
പാലക്കാട്: പാലക്കാട് ജില്ലയിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക നഷ്ടം. കല്ലടിക്കോട് വീടിന് മുകളിലേക്ക് മരം വീണ് മൂന്നു പേർക്ക് പരിക്കേറ്റു. മേലേമഠം എതിർപ്പുള്ളി വാസുവിൻ്റെ വീടാണ് അഞ്ച് മരങ്ങൾ കടപുഴകി വീണ് തകർന്നത്. നിസാര പരിക്കേറ്റ വാസു, ഭാര്യ ജാനകി, കൊച്ചുമകൻ അഭിജിത് എന്നിവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പയ്യനടത്ത് നിർത്തിയിട്ട കാർ മരം കടപുഴകി വീണ് തകർന്നു. കാഞ്ഞിരപ്പുഴ സ്വദേശി റിയാസിൻ്റെ കാറാണ് തകർന്നത്. ശക്തമായ കാറ്റിൽ അട്ടപ്പാടിയിൽ ഹോട്ടലിൻ്റെ മേൽക്കൂരയും, കാരാകുറുശ്ശിയിൽ പഞ്ചായത്ത് കെട്ടിടത്തിന്റെ മേൽക്കൂരയും കാറ്റിൽ പറന്നുപോയി. മണ്ണാർക്കാട് ചിറക്കപ്പടിയിൽ ഫുട്ബോൾ ടർഫിൻ്റെയും വീടിൻ്റെയും മേൽക്കൂര തകർന്നു വീണു. ഒറ്റപ്പാലം പനമണ്ണ, വാണിയംകുളം, കോതകുറുശി ഭാഗങ്ങളിൽ മരങ്ങൾ വീണ് 22 വൈദ്യുതി പോസ്റ്റുകൾ തകർന്നു. 31 ഇടങ്ങളിൽ ലൈനുകൾ പൊട്ടി. മണ്ണാ൪ക്കാട് ചങ്ങലീരി, കാരകുറുശ്ശി, അലനല്ലൂർ, ചെത്തല്ലൂ൪ പ്രദേശങ്ങളിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.
പാലക്കാട് പറമ്പിക്കുളം ഡാമിൻ്റെ ഒരു സ്പിൽവേ ഷട്ടർ 10 സെൻറീ മീറ്റർ വീതം ഉയ൪ത്തി. നീരൊഴുക്ക് ശക്തമായതിനാൽ പാലക്കാട് ശിരുവാണി ഡാം സ്ലൂയിസ് ഷട്ടറുകൾ നാളെ രാവിലെ എട്ടുമണിമുതൽ വൈകീട്ട് അഞ്ചുവരെ 5 മുതൽ 100 സെൻറീമീറ്റ൪ വരെ ക്രമാതീതമായി ഉയ൪ത്തും. ശിരുവാണി പുഴ, അട്ടപ്പാടി, ഭവാനി പുഴ തീരത്ത് ജാഗ്രത നി൪ദേശം.