
തിരുവനന്തപുരം: ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി നൽകുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. സംസ്ഥാനത്ത് തുടർച്ചയായ മഴ പ്രതീക്ഷിക്കുന്നു. പ്രളയത്തിന് ശേഷം കൂടുതൽ മഴ കിട്ടിയ സമയമാണെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ലയിൽ ശരാശരി 180 മി.മീ മഴ കിട്ടി. 17 ക്യാമ്പുകൾ തുടങ്ങിയിട്ടുണ്ട്. 572 പേര് ക്യാമ്പുകളിൽ താമസിക്കുന്നുണ്ട്. നഗരത്തിൽ മാത്രം 15 ക്യാമ്പുകൾ തുറന്നെന്നും മന്ത്രി പറഞ്ഞു.
കോർപറേഷനും കൺട്രോൾ റൂം തുടങ്ങിയിട്ടുണ്ട്. താലൂക് കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കും. 6 വീടുകൾ പൂർണമായും തകർന്നു എന്നാണ് പ്രാഥമിക വിവരം.11 വീടുകൾ ഭാഗികമായി തകർന്നു. ആളുകൾ ക്യാമ്പുകളിൽ പോകാൻ വിമുഖത കാണിക്കുന്നുണ്ട്. എന്നാൽ ക്യാമ്പുകളിലേക്ക് മാറാൻ മടിക്കരുത്. വെള്ളം ഒഴുകി പോകാനുള്ള സംവിധാനം ഒരുക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂരും കാസർകോഡും ഒഴികെ 8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. നാളെയും നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കൂടാതെ നാളെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. നെയ്യാർ, വാമനപുരം നദിയിൽ യെല്ലോ അലർട്ടും കരമന നദിയിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി വ്യാപക മഴ തുടരും.
കരമന നദിയിലെ (തിരുവനന്തപുരം) വെള്ളകടവ് സ്റ്റേഷൻ ഇന്ന് ഓറഞ്ച് അലർട്ടും നെയ്യാർ നദിയിലെ (തിരുവനന്തപുരം) അരുവിപ്പുറം സ്റ്റേഷൻ, വാമനപുരം നദിയിലെ (തിരുവനന്തപുരം) അയിലം സ്റ്റേഷൻ എന്നിവിടങ്ങളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിരിക്കുന്നതിനാൽ തീരത്തോട് തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണെന്ന് കേന്ദ്ര ജല കമ്മീഷൻ (CWC) അറിയിച്ചു. അറബിക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം കൂടുതൽ ശക്തി പ്രാപിക്കുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിപ്പിൽ പറയുന്നു.
https://www.youtube.com/watch?v=Ko18SgceYX8