Asianet News MalayalamAsianet News Malayalam

കോണ്‍ഗ്രസിന്‍റെ ഉരുക്കുകോട്ടയിലും ചൂടടിച്ചോ, അതോ മറ്റ് കാരണങ്ങളോ; പോളിംഗ് കുറഞ്ഞ് എറണാകുളവും

ശക്തികേന്ദ്രത്തില്‍ വോട്ടിംഗ് കുറഞ്ഞത് തെരഞ്ഞെടുപ്പ് ഫലം വരും മുമ്പ് യുഡിഎഫിനെ ചിന്തിപ്പിക്കുന്ന ഘടകമാകും

Kerala Lok Sabha Election 2024 Ernakulam Lok Sabha constituency trends not good sign for UDF
Author
First Published Apr 27, 2024, 2:14 PM IST

കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ സംസ്ഥാനത്താകെ പോളിംഗ് ശതമാനം കുറഞ്ഞത് എറണാകുളത്തും പ്രകടമായി. യുഡിഎഫിന്‍റെ ഉരുക്കുകോട്ട എന്ന വിശേഷണമുള്ള എറണാകുളത്ത് 2019 നേക്കാൾ 9 ശതമാനത്തിലധികമാണ് പോളിംഗിൽ ഇടിവ് സംഭവിച്ചത്. 77.64 ശതമാനം ആയിരുന്നു 2019ല്‍ പോള്‍ ചെയ്ത വോട്ടുകളെങ്കില്‍ 68.27 ശതമാനം ആണ് എറണാകുളത്ത് ഇക്കുറി ഔദ്യോഗിക പോളിംഗ് കണക്ക്. ഏറ്റവും കുറവ് പോളിംഗ് രേഖ‌പ്പെടുത്തിയത് യുഡിഎഫിന്‍റെ ഏറ്റവും വലിയ ശക്തികേന്ദ്രമായ എറണാകുളം നിയോജക മണ്ഡലത്തിലാണ്. എറണാകുളം നിയോജക മണ്ഡലത്തില്‍ പോളിംഗ് 10 ശതമാനത്തോളം കുറഞ്ഞു. 

എന്താണ് എറണാകുളം ലോക്‌സഭ മണ്ഡലത്തിലെ പോളിംഗ് കുറയാനുള്ള കാരണം. നഗരത്തിൽ താമസിക്കുന്നവർ വോട്ട് ചെയ്യാൻ മടിച്ചോ? കടുത്ത ചൂട് വോട്ടര്‍മാരെ പിന്നോട്ടടിച്ചോ? ശക്തികേന്ദ്രത്തില്‍ പോളിംഗ് കുറഞ്ഞത് തെരഞ്ഞെടുപ്പ് ഫലം വരും മുമ്പ് യുഡിഎഫിനെ ചിന്തിപ്പിക്കുന്ന ഘടകമാകും. 

Read more: പോളിംഗ് കുറഞ്ഞ് ഇരിക്കൂറും പേരാവൂരും, പക്ഷേ; കണ്ണൂര്‍ പോരാട്ടത്തിലെ നിര്‍ണായക സൂചനകള്‍

സിറ്റിംഗ് എംപി കൂടിയായ യുഡിഎഫിന്‍റെ ഹൈബി ഈഡനും എല്‍ഡിഎഫിന്‍റെ കെ ജെ ഷൈനും തമ്മിലാണ് എറണാകുളം ലോക്‌സഭ മണ്ഡലത്തിലെ പ്രധാന മത്സരം. ഡോ. കെ എസ് രാധാകൃഷ്ണനാണ് എന്‍ഡിഎ സ്ഥാനാർഥി. ട്വന്‍റി 20 കിഴക്കമ്പലത്തിനും എറണാകുളത്ത് സ്ഥാനാർഥിയുണ്ട്. അഡ്വ. ആന്‍റണി ജൂഡാണ് മത്സരിക്കുന്നത്. 2019ല്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്‍ 1,69,053 വോട്ടുകളുടെ വമ്പിച്ച ഭൂരിപക്ഷത്തിലാണ് എറണാകുളത്ത് വിജയിച്ചത്. 2019ല്‍ 9,67,390 പേർ വോട്ട് ചെയ്തപ്പോള്‍ ഹൈബി ഈഡന് 4,91,263 ഉം, എല്‍ഡിഎഫിന്‍റെ പി രാജീവിന് 3,22,210 ഉം, എന്‍ഡിഎയുടെ അല്‍ഫോന്‍സ് കണ്ണന്താനത്തിന് 1,37,749 ഉം വോട്ടുകളാണ് ലഭിച്ചത്. 

വി വിശ്വനാഥ മേനോനും എല്‍ഡിഎഫ് പിന്തുണയില്‍ സേവ്യർ അറക്കലും സെബാസ്റ്റ്യന്‍ പോളും വിജയിച്ചത് മാറ്റിനിര്‍ത്തിയാല്‍ കോണ്‍ഗ്രസിന്‍റെ ഉരുക്കുകോട്ടയാണ് എറണാകുളം ലോക്‌സഭ മണ്ഡലം. കളമശേരി, പറവൂർ, വൈപ്പിന്‍, കൊച്ചി, തൃപ്പൂണിത്തൂറ, എറണാകുളം, തൃക്കാക്കര നിയോജക മണ്ഡലങ്ങളാണ് എറണാകുളം ലോക്സഭ മണ്ഡലത്തില്‍ വരുന്നത്. ലാറ്റിന്‍ കത്തോലിക്ക വോട്ടുകള്‍ മണ്ഡലത്തില്‍ നിര്‍ണായകമാണ്. 

Read more: വയനാട്ടിൽ പോളിംഗ് കുത്തനെയിടിഞ്ഞു; രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷത്തിൽ യുഡിഎഫ് ക്യാമ്പിന് ആശങ്ക

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം


 

Follow Us:
Download App:
  • android
  • ios