
തിരുവനന്തപുരം: നിലവിലെ സ്‌കൂൾ സമയക്രമം തുടരാൻ തീരുമാനിച്ചതായി മന്ത്രി വി ശിവൻകുട്ടി. അടുത്ത അക്കാദമിക വർഷം ആർക്കെങ്കിലും പരാതി ഉണ്ടെങ്കിൽ അന്നത്തെ സാഹചര്യം പരിഗണിച്ച് അക്കാര്യം ചർച്ച ചെയ്യാൻ സന്നദ്ധമാണ്. നിലവിൽ സർക്കാരിന്‍റെ തീരുമാനം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട് വിവിധ സംഘടനകളുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
2025 മെയ് 31ലെ സർക്കാർ ഉത്തരവ് പ്രകാരം ഒന്ന് മുതൽ നാലാം ക്ലാസ് വരെ 198 പ്രവൃത്തി ദിനങ്ങൾ ഉണ്ടായിരിക്കും. ക്ലാസ് അഞ്ച് മുതൽ ഏഴ് വരെ 200 പ്രവർത്തിദിനങ്ങൾ, ക്ലാസ് എട്ട് മുതൽ 10 വരെ 204 പ്രവർത്തിദിനങ്ങൾ എന്നിങ്ങനെയാണ് 2025-26 വർഷത്തെ അക്കാദമിക് കലണ്ടർ തയ്യാറായത്. എൽപി വിഭാഗം സ്‌കൂളുകൾക്ക് അധിക പ്രവർത്തിദിനം ഇല്ലാതെയും യുപി വിഭാഗം സ്‌കൂളുകൾക്ക് ആഴ്ചയിൽ ആറു പ്രവർത്തിദിനം വരാത്ത രീതിയിൽ രണ്ട് ശനിയാഴ്ചകൾ ഉൾപ്പെടുത്തിക്കൊണ്ടും ഹൈസ്‌കൂൾ വിഭാഗം സ്‌കൂളുകൾക്ക് ആറ് ശനിയാഴ്ചകൾ ഉൾപ്പെടുത്തികൊണ്ടുമാണ് കലണ്ടർ തയ്യാറാക്കിയിട്ടുള്ളത്.
ഹൈസ്‌കൂൾ വിഭാഗത്തിന് 1,100 ബോധന മണിക്കൂർ തികയ്ക്കുന്നതിന് വെള്ളിയാഴ്ച ഒഴികെയുള്ള 166 പ്രവർത്തി ദിനങ്ങളിൽ എല്ലാ ദിവസവും രാവിലെ 15 മിനിട്ടും ഉച്ചകഴിഞ്ഞ് 15 മിനുട്ടും അധിക പ്രവർത്തിസമയം ഉൾപ്പെടുത്തി പീരീഡ് ക്രമീകരിച്ചിട്ടുള്ളത്. രാവിലെ 9.45 മുതൽ ഉച്ചയ്ക്ക് ശേഷം 4.15 വരെയാണ് ഹൈസ്‌കൂൾ വിഭാഗം പുതുക്കിയ സമയക്രമം.
വിദ്യാഭ്യാസ കലണ്ടർ പ്രസിദ്ധീകരിച്ചത് വഴി പൊതു വിദ്യാഭ്യാസ മേഖലയിലെ അക്കാദമിക് നിലവാരം ഉറപ്പ് വരുത്തുക മാത്രമാണ് ചെയ്തിട്ടുള്ളത്. 220 പ്രവൃത്തി ദിനങ്ങൾ അല്ലെങ്കിൽ 1,100 ബോധന സമയം എന്ന് ആക്കിയത് നിലവിലെ കെ ഇ ആർ ചട്ടത്തിലെ വ്യവസ്ഥകൾ പ്രകാരമാണ്. ഈ അവസരത്തിൽ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ സ്‌കൂൾ കലണ്ടറുകളുമായും താരതമ്യം നടത്തിയാൽ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരും. ഗുജറാത്തിൽ 243 പ്രവൃത്തി ദിനങ്ങളും, ഉത്തർപ്രദേശിൽ 233, കർണാടക 244, ആന്ധ്രാപ്രദേശിൽ 233, ഡൽഹിയിൽ 220 എന്നീ പ്രകാരവും പ്രവൃത്തി ദിനങ്ങളാണുള്ളതെന്നും മന്ത്രി വിശദീകരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam