കനത്തമഴയിൽ ജലനിരപ്പുയർന്നു, മുല്ലപ്പെരിയാർ 136 അടി തൊട്ടു; ഇന്ന് ഡാം തുറക്കുമെന്ന് തമിഴ്നാടിന്‍റെ അറിയിപ്പ്, പ്രദേശവാസികൾക്ക് ജാഗ്രത നിർദ്ദേശം

Published : Jun 29, 2025, 12:40 AM IST
mullapperiyar

Synopsis

കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലെത്തി. ഇന്ന് രാവിലെ 10 മണിക്ക് ഡാം തുറക്കുമെന്ന് തമിഴ്നാട് അറിയിച്ചു

ഇടുക്കി: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വൃഷ്ടിപ്രദേശത്ത് ജലനിരപ്പുയരുന്നതോടെ മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കാൻ തീരുമാനിച്ചു. ജലനിരപ്പ് 136 അടിയായതോടെ ഞായറാഴ്ച രാവിലെ 10 മണിക്ക് മുല്ലപ്പെരിയാർ ഡാമിന്‍റെ ഷട്ടർ ഉയർത്തുമെന്ന് തമിഴ്നാട് അറിയിച്ചു. പരമാവധി 1000 ഘനയടി വെള്ളമാണ് തുറന്നു വിടുക. പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു. വൃഷ്ടി പ്രദേശമായ പെരിയാർ കടുവ സങ്കേതത്തിലെ വനത്തിൽ വീണ്ടും മഴ ശക്തമായതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചിരിക്കുകയാണ്. നിലവിൽ ജലനിരപ്പ് 136 അടിയായി ഉയർന്നിട്ടുണ്ട്. ഡാം തുറന്ന് കഴിഞ്ഞാൽ പെരിയാർ നദിയിലൂടെ ഒഴുകിയാണ് വെള്ളം ഇടുക്കി അണക്കെട്ടിൽ എത്തേണ്ടത്.

പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം

1 നദീ തീരത്തോട് വളരെയടുത്തുള്ള വെള്ളം കയറാൻ സാധ്യതയുള്ള വീടുകളിലുള്ളവർ ആവശ്യമെങ്കിൽ ബന്ധു വീടുകളിലേക്ക് മാറണം

2 ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറാനുള്ള സൌകര്യവും ഒരുക്കിയിട്ടുണ്ട്.

3 മേഖലയിൽ 20 ദുരിതാശ്വാസ ക്യമ്പുകൾ ക്രമീകരിക്കും

4 മുല്ലപ്പെരിയാറിൽ നിന്നും പരമാവധി വെള്ളം തുറന്നു വിട്ടാൽ 883 കുടുംബങ്ങളിലെ 3200 ഓളം പേരെയാണ് ബാധിക്കുക.

5 സ്പിൽ വേ ഷട്ടറുകൾ തുറക്കുന്ന സമയത്ത് പെരിയാർ നദിയിൽ കുളിക്കാനും മറ്റുമായി ഇറങ്ങുന്നത് ഒഴിവാക്കണം

6 നദി മുറിച്ചു കടക്കുന്നതും ഒഴിവാക്കണം.

7 തീരദേശ വാസികൾ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല

8 പെരിയാർ നദിയിലെ ജലനിരപ്പ് കുറവായതിനാൽ മുല്ലപ്പെരിയാർ വെള്ളമെത്തിയാലും കാര്യമായ വർധനവ് ഉണ്ടാകില്ല

അതേസമയം കേരളത്തിൽ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. അറബിക്കടലിന് മുകളിലായി പുതിയ ന്യൂനമർദം രൂപപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ 5 ദിവസം കൂടി മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

അടുത്ത ദിവസങ്ങളിലെ മഴ സാധ്യത പ്രവചനം

മഞ്ഞ അലർട്ട്

29/06/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഒടുവിൽ ബാലമുരുകൻ പിടിയിൽ; വിയ്യൂര്‍ ജയിൽ പരിസരത്ത് നിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടിയത് തമിഴ്നാട്ടിൽ നിന്ന്
കഴക്കൂട്ടത്തെ നാലു വയസുകാരന്‍റെ മരണത്തിൽ ദുരൂഹത; കഴുത്തിൽ അസ്വഭാവികമായ പാടുകള്‍, പോസ്റ്റ്‍മോര്‍ട്ടം ഇന്ന്