ഷോപ്പിങ് മാളിൽ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പിന്തുടര്‍ന്ന് മര്‍ദിച്ച പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിൽ സേനയിൽ അമര്‍ഷം പുകയുന്നു. സുരേഷ് ഗോപിയുടെ മാസ് ഡയലോഗ് സാമൂഹിക മാധ്യമങ്ങളിലൂടെ സ്റ്റാറ്റസ് ആക്കിയാണ് പൊലീസുകാരുടെ പ്രതിഷേധം

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഷോപ്പിങ് മാളിൽ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പിന്തുടര്‍ന്ന് മര്‍ദിച്ച പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിൽ സേനയിൽ വന്‍ പ്രതിഷേധം. പൊലീസുകാരനെ വളഞ്ഞിട്ടാക്രമിച്ചത് അപമാനകരമാണെന്ന് പൊലീസ് അസേസിയേഷൻ കുറ്റപ്പെടുത്തി. പൊലീസുകാരനെതിരെ കേസെടുത്തതിലും എസ്എഫ്ഐക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് മാത്രം ചുമത്തി കേസെടുത്തതിലും അമര്‍ഷം തുറന്നുപ്രകടിപ്പിക്കുകയാണ് പൊലീസുകാര്‍. അസോസിയേഷൻ വാര്‍ത്താക്കുറിപ്പിറക്കിയതിന് പുറമെ ദ കമ്മീഷണര്‍ സിനിമയിലെ സുരേഷ് ഗോപിയുടെ മാസ് ഡയലോഗ് സാമൂഹിക മാധ്യമങ്ങളിലൂടെ സ്റ്റാറ്റസ് ആക്കിയാണ് പൊലീസുകാര്‍ അവരുടെ അമര്‍ഷം കടിച്ചമര്‍ത്തുന്നത്. മിക്ക പൊലീസുകാരുടെയും സാമൂഹിക മാധ്യമങ്ങളിലെ സ്റ്റാറ്റ്സ് ഇപ്പോള്‍ സുരേഷ് ഗോപിയുടെ ഈ സംഭാഷണമാണ്.

Add Asianetnews as a Preferred SourcegooglePreferred

സുരേഷ് ഗോപി അവതരിപ്പിച്ച ഭരത് ചന്ദ്രൻ ഐപിഎസ് മോഹൻതോമസിന്‍റെ ഉച്ഛിഷ്ടവും എന്ന് പറഞ്ഞ് തുടങ്ങുന്ന സംഭാഷണമാണ് റീലായി കട്ട് ചെയ്ത് വ്യാപകമായി പൊലീസുകാര്‍ സാമൂഹിക മാധ്യമങ്ങളിലും വാട്സ്ആപ്പുകളിലും സ്റ്റാറ്റസ് ആക്കിയിരിക്കുന്നത്. കാക്കിയിട്ടവനുനേരെ കയ്യോങ്ങിയാൽ തനിക്ക് നോവില്ല, കൂട്ടത്തിലൊരുത്തൽ ചങ്കുപൊട്ടി ചോരയൊലുപ്പിച്ച് നിന്നാലും തനിക്ക് നോവില്ല എന്ന് മേലുദ്യോഗസ്ഥനെ ചൂണ്ടി സുരേഷ് ഗോപി പറയുന്ന ഭാഗം മുതൽ ജസ്റ്റ് റിമമ്പര്‍ ദാറ്റ് എന്ന് പറഞ്ഞ് അവസാനിപ്പിക്കുന്ന ഭാഗവരെയാണ് കട്ട് ചെയ്ത് ബാക്ക് ഗ്രൗണ്ട് മ്യൂസിക്കോടെ പ്രചരിപ്പിക്കുന്നത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ കാര്‍ത്തിക്കിനെ ഉന്നമിട്ടാണ് ഈ റീൽ പ്രചരിപ്പിക്കുന്നത്. കമീഷണര്‍ സിപിഎമ്മിന്‍റെ സമ്മര്‍ദ്ദത്തിന് വഴങ്ങി, പൊതുയിടത്തിൽ കൂട്ട മര്‍ദനത്തിന് ഇരയായ പൊലീസുകാരന് മിഥുന്‍ റോയിക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയെന്നാണ് ആരോപണം. മിഥുനെ മാത്രമല്ല, ഒപ്പമുണ്ടായിരുന്ന സഹോദരിയേയും കേസിൽ പ്രതിയാക്കി. 

മിഥുനെയും സഹോദരിയേയും പിന്തുടര്‍ന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അസഭ്യം പറയുന്നതും പ്രകോപിക്കുന്നതും പുറത്ത് വന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്. പ്രകോപനത്തിന് പിന്നാലെയാണ് വളഞ്ഞിട്ട് മര്‍ദ്ദിക്കുന്നത്. ഇത്രയും ദൃശ്യങ്ങള്‍ ഉണ്ടായിട്ടും മുന്‍കൂട്ടി ആസൂത്രണം ചെയ്ത് മിഥുനും സഹോദരിയും ആയുധം ഉപയോഗിച്ച് ആക്രമിച്ചുവെന്നാണ് എഫ് ഐ ആറിൽ പറയുന്നത്. ഇടി വള കൊണ്ട് നെഞ്ചിലും മുതുകിലും ഇടിച്ചെന്നും എസ് എഫ് ഐ പ്രവര്‍ത്തകരെ അടിച്ച് കൊല്ലാന്‍ സഹോദരി വിളിച്ചു പറഞ്ഞെന്നും എഫ് ഐ ആറില്‍ പറയുന്നു. അതേസമയം, മിഥുൻ നല്കിയ പരാതിയിൽ എസ് എഫ് ഐക്കാര്‍ക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ മാത്രമാണ് ചുമത്തിയത്.

ഇതോടെയാണ് സേനയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നത്. ജോലി ചെയ്തതിന്‍റെ പേരിൽ പൊലീസുകാരനെ വളഞ്ഞിട്ട് ആക്രമിച്ചത് ജനാധിപത്യ സമൂഹത്തിന് അപമാനമെന്ന് കേരള പൊലീസ് അസോസിയേഷന്‍റെ വാര്‍ത്താകുറിപ്പിൽ തുറന്നടിച്ചു. ഉത്തരവാദിപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ പേരിൽ നാട്ടിഷ അരാജകത്വം സൃഷ്ടിക്കാനാണ് ശ്രമമമെന്നും പൊലീസ് അസേസിയേഷന് കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് നടന്നു വരുന്ന പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിൽ വിഷയം ചര്‍ച്ച ചെയ്യാനാണ് ഒരു വിഭാഗം അംഗങ്ങളുടെ തീരുമാനം. നാളെ നടക്കുന്ന പ്രതിനിധി സമ്മേളനത്തിലും വിഷയം ഉയര്‍ന്നു വരും. പൊലീസുകാരനെ ആക്രമിച്ച നടപടിയെ എസ് എഫ് ഐ ജില്ലാ സെക്രട്ടറി എം എ നന്ദൻ അപലപിച്ചെങ്കിലും മിഥുന്‍റെ മുന്‍കാല ചെയ്തികള്‍ കൂടി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു.

എസ് എഫ് ഐ പ്രവര്‍ത്തകരായ രേവന്ത്, സുജിത് എന്നിവരും കണ്ടാലറിയാവുന്ന മറ്റ് രണ്ട് പേരുമാണ് മിഥുൻ നല്കിയ പരാതിയിലെ പ്രതികള്‍. ഇവരെ ഇത് വരെ അറസ്റ്റ് ചെയ്തിട്ടില്ല. ശംഖുമുഖത്ത് പുതുവത്സരാഘോഷത്തിനിടെ മിഥുൻ അടക്കമുളള പൊലീസുകാരുടെ ലാത്തിച്ചാര്‍ജിൽ ഇവര്‍ക്കും പരിക്കേറ്റിരുന്നു. അതിനുള്ള പ്രതികാരമാണ് മാളിൽ തീർത്തത്. സംഭവം വലിയ വിവാദമായി മാറുമ്പോഴും അന്വേഷണത്തിൽ മെല്ലേപോക്കാണ്. അതേ സമയം, മിഥുനെതിരെ ഇടത് സൈബർ ഹാന്‍ഡിലുകളിൽ വലിയ പ്രചാരണമാണുള്ളത്. പൊലീസുകാരനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ ഇടത് കേന്ദ്രങ്ങൾ ബിജിഎം ഇട്ട് സമൂഹമാധ്യങ്ങളിൽ പ്രചരിപ്പിക്കുകയാണ്. അതേസമയം, പൊലീസ് ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുന്ന രീതി ശരിയല്ലെന്നും പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളന തിരക്കിലായതിനാലാണ് പ്രതികരിക്കാൻ വൈകിയതെന്നും പൊലീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി എ സുധീര്‍ഖാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എസ്എഫ്ഐ ആക്രണം ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും സംഘടന പൊലീസുകാരനൊപ്പമാണെന്നും തെറ്റുകാരനല്ലെന്നും എ സുധീര്‍ഖാൻ പറഞ്ഞു.

YouTube video player