/08/2022) അവധി ആയിരിക്കുന്നതാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇന്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.

വെള്ളക്കെട്ടില്‍ മീന്‍ പിടിക്കാനിറങ്ങി; മധ്യവയസ്കന്‍ മുങ്ങിമരിച്ചു

എറണാകുളം കളക്ടറുടെ അറിയിപ്പ്

കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 04/08/22 വ്യാഴം അവധിയായിരിക്കും. ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 04/08/22 വ്യാഴം അവധിയായിരിക്കും.

തൃശൂർ കളക്ടറുടെ അറിയിപ്പ്

ചാലക്കുടി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. കനത്ത മഴ തുടരുന്ന ചാലക്കുടി താലൂക്കിലെ  അങ്കണവാടികള്‍ അടക്കം നഴ്‌സറി തലം മുതല്‍ പ്രൊഫഷനല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (വ്യാഴം) അവധിയായിരിക്കും. റസിഡൻഷ്യൽ  സ്കൂളുകൾക്ക് അവധി ബാധകമല്ല. ദുരിതാശ്വാസ ക്യാംപുകളായി പ്രവർത്തിക്കുന്ന ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും.

PREV
Read more Articles on
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം