ഹൈബി ഈഡന് ഒപ്പം നിന്ന് എറണാകുളം; ഇത്തവണ 2,50,385 വോട്ടിന്‍റെ ഭൂരിപക്ഷം

Published : Jun 04, 2024, 10:19 PM IST
ഹൈബി ഈഡന് ഒപ്പം നിന്ന് എറണാകുളം; ഇത്തവണ 2,50,385 വോട്ടിന്‍റെ ഭൂരിപക്ഷം

Synopsis

ഒടുവില്‍ ഫല പ്രഖ്യാപനം വന്നപ്പോള്‍ 52.97 ശതമാനം വോട്ട് ഷെയറോടെ 4,82,317 വോട്ടുകള്‍ നേടി. എതിര്‍ സ്ഥാനാര്‍ത്ഥിയായ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ ജെ ഷൈന്‍ ടീച്ചറെക്കാളും 2,50,385 വോട്ടിന്‍റെ വ്യക്തമായ ഭൂരിപക്ഷം.

2019-ല്‍ വിജയിച്ച മണ്ഡലത്തില്‍ ഇത്തവണ ഹൈബി ഈഡന് ആശങ്കകളൊന്നും ഉണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലോ വോട്ടെണ്ണല്‍ സമയത്ത് ഒരിക്കല്‍ പോലുമോ എതിരാളികളാരും ഹൈബി ഈഡന് ഒരു വെല്ലുവിളിയും ഉയര്‍ത്തിയിരുന്നില്ല. വോട്ടെണ്ണല്‍ വേളയിലുടനീളം ഹൈബി തികഞ്ഞ മേധാവിത്വം പുലര്‍ത്തി. ഒടുവില്‍ ഫല പ്രഖ്യാപനം വന്നപ്പോള്‍ 52.97 ശതമാനം വോട്ട് ഷെയറോടെ 4,82,317 വോട്ടുകള്‍ നേടി. എതിര്‍ സ്ഥാനാര്‍ത്ഥിയായ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ ജെ ഷൈന്‍ ടീച്ചറെക്കാളും 2,50,385 വോട്ടിന്‍റെ വ്യക്തമായ ഭൂരിപക്ഷം. 

2,31,932 വോട്ടുകളാണ് കെ ജെ ഷൈന്‍ ടീച്ചറിന് ലഭിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ.കെ എസ് രാധാകൃഷ്ണന്‌ 1,44,500 വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടു. മറ്റ് മത്സരാര്‍ത്ഥികളാര്‍ക്കും തന്നെ അരലക്ഷം വേട്ട് പോലും പിടിക്കാന്‍ കഴിഞ്ഞില്ല. അതേസമയം നോട്ടയ്ക്ക് 7,758 വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടു. 

ചില തെരഞ്ഞെടുപ്പുകള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ കോണ്‍ഗ്രസിന്‍റെ എക്കാലത്തെയും കുത്തക ലോക്‌സഭ മണ്ഡലങ്ങളില്‍ ഒന്നാണ് എറണാകുളം. ഉപതെരഞ്ഞെടുപ്പുകള്‍ ഉള്‍പ്പെടെ 18 തവണ ഈ ലോക്‌സഭ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്. ഇതില്‍ 13 തവണയും വിജയിച്ചത് കോണ്‍ഗ്രസ്. 97-ലെയും 2003-ലെയും ഉപതെരഞ്ഞെടുപ്പുകളില്‍ ഉള്‍പ്പെടെ അഞ്ച് തവണ മാത്രമാണ് മണ്ഡലം എല്‍ഡിഎഫിനൊപ്പം നിന്നത്. എല്‍ഡിഎഫ് വിജയിച്ച ആ രണ്ട് ഉപതെരഞ്ഞെടുപ്പുകളിലും സെബാസ്റ്റ്യന്‍ പോളായിരുന്നു ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥി. 

കളമശ്ശേരി, പറവൂര്‍, വൈപ്പിന്‍, കൊച്ചി, തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര എന്നീ ഏഴ് നിയമസഭ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് എറണാകുളം ലോക്‌സഭ മണ്ഡലം. നിലവില്‍ ഈ നിയമസഭാ മണ്ഡലങ്ങളില്‍ നാലെണ്ണം യുഡിഎഫിന്‍റെയും മൂന്നെണ്ണം എല്‍ഡിഎഫിന്‍റെയും കൈയിലാണ്. 

കോണ്‍ഗ്രസിന്‍റെ ഉരുക്കുകോട്ടയിലും ചൂടടിച്ചോ, അതോ മറ്റ് കാരണങ്ങളോ; പോളിംഗ് കുറഞ്ഞ് എറണാകുളവും

1952-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ തിരു-കൊച്ചിയുടെ ഭാഗമായിരുന്ന എറണാകുളം, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സി മുഹമ്മദ് ഇബ്രാഹിം കുട്ടിയെയാണ് ആദ്യ എംപിയായി തെരഞ്ഞെടുത്തത്. സംസ്ഥാന രൂപീകരണത്തിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിലും എറണാകുളം കോണ്‍ഗ്രസിനൊപ്പമായിരുന്നു. 1957-ലും  '62-ലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എ എം തോമസിനെയാണ് എറണാകുളത്തുകാര്‍ പാര്‍ലമെന്‍റിലേക്കയച്ചത്. 1967-ല്‍ സിപിഐ സ്ഥാനാര്‍ത്ഥി വിശ്വനാഥ മേനോനിലൂടെയാണ് എല്‍ഡിഎഫ് മണ്ഡലത്തില്‍ ആദ്യ വിജയം നേടിയത്. 

1971-ലും '77-ലും കോണ്‍ഗ്രസിലെ ഹെന്‍റി ഓസ്റ്റിന്‍ ലോക്‌സഭയിലെത്തി. 80-ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി  സേവ്യര്‍ അറയ്ക്കലിനെ വിജയിപ്പിച്ച മണ്ഡലം  '84, '89, '91 വര്‍ഷങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ വി തോമസിനെ പാര്‍ലമെന്‍റിലേക്കയച്ചു.  '96-ല്‍ മുന്‍ കോണ്‍ഗ്രസ് എംപി സേവ്യര്‍ അറയ്ക്കലിനെ ഇടത് പാളയത്തില്‍ എത്തിച്ച എല്‍ഡിഎഫ് അട്ടിമറി വിജയം നേടി. കോണ്‍ഗ്രസ് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സേവ്യര്‍ അറയ്ക്കലിന്‍റെ മുന്നണിമാറ്റവും വിജയവും.  

1997-ല്‍ സേവ്യര്‍ അറയ്ക്കലിന്‍റെ മരണത്തിന് പിന്നാലെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടത് സ്വതന്ത്രനായി സെബാസ്റ്റ്യന്‍ പോള്‍ വിജയിച്ചു. 1998-ലും  '99-ലും ജോര്‍ജ് ഈഡനെ നിര്‍ത്തി കോണ്‍ഗ്രസ് മണ്ഡലം തിരിച്ചുപിടിച്ചു. കാലാവധി തീരും മുമ്പ് ജോര്‍ജ് ഈഡന്‍ മരിച്ചതോടെ 2003-ല്‍ ഉപതെരഞ്ഞെടുപ്പ് നടന്നു. വീണ്ടും സെബാസ്റ്റ്യന്‍ പോളിനെ മത്സരിപ്പിച്ച് എല്‍ഡിഎഫ് മണ്ഡലം തിരിച്ചുപിടിച്ചു. 2004 -ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പിലും സെബാസ്റ്റ്യന്‍ പോള്‍ മണ്ഡലം നിലനിര്‍ത്തി. 2009-ലും 2014-ലും കെ വി തോമസിനെ നിര്‍ത്തി കോണ്‍ഗ്രസ് എറണാകുളം വീണ്ടും കൈപ്പിടിയിലാക്കി. 2019-ല്‍ ഹൈബി  ഈഡനിലൂടെ എറണാകുളം കോണ്‍ഗ്രസ് നിലനിര്‍ത്തി. 2024 ലും ചരിത്രം ആവര്‍ത്തിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കാട്ടുപന്നി കുറുകെ ചാടി, നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് യുവാവിനും ഏഴ് വയസുകാരിക്കും പരിക്ക്
ആയിരം കോടിയുടെ സൈബർ തട്ടിപ്പ്; ചൈനീസ് സംഘത്തിൽ മലയാളികളും, പണം കടത്തിയത് 111 വ്യാജ കമ്പനികൾ വഴി