
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ അതി തീവ്ര ന്യൂന മർദ്ദ സാധ്യതയുള്ളതിനാൽ അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് വ്യാപകമായി മഴക്ക് സാധ്യതയുണ്ടെ്ന് കേന്ദ്ര കാലാവാസ്ഥാ വകുപ്പ്. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലുമായി തീവ്ര ന്യൂന മർദ്ദം സ്ഥിതി ചെയ്യുന്നു. അടുത്ത 12 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും സമീപ വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലുമായി അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്താ വകുപ്പ് മുന്നറിയിപ്പ് നൽകി.
ന്യൂനമർദ്ദം തുടർന്നും പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് സെപ്റ്റംബർ 23-ന് രാത്രി /സെപ്റ്റംബർ 24-ന് പുലർച്ചെയോടെയും, വിശാഖപട്ടണത്തിനും ഗോപാൽപൂരിനും ഇടയിൽ വടക്കൻ ആന്ധ്രാപ്രദേശ്–തെക്കൻ ഒഡീഷ തീരങ്ങൾക്കിടയിലൂടെ അതിതീവ്ര ന്യൂനമർദ്ദമായി കരതൊടാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ 25 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നാളെ 7 ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്.
24ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും 25ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അതേസമയം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam