
തിരുവനന്തപുരം: തലസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം പെയ്ത കനത്ത മഴയിൽ നഗരത്തിൽ അനുഭവപ്പെട്ട രൂക്ഷമായ വെള്ളക്കെട്ടിൽ ജനങ്ങൾ പൊറുതിമുട്ടിയ അവസ്ഥയാണ് കണ്ടത്. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ കിഴക്കേക്കോട്ട ബസ് സ്റ്റാൻഡും പഴവങ്ങാടി റോഡും തമ്പാനൂരും ചാക്കയുമെല്ലാം വലിയ തോതിലുള്ള വെള്ളക്കെട്ടിൽ മുങ്ങിയ നിലയിലായിരുന്നു. ആമയിഴഞ്ചാൻ തോടിന്റെ കൈവഴികൾ നിറഞ്ഞൊഴുകിയതും ഓടകളിൽ മാലിന്യം വന്ന് മൂടിയതും നഗരത്തെ മണിക്കൂറുകളോളം ദുരിതത്തിലാക്കി. ഒരു ചെറിയ മഴ പെയ്താൽ പോലും നഗരത്തിൽ അഴുക്കുവെള്ളം നിറയുന്ന പതിവ് സ്ഥിതിക്ക് ഇത്തവണയും മാറ്റമുണ്ടായില്ല. കിഴക്കേക്കോട്ടയിൽ യാത്രക്കാർക്ക് നിൽക്കാൻ പോലും ഇടമില്ലാത്ത സാഹചര്യമാണ് ഉണ്ടായത്. പഴവങ്ങാടി ക്ഷേത്രത്തിന് മുന്നിൽ മുട്ടിന് മുകളിൽ വെള്ളം ഉയർന്നതോടെ സമീപത്തെ കടകളിലും വെള്ളം കയറി. തോടുകളിലൂടെയും ഓടകളിലൂടെയും വെള്ളം തടസ്സമില്ലാതെ ഒഴുകാൻ മുൻകൂട്ടി ചെയ്ത പണികളെല്ലാം വെറുതെയായോ എന്ന ചോദ്യം ഇതോടെ ശക്തമായിട്ടുണ്ട്.
ഒരു ദിവസം മഴ തകർത്ത് പെഴ്തപ്പോൾ തന്നെ ഇതാണ് അവസ്ഥയെങ്കിൽ യഥാർത്ഥ കാലവർഷം എത്തുമ്പോൾ നഗരത്തിന്റെ സ്ഥിതി എന്താകുമെന്ന ചോദ്യമാണ് തലസ്ഥാന വാസികൾ ഒരേ സ്വരത്താൽ ഉയർത്തുന്നത്. ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചവരെല്ലാം പങ്കുവച്ച ആശങ്കയും ഇതുതന്നെയാണ്. ഓടകൾ കൃത്യമായി വൃത്തിയാക്കാത്തതാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. വരാനിരിക്കുന്ന കാലവർഷത്തിന് മുൻപ് ഈ ഗുരുതരമായ പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ തലസ്ഥാന നഗരത്തിലെ അവസ്ഥ രൂക്ഷമാകുമെന്നതിൽ ആർക്കും സംശയമില്ല. കാലവർഷം വരാനിരിക്കെ പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ തലസ്ഥാന നഗരം വെള്ളക്കെട്ടിലാകുന്ന ഗുരുതര സാഹചര്യമാകും സംഭവിക്കുകയെന്നാണ് തലസ്ഥാന വാസികൾ ഒന്നടങ്കം ചൂണ്ടിക്കാട്ടിയത്.
അതേസമയം സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തലസ്ഥാനത്ത് അതിശക്ത മഴക്ക് സാധ്യതയെന്നാണ് പ്രവചനം. ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ശനിയാഴ്ച വൈകിട്ട് 5 മണിയോടെ പുറപ്പെടുവിച്ച മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ 7 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് പരക്കെ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam