
പാലക്കാട്: പാലക്കാട് നഗരസഭയിൽ പ്രതിഷേധം. നഗരസഭയ്ക്ക് കീഴിലെ നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവ് ഹെഡ്ഗേവാറിന്‍റെ പേര് നൽകാനുള്ള തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് നഗരസഭാ യോഗം ആരംഭിക്കുന്നതിന് മുമ്പ് പ്രതിഷേധവുമായി യുഡിഎഫും എൽഡിഎഫും രംഗത്തെത്തുകയായിരുന്നു. ഇതോടെ ബിജെപി കൗണ്‍സിലര്‍മാരുമായി തര്‍ക്കമുണ്ടായി.സംഘര്‍ഷത്തിനിടെ നഗരസഭ ചെയര്‍പേഴ്സിനെ കയ്യേറ്റം ചെയ്തു.
തുടര്‍ന്നാണ് പ്രതിഷേധം കയ്യാങ്കളിയിലെത്തിയത്. കൗണ്‍സിൽ തുടങ്ങുന്നതിന് മുമ്പ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി. നഗരസഭയിൽ സംഘര്‍ഷാവസ്ഥ തുടരുകയാണ്. പൊലീസ് ഇടപെട്ടിട്ടും സംഘര്‍ഷാവസ്ഥയ്ക്ക് അയവുവന്നിട്ടില്ല. കൗണ്‍സിൽ യോഗത്തിൽ ബിജെപി പുറത്ത് നിന്ന് ആളെ കൊണ്ടുവന്നുവെന്നാരോപിച്ചാണ് കോണ്‍ഗ്രസും എൽഡിഎഫും രംഗത്തെത്തിയത്.
ആരാണ് ഹെഡ്ഗേവാര്‍ എന്ന് ഇംഗ്ലീഷിലെഴുതിയ പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചത്. പുറത്തുനിന്നുവന്ന ആളുകള്‍ കൗണ്‍സിലര്‍മാരെ കയ്യേറ്റം ചെയ്തുവെന്ന് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. ഇതിനിടെ, നഗരസഭയ്ക്ക് പുറത്ത് പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകരും രംഗത്തെത്തി. നേരത്തെയും വിവാദത്തിൽ പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാൽ, തീരുമാനവുമായി മുന്നോട്ടുപോകുമെന്ന ഉറച്ച നിലപാടിലാണ് പാലക്കാട് നഗരസഭ നേതൃത്വം.
അതേസമയം, അനധികൃതമായി കൗണ്‍സിൽ യോഗത്തിൽ ആരെയും കയറ്റിയിട്ടില്ലെന്നും യുഡിഎഫ്, എൽഡിഎഫ് അംഗങ്ങള്‍ മനപൂര്‍വം പ്രശ്നമുണ്ടാകുകയായിരുന്നുവെന്നും ബിജെപി ആരോപിച്ചു. യുഡിഎഫ്,എൽഡിഎഫ് പ്രതിഷേധത്തിനിടെ പാലക്കാട് ജിന്ന സ്ട്രീറ്റിന്‍റെ പേര് മാറ്റണമെന്ന പ്ലക്കാര്‍ഡുകളുമായി ബിജെപിയും പ്രതിഷേധവുമായി രംഗത്തെത്തി. പാകിസ്ഥാൻ ജിന്ന പാലക്കാടിന് വേണഅട, ജിന്ന സ്ട്രീറ്റും വേണ്ടേ, വേണ്ട എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായിട്ടാണ് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം.
കയ്യാങ്കളിയും പ്രതിഷേധവും തുടരുന്നതിനിടെ നാടകീയ രംഗങ്ങളാണ് പാലക്കാട് നഗരസഭയിലുണ്ടായത്. സംഘര്‍ഷത്തിൽ യുഡിഎഫ് കൗണ്‍സിലര്‍ മൻസൂറിന് പരിക്കേറ്റു. രണ്ട് കൗണ്‍സിലര്‍മാര്‍ കുഴഞ്ഞുവീണു. യുഡിഎഫ് കൗണ്‍സിലര്‍ അസനപ്പ, എൽഡിഎഫ് കൗണ്‍സിലര്‍ സലീന എന്നിവരാണ് കുഴഞ്ഞുവീണത്. ബിജെപി കൗണ്‍സിലര്‍മാരെ ചേംബറിൽ നിന്ന് മാറ്റണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. എന്നാൽ, മാറില്ലെന്ന് ബിജെപി വ്യക്തമാക്കി.
ഉച്ചയോടെ പ്രതിഷേധിച്ച കൗണ്‍സിലര്‍മാരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. ചെയര്‍പേഴ്സന്‍റെ ചേംബറിന് മുന്നിൽ പ്രതിഷേധിച്ച എൽഡിഎഫ്, യുഡിഎഫ് കൗണ്‍സിലര്‍മാരെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്.
പേരുമായി മുന്നോട്ടെന്ന് ചെയര്‍പേഴ്സണ്‍
നൈപുണ്യ വികസന കേന്ദ്രത്തിന് ഹെഡ്ഗേവാറിന്‍റെ പേര് നൽകാനുള്ള തീരുമാനവുമായി മുന്നോട്ടുപോകുമെന്ന് പാലക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരൻ വ്യക്തമാക്കി. പേരിടാനുള്ള അജണ്ട പാസായി. അജണ്ട പാസാകാൻ മാത്രമുള്ള അംഗ സംഖ്യ ഞങ്ങൾക്കുണ്ട്. പാലക്കാട് നഗരസഭ ബി ജെ പി യാണ് ഭരിക്കുന്നത്. അതുകൊണ്ട് പേരിടാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നും പ്രമീള ശശിധരൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam