മഴ തുടരുന്നു, 12 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, സർവകലാശാല പരീക്ഷകളിൽ മാറ്റം

Published : Aug 02, 2022, 10:47 PM ISTUpdated : Aug 02, 2022, 10:50 PM IST
മഴ തുടരുന്നു, 12 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, സർവകലാശാല പരീക്ഷകളിൽ മാറ്റം

Synopsis

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ അതിതീവ്രമഴയ്ക്ക് സാധ്യത. ആലപ്പുഴ മുതൽ കണ്ണൂർ വരെ  10 ജില്ലകളിൽ നാളെയും റെഡ് അലർട്ട് പ്രഖ്യാപിച്ചു. പമ്പയടക്കം എട്ട് നദികളിൽ പ്രളയ സാധ്യതയെന്ന് ജലകമ്മീഷൻ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. 

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ അതിതീവ്രമഴയ്ക്ക് സാധ്യത. ആലപ്പുഴ മുതൽ കണ്ണൂർ വരെ  10 ജില്ലകളിൽ നാളെയും റെഡ് അലർട്ട് പ്രഖ്യാപിച്ചു. പമ്പയടക്കം എട്ട് നദികളിൽ പ്രളയ സാധ്യതയെന്ന് ജലകമ്മീഷൻ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഭാരതപ്പുഴയുടെ തീരത്ത് ജാഗ്രതനിർദേശം പുറപ്പെടുവിച്ചു. 

കനത്ത മഴയുടെ പശ്ചാത്തലത്തിൽ 12 ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, മലപ്പുറം, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, വയനാട്, തിരുവനന്തപുര, കൊല്ലം ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍  ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർമാർ അറിയിച്ചു. കാലിക്കറ്റ് സർവകലാശാലയും കേരളസർവ്വകലാശാലയും ബുധനാഴ്ച ( ഓഗസ്റ്റ് 3) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീടറിയിക്കും.  

തൃശ്ശൂരിൽ മഴമൂലം 7 വീടുകൾ ഭാഗികമായി തകർന്നു. ചാലക്കുടിയിൽ മൂന്നും, തൃശൂർ, മുകുന്ദപുരം, കൊടുങ്ങല്ലൂർ, ചാവക്കാട് മേഖലയിൽ ഓരോ വീടുകളുമാണ് തകർന്നത്. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ മണലി, കുറുമാലി, കരുവന്നൂര്‍ പുഴകളുടെ തീരങ്ങളും ഒഴിപ്പിക്കാന്‍ നടപടി തുടങ്ങി. രാത്രിയാവുന്നതിന് മുമ്പ് ജനങ്ങളെ ക്യാംപുകളിലേക്ക് മാറ്റാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ചാലക്കുടി പുഴയുടെ വെട്ടുകടവ് പാലത്തിനു താഴെ നീരൊഴുക്ക് തടസ്സപ്പെടുത്തുന്ന രീതിയില്‍ ഒഴുകിയെത്തിയ മരങ്ങള്‍ നീക്കം ചെയ്തു.

ഇരിങ്ങാലക്കുടയില്‍ കനത്ത മഴയില്‍ വീടുകളുടെ മതില്‍ ഇടിഞ്ഞ് വീണു,പൊറുത്തിശ്ശേരിയിലും ആസാദ് റോഡിലുമാണ് മതിലുകള്‍ തകര്‍ന്ന് വീണത്. പൊറുത്തിശ്ശേരി കല്ലട ബസ് സ്റ്റോപ്പ് പരിസരത്തുള്ള പുത്തൂര്‍ രമേശിന്റെ വീടിന്റെ മതിലാണ് തകര്‍ന്ന് വീണത്. വേളാങ്കണ്ണി നഗറില്‍ പടമാടന്‍ പോള്‍, കടങ്ങോട്ട് ആനി,കോട്ടോളി  ആനി, പയ്യപ്പിളളി എല്‍സി എന്നിവര്‍ താമസിക്കുന്ന നാല് വീടുകളുടെ പുറകിലുള്ള മതിലാണ് വീണത്. അപകട ഭീഷണിയെ തുടര്‍ന്ന് അംഗന്‍വാടിയിലേക്കും ബന്ധുവീടുകളിലേക്കുമായി ഇവര്‍ മാറി. കണ്ണൂരിൽ ഒഴുക്കിൽ പെട്ട മൂന്ന് പേരുടെ മൃതദേഹവും കിട്ടി. എൻ ഡി ആർ എഫും സൈന്യവും രക്ഷാപ്രവർത്തനവും അവസാനിപ്പിച്ചു.

Read Also: സംസ്ഥാനത്ത് 49 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു; 757 പേർ ക്യാംപുകളിൽ

 

10 ജില്ലകളില്‍ റെഡ് അലര്‍ട്ട്

ആലപ്പുഴ മുതൽ കണ്ണൂർ വരെ 10 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് റെഡ് അലർട്ട്    തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസര്‍കോട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ അതിശക്തമാകും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. തുടർച്ചയായ മഴയ്ക്കും ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ട്. അറബിക്കടലിൽ നിന്നുള്ള കാറ്റ് ശക്തമാകുന്നതിനാൽ തീരദേശ മേഖലകളിലും, കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ കിട്ടിയ മലയോരപ്രദേശങ്ങളിലും അതിജാഗ്രത വേണം. തുടർച്ചയായ ഉരുൾപ്പൊട്ടലിനും മലവെള്ളപാച്ചിലിനും സാധ്യത ഏറെയാണ്. യാതൊരുകരണവശാലും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.

ആറ് നദികളില്‍ പ്രളയ സാധ്യത

ആറ് നദികളില്‍ പ്രളയ സാധ്യതയെന്ന്  കേന്ദ്ര ജല കമ്മീഷൻ മുന്നറിയിപ്പ് നല്‍കി. അച്ചൻകോവിലാറും, ഗായത്രിപ്പുഴ  ,മീനച്ചിലാര്‍ എന്നിവയില്‍ ഓറഞ്ച് അലർട്ട് ആണ്. മണിമലയാർ, നെയ്യാർ, കരമനയാർ നദികളിലും പ്രളയ മുന്നറിയിപ്പ് ഉണ്ട്. മണിമലയാർ രണ്ട് ഇടങ്ങളിൽ അപകടനിലയ്ക്ക് മുകളിൽ ഒഴുകുകയാണ്.

Read Also; വാഹനത്തിൽ വെള്ളം കയറിയാൽ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍!

പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ

  • അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കേണ്ടതാണ്.
  • വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കണം.
  • അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയ്യാറാവേണ്ടതാണ്.
  • സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.
  • ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാവണം. ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമെർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിർദേശങ്ങൾ https://sdma.kerala.gov.in/.../2020/07/Emergency-Kit.pdf എന്ന ലിങ്കിൽ ലഭിക്കും.
  • ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല. ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.
  • അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം.
  • മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക.
  • കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. 

Read Also: അടുത്ത 3 ദിവസം നിർണായകമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശശി തരൂർ വീണ്ടും ഉടക്കിൽ?; മഹാപഞ്ചായത്തിൽ രാഹുൽ ഗാന്ധി അവഗണിച്ചെന്ന് പരാതി
ശബരിമലയിലെ കൊടിമര പുനഃപ്രതിഷ്ഠ ദേവപ്രശ്ന വിധി പ്രകാരം; തീരുമാനമെടുത്തത് എം പി ഗോവിന്ദന്‍ നായരുടെ ബോര്‍ഡ്