
കണ്ണൂര്‍: സ്ത്രീകൾക്ക് പ്രാതിനിധ്യം നൽകാത്ത താരസംഘടന അമ്മയുടെ ഭാരവാഹിപ്പട്ടിക വലിച്ചെറിയണമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി. അമ്മയ്ക്ക് പെൺമക്കളില്ലെന്ന് പണ്ടേ പറഞ്ഞതാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ ഗൗരവത്തിലുളള നടപടിയെടുക്കണമെന്നും മൊഴികളുടെ അടിസ്ഥാനത്തിൽ കേസെടുക്കാമോ എന്ന് നിയമോപദേശം തേടണമെന്നും ശ്രീമതി കണ്ണൂരിൽ പറഞ്ഞു.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ ഒരു പൂഴ്ത്തലും ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ പലരുടെയും സ്വകാര്യതയെ ബാധിക്കുന്ന പരാമര്‍ശങ്ങള്‍ ഉള്ളതിനാല്‍ പുറത്ത് വിടാന്‍ പാടില്ല എന്ന് ആവശ്യപ്പെട്ട് കൊണ്ട് ജസ്റ്റിസ് ഹേമ തന്നെ സര്‍ക്കാരിന് 2020 ഫെബ്രുവരി 19ന് കത്ത് നല്‍കിയിരുന്നു. അന്നത്തെ സാംസ്കാരിക വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറിക്കാണ് ജസ്റ്റിസ് ഹേമ ഇത്തരത്തില്‍ ഒരു കത്ത് നല്‍കിയത്.
തങ്ങളുടെ കമ്മറ്റി മുന്‍പാകെ സിനിമാ മേഖലയിലെ ചില വനിതകള്‍ നടത്തിയത് തികച്ചും രഹസ്യാത്മകമായ വെളിപ്പെടുത്തലുകള്‍ ആണ്. ആയതിനാല്‍ യാതൊരു കാരണവശാലും താന്‍ അടങ്ങുന്ന കമ്മറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ പാടില്ല എന്ന് ജസ്റ്റിസ് ഹേമ കത്തില്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു.
കംപ്യൂട്ടര്‍ പരിജ്ഞാനമുള്ള ഒരു സ്റ്റെനോഗ്രാഫറുടെ സഹായം പോലും ഇല്ലാതെയാണ് ഹേമ കമ്മിറ്റി ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത് എന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. സാക്ഷികള്‍ കമ്മറ്റിക്ക് മുമ്പാകെ പറഞ്ഞ പല കാര്യങ്ങളും അതീവ രഹസ്യസ്വഭാവമുള്ളവയാണ്. ആ വിശദാംശങ്ങള്‍ കമ്മിറ്റിയുമായി പങ്കുവെച്ചത് സാക്ഷികള്‍ തങ്ങളില്‍ അര്‍പ്പിച്ച വിശ്വാസംകൊണ്ടാണെന്നും കമ്മിറ്റി വ്യക്തമാക്കിയതാണ്.
എന്നാല്‍, ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മൊഴി നല്‍കിയ ഏതെങ്കിലും വനിത പരാതി നല്‍കാന്‍ തയാറായി മുന്നോട്ടു വന്നാല്‍ സര്‍ക്കാരില്‍ നിന്ന് ഉചിതമായ ഇടപെടലുണ്ടാകും. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ എത്ര ഉന്നതനായാലും നിയമത്തിനു മുന്നിലെത്തിക്കും. അതില്‍ ഒരു തരത്തിലുള്ള സംശയവും ആര്‍ക്കും വേണ്ടതിലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam