ആദ്യമരണം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ കാസർകോട് ജില്ലയിൽ കൊവിഡ് ജാഗ്രത ശക്തമാക്കി

By Web TeamFirst Published Jul 9, 2020, 7:09 AM IST
Highlights

കാസർകോടിന് അപ്പുറം ദക്ഷിണകന്നഡയില്‍ കൊവിഡ് രോഗം പടരുകയാണ്. അതു കൊണ്ടു തന്നെ കർശന മുൻകരുതൽ നടപടി സ്വീകരിക്കണമെന്നാണ് കാസര്‍ഗോഡ് ജില്ലാ ഭരണകൂടത്തിൻ്റെ തീരുമാനം. 

കാസര്‍ഗോഡ്: കോവിഡ് ബാധിച്ച് ഒരാൾ മരിച്ചതോടെ മുന്‍കരുതല്‍ നടപടി ശക്തമാക്കി ജില്ലാ ഭരണകൂടം. പഴം, പച്ചക്കറി അടക്കമുള്ള ചരക്ക് വാഹനങ്ങള്‍ക്ക് ഇന്നുമുതല്‍ പ്രത്യേക പാസ് ഉണ്ടെങ്കില്‍ മാത്രമെ അതിർത്തി കടക്കാനാകു. ജില്ലയിൽ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമായി അടുത്തിടപഴകിയവരുടെ പരിശോധനഫലം ഇന്നുമുതല്‍ വന്നു തുടങ്ങും.

കാസർകോടിന് അപ്പുറം ദക്ഷിണകന്നഡയില്‍ കൊവിഡ് രോഗം പടരുകയാണ്. അതു കൊണ്ടു തന്നെ കർശന മുൻകരുതൽ നടപടി സ്വീകരിക്കണമെന്നാണ് കാസര്‍ഗോഡ് ജില്ലാ ഭരണകൂടത്തിൻ്റെ തീരുമാനം. അതിര്‍ത്തി ഗ്രാമങ്ങളിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ തിരിച്ചറിയല്‍ കാര്‍ഡില്ലാത്തെ വരുന്ന രോഗികളെ ഇന്നുമുതല്‍ ചികില്‍സിക്കില്ല. 

കര്‍ണാടകയില്‍ നിന്നും കോവിഡ് രോഗലക്ഷണമുള്ളവര്‍ വ്യാജ വിലാസത്തിലെത്തി ചികിത്സ തേടുന്നതിനാലാണിത്. കര്‍ണാടകയിലേക്ക് പോകുന്ന വാഹനങ്ങള്‍ക്കുമുണ്ട് നിയന്ത്രണം. നിലവില്‍ മൂന്ന് വഴികളിലൂടെ യാത്ര ചെയ്യാമെങ്കിലും ഇന്നു മുതല്‍ കര്‍ണാടകയില്‍ പോയി ചരക്കെടുക്കുന്ന പഴം, പച്ചക്കറി വണ്ടികള്‍ക്കും പാസ് വേണം. ‍സഞ്ചരിക്കുന്നവരെ പരിശോധിച്ച ഡോക്ടറുടെ റിപ്പോർട്ടും മോട്ടോര്‍വാഹനവകുപ്പിന്‍റെ അുനുമതിയുമടങ്ങിയതാണ് പാസ്.

ഇതരസംസ്ഥാനങ്ങളില്‍ നിന്നും വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാനും ഇനി ആരെയും ജൂലൈ 31 വരെ അനുവദിക്കേണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. നിലവില്‍ പാസ് അനുവദിച്ചവരില്‍ അഞ്ച് പേര്‍ക്ക് മാത്രമാണ് അനുമതിയുണ്ടാകൂ. ഉറവിടമറിയാതെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ നാനൂറിലധികം പേരുടെ പരിശോധന ഫലമാണ് ഏറ്റവും നിര്‍ണ്ണായകം. ഇന്നുമുതല്‍ അത് വന്നു തുടങ്ങും. 

click me!