ഇന്ന് വൈകീട്ട് നാലരയോടെയാണ് അപകടമുണ്ടായത്. ആറുമണിയോടെ അഗ്നിരക്ഷാസേനയെത്തി മൃതദേഹം പുറത്തെടുത്തു.


തൃശൂര്‍: തൃശൂർ പുതുക്കാട് ഉഴിഞ്ഞാല്‍പാടത്തെ വെള്ളക്കെട്ടില്‍ മീന്‍പിടിക്കാനിറങ്ങിയ മധ്യവയസ്കന്‍ മുങ്ങിമരിച്ചു. കണ്ണമ്പത്തൂര്‍ പുത്തന്‍പുരക്കല്‍ വര്‍ഗീസിന്റെ മകന്‍ ബാബു (53) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് നാലരയോടെയാണ് അപകടമുണ്ടായത്. ആറുമണിയോടെ അഗ്നിരക്ഷാസേനയെത്തി മൃതദേഹം പുറത്തെടുത്തു. ഏഴ് പേരാണ് ഇന്ന് മഴക്കടുതിയില്‍ ഇതുവരെ മരിച്ചത്. സംസ്ഥാനത്ത് മഴക്കെടുതിയില്‍ ആകെ മരണം ഇരുപതായി.

അതേസമയം സംസ്ഥാനത്ത് മിക്ക ജില്ലകളിലും മഴ തുടരുകയാണ്. മഴക്കെടുതിയെത്തുടർന്നു സംസ്ഥാനത്ത് 178 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. 5168 പേരെ ഇവിടങ്ങളിലേക്കു മാറ്റിപ്പാർപ്പിച്ചു. തൃശൂരിലാണ് ഏറ്റവും കൂടുതൽ ആളുകളെ മാറ്റിപ്പാർപ്പിച്ചത്. ഇവിടെ 37 ക്യാംപുകളിലായി 1451 പേരെ മാറ്റി. തിരുവനന്തപുരത്ത് മൂന്നു ക്യാംപുകളിലായി 41 പേർ കഴിയുന്നുണ്ട്. പത്തനംതിട്ടയിൽ 32 ക്യാംപുകളിലായി 645 പേരെയും ആലപ്പുഴയിൽ ഒമ്പതു ക്യാംപുകളിലായി 167 പേരെയും കോട്ടയത്ത് 36 ക്യാംപുകളിലായി 783 പേരെയും മാറ്റിപ്പാർപ്പിച്ചു. 

ഇടുക്കിയിൽ തുറന്ന ഏഴു ദുരിതാശ്വാസ ക്യാംപുകളിലേക്ക് 128 പേരെ മാറ്റിപ്പാർപ്പിച്ചു. എറണാകുളത്ത് 19 ക്യാംപുകളിൽ 687 പേരുണ്ട്. പാലക്കാട് മൂന്നു ക്യാംപുകളിലായി 57 പേരെയും മലപ്പുറത്ത് നാലു ക്യാംപുകളിലായി 58 പേരെയും കോഴിക്കോട് 10 ക്യാംപുകളിലായി 429 പേരെയും വയനാട് 13 ക്യാംപുകളിലായി 572 പേരെയും കണ്ണൂരിൽ നാലു ക്യാംപുകളിലായി 105 പേരെയും കാസർകോഡ് ഒരു ക്യാംപിൽ 45 പേരെയും മാറ്റിപ്പാർപ്പിച്ചു.

Read More : ചേറ്റുവ ബോട്ട് അപകടം: കണ്ടെത്തിയ മൃതദേഹങ്ങൾ വീണ്ടും ഒഴുക്കിൽപെട്ടു, കടലിൽ തിരച്ചിൽ തുടരുന്നു

ദുരന്തമുഖത്തേക്ക് ടൂറിസം വേണ്ട: ക‍ര്‍ശന താക്കീതുമായി റവന്യൂമന്ത്രി

പത്തനംതിട്ട: കനത്ത മഴയെ തുടര്‍ന്ന് പ്രകൃതിക്ഷോഭമുണ്ടായ മേഖലകളിൽ ആളുകൾ കാഴ്ച കാണാൻ എത്തുന്നത് ഒരു രീതിയിലും അംഗീകരിക്കില്ലെന്ന് റവന്യൂ മന്ത്രി കെ.രാജൻ. ദുരന്തമേഖലയിൽ ആളുകൾ ചുമ്മാ കാഴ്ച കാണാൻ എത്തുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇത്തരം പ്രവൃത്തികൾ തടയണമെന്ന് പൊലീസിനോട് ആവശ്യപ്പെടുമെന്നും റവന്യൂ മന്ത്രി പറഞ്ഞു. 

മന്ത്രിയുടെ വാക്കുകൾ - 

മണിക്കൂറിൽ 55 കിമീ വേഗതയിൽ വരെ നിലവിൽ കടലിൽ കാറ്റ് വീശുന്നുണ്ട്. അതിതീവ്ര മഴയ്ക്കുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ 18 മണിക്കൂറിൽ മഴയുടെ അളവിൽ കുറവുണ്ട്. എങ്കിലും ഇക്കാര്യത്തിൽ ജാഗ്രത തുടരുകയാണ്. ഡാം മാനേജ്മെൻ്റ് കൃത്യമായി നടക്കുന്നുണ്ട്. റൂൾ കര്‍വ് അനുസരിച്ച് ഡാമുകളിലെ ജലനിരപ്പ് ക്രമീകരിച്ചിട്ടുണ്ട്. കൃത്യമായ ഇടവേളകളിൽ ഡാമുകളിലെ ജലനിരപ്പ് പരിശോധിച്ച് വെള്ളം ഒഴുക്കിവിടാൻ ക്രമീകരണം നടത്തിയിട്ടുണ്ട്. 

പത്തനംതിട്ടയടക്കം മഴക്കെടുതി രൂക്ഷമായ ജില്ലകളിൽ ദേശീയ ദുരന്ത നിവാരണസേനയെ വിന്യസിച്ചിട്ടുണ്ട്. ശബരിമല തീ‍ര്‍ത്ഥാടനത്തിന് തടസ്സമില്ല. എന്നാൽ പമ്പയിൽ സ്നാനം അനുവദിക്കില്ല. ഇക്കാര്യത്തിൽ ജില്ലാഭരണകൂടത്തോട് എല്ലാവരും സഹകരിക്കണം. എന്നാൽ ശബരിമലയിലേക്കുള്ള യാത്രയിൽ വളരെ ജാഗ്രത വേണം. ഇക്കാര്യം തീര്‍ത്ഥാടകര്‍ ശ്രദ്ധിക്കണം. പാതയിലെ വെള്ളക്കെട്ട് ഒഴിവാക്കണമെന്ന് അധികൃതരോട് നിര്‍ദ്ദേശിച്ചു.