
തിരുവനന്തപുരം: ഹേമ കമ്മീഷൻ റിപ്പോർട്ട് പൂഴ്ത്തിവെച്ചതിന് സംസ്ഥാന സർക്കാർ ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹേമ കമ്മീഷൻ റിപ്പോർട്ടിൻമേൽ അടിയന്തരമായി നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാവണം. ഇടതുപക്ഷ സർക്കാരിൻ്റെ സ്ത്രീവിരുദ്ധ നയങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. സിനിമാ സെറ്റുകളിലെ സ്ത്രീവിരുദ്ധത അവസാനിപ്പിക്കാൻ സർക്കാർ ശക്തമായ നിലപാടെടുക്കണം. സിനിമാ സെറ്റുകൾ സ്ത്രീ സൗഹാർദ്ദമാക്കാൻ വേണ്ട ഇടപെടലുകൾ സർക്കാർ കൈക്കൊള്ളണം. ശുചിമുറികളും വസ്ത്രം മാറാനുള്ള സൗകര്യങ്ങളും ഉറപ്പു വരുത്തണം.
ഇതുവരെ വേട്ടക്കാർക്കൊപ്പമുള്ള നിലപാടെടുത്തത് ഇനിയെങ്കിലും സർക്കാർ തിരുത്താൻ തയ്യാറാവണം. ഇരകളുടെ വിവരങ്ങൾ മറച്ചുവെക്കേണ്ടത് സർക്കാരിൻ്റെ നിയമപരമായ ബാധ്യതയാണ്. എന്നാൽ അതിക്രമം നടത്തിയവരുടെ വിവരങ്ങൾ മറച്ചുവെച്ചത് എന്തിൻ്റെ പേരിലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സിനിമാ സെറ്റുകളിലെ സമാന്തര ഭരണം ഇല്ലാതാക്കി സ്ത്രീകൾക്ക് അന്തസായി തൊഴിൽ ചെയ്യാനുള്ള സാഹചര്യം സർക്കാർ ഉറപ്പു വരുത്തണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam