'മോദി സർക്കാർ നൽകിയ സഹായം സംബന്ധിച്ച് ധവളപത്രമിറക്കാൻ മുഖ്യമന്ത്രി തയ്യാറാകണം ' കെ സുരേന്ദ്രന്‍

By Web TeamFirst Published Jan 19, 2023, 5:22 PM IST
Highlights

യുപിഎ സർക്കാർ 10 വർഷമായി നൽകിയ സഹായവും, മോദി സർക്കാർ എട്ടുവർഷമായി നൽകിയ സഹായവും തമ്മിൽ താരതമ്യം ചെയ്യാൻ ധനമന്ത്രി കെഎൻ ബാലഗോപാൽ തയ്യാറുണ്ടോയെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട്

തിരുവനന്തപുരം:സംസ്ഥാനം കടക്കെണിയിലാകാൻ കാരണം ഇടത് സർക്കാരിന്‍റെ  അഴിമതിയും ധൂർത്തുമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അതിന് കേന്ദ്രത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല മോദി സർക്കാർ കേരളത്തിന് നൽകിയ സാമ്പത്തിക സഹായത്തെ കുറിച്ച് ധവളപത്രമിറക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു. മറ്റ് സംസ്ഥാനങ്ങളിൽ പോയി കേന്ദ്രം കേരളത്തെ അവഗണിക്കുകയാണെന്ന് പറയുന്നത് പിണറായി വിജയൻ നിർത്തണം. യുപിഎ സർക്കാർ 10 വർഷമായി നൽകിയ സഹായവും മോദി സർക്കാർ എട്ടുവർഷമായി നൽകിയ സഹായവും തമ്മിൽ താരതമ്യം ചെയ്യാൻ ധനമന്ത്രി കെഎൻ ബാലഗോപാൽ തയ്യാറുണ്ടോ? മോദിയുടെ കാലത്താണ് കേരളത്തിന് ഏറ്റവും കൂടുതൽ സഹായം ലഭിച്ചത്. ചരിത്രത്തിൽ ഇന്നേവരെയില്ലാത്ത തുകയാണ് 2021-22 കാലത്ത് കേന്ദ്രം കേരളത്തിന് അനുവദിച്ചത്.  69,000 കോടി രൂപയാണ് കേന്ദ്രം കേരളത്തിന് അധികം നൽകിയതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു

കേരളത്തെ പിണറായി സർക്കാർ സമ്പൂർണമായ തകർച്ചയിലേക്ക് നയിക്കുകയാണ്. ലോട്ടറിയും മദ്യവുമല്ലാതെ സംസ്ഥാനത്തിന് മറ്റു വരുമാന മാർഗമില്ല. കേരളത്തിന്‍റെ  താത്പര്യമല്ല മറിച്ച് സിപിഎമ്മിന്‍റെ  രാഷ്ട്രീയ താത്പര്യം സംരക്ഷിക്കാനാണ് സർക്കാർ കെവി തോമസിനെ ഡൽഹിയിൽ നിയമിക്കുന്നത്. ജനജീവിതം ദുസഹമാവുമ്പോഴും സർക്കാർ ധൂർത്ത് തുടരുകയാണ്. സ്വജനപക്ഷപാതവും അഴിമതിയുമാണ് ഈ സർക്കാരിന്‍റെ  കൈമുതൽ. കേരളത്തിന്‍റെ  സാമ്പത്തിക സ്ഥിതിയെ കുറിച്ച് മുഖ്യമന്ത്രിയും ധനമന്ത്രിയും വ്യാജപ്രചരണമാണ് നടത്തുന്നത്.  700 കോടിയോളം ജിഎസ്ടി കുടിശ്ശിക ഉള്ളപ്പോൾ 7,000 കോടി കുടിശ്ശിക കേന്ദ്രം നൽകാനുണ്ടെന്ന പച്ചക്കള്ളമാണ് ധനമന്ത്രി പറഞ്ഞതെന്നും സുരേന്ദ്രൻ വ്യക്തമാക്കി

വൻകിട കുത്തകക്കാരുടെ നികുതി പിരിക്കാതെ സാധാരണക്കാരെ പിഴിയുകയാണ് പിണറായി സർക്കാർ ചെയ്യുന്നത്. നിത്യോപയോഗ സാധനങ്ങൾക്കും വൈദ്യുതിക്കും വെള്ളത്തിനും വില കൂട്ടി പൊതുജനങ്ങളെ ദ്രോഹിക്കുകയാണ് മുഖ്യമന്ത്രി. എന്നാൽ ഒരു ഭാഗത്ത് നികുതിവെട്ടിപ്പുകൾ കേരളത്തിൽ പതിവായിരിക്കുകയാണ്. സംസ്ഥാനത്തിന്‍റെ  പൊതുകടം അപകടകരമാംവിധം വർദ്ധിച്ചിരിക്കുന്നു. വിലക്കയറ്റം തടയാൻ സർക്കാർ വിപണിയിൽ ഇടപെടൽ നടത്തുന്നില്ല. കാർഷിക ഉത്പന്നങ്ങൾക്ക് താങ്ങുവില വർദ്ധിപ്പിക്കാൻ ഇടപെടുന്നില്ല. ഡൽഹിയിൽ ചേർന്ന ദേശീയനിർവാഹക സമിതിയുടെ തീരുമാനങ്ങൾ കേരളത്തിലും നടപ്പിലാക്കും. ഫെബ്രുവരി നാലിന് സംസ്ഥാന കമ്മിറ്റി ചേർന്ന് ഇടത് സർക്കാരിനെതിരായ സമരങ്ങൾ തീരുമാനിക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു

click me!