Latest Videos

പൂന്തുറയിൽ കൊവിഡ് സൂപ്പർ സ്പ്രഡ്: തിരക്കും തമിഴ്നാട് ബന്ധവും കാരണമെന്ന് വിലയിരുത്തൽ

By Asianet MalayalamFirst Published Jul 9, 2020, 7:00 AM IST
Highlights

തിരക്കേറിയ മാർക്കറ്റിൽ പലരും മീൻ വാങ്ങാനെത്തിയിരുന്നു. കന്യാകുമാരിയിൽ നിന്ന് മത്സ്യ വിൽപ്പനക്കല്ലാതെയും നിരവധി പേർ അതിർത്തി കടന്ന് തിരുവനന്തപുരത്ത് എത്തി

തിരുവനന്തപുരം: തിരക്കേറിയ സാഹചര്യവും പ്രാദേശികമായ പ്രത്യേകതകളുമാണ് തീരദേശമേഖലയായ പൂന്തുറയിൽ സൂപ്പർ സ്പ്രെഡിന് വഴിയൊരുക്കിയത്. കന്യാകുമാരിയിൽ നിന്ന് മത്സ്യമെത്തിച്ച് വിൽപ്പന നടത്തിയതിലൂടെയാകാം വലിയ രീതിയിലുള്ള കൊവിഡ് വ്യാപനത്തിന് തുടക്കമായതെന്നാണ് നിഗമനം.

കേരളത്തിലെ ആദ്യ സൂപ്പർ സ്പ്രെഡ് മേഖലയുമായി മാറി മാണിക്യവിളാകം, ബീമാപള്ളി, ചെറിയമുട്ടം, കുമരിച്ചന്ത, ഉൾപ്പെടുന്ന പൂന്തുറ മേഖല. മത്സ്യത്തൊഴിലാളികൾ അടക്കം തിങ്ങിപ്പാർക്കുന്ന പ്രദേശമാണിത്. കന്യാകുമാരിയിൽ നിന്ന് കുമരിച്ചന്തയിൽ മത്സ്യമെത്തിച്ച് വിൽപ്പന നടത്തിയയാളിൽ നിന്ന് വ്യാപനമുണ്ടായി എന്ന് കണക്കാക്കുമ്പോഴും ഇതേ ജോലി ചെയ്യുന്ന വേറെയും ആളുകൾ ഇവിടങ്ങളിലുണ്ട് എന്നതിനാൽ ഒന്നിലധികം പേരിൽ നിന്നാകാം വൈറസ് വ്യാപനമുണ്ടായതെന്നാണ് നിഗമനം.  

ഒരാളുടെ മാത്രം പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളത് 120 പേരാണ്. 600 പേരെ പരിശോധിച്ചതിൽ 119 പേരും കൊവിഡ് പൊസിറ്റീവ്. ഇന്നലെ മാത്രം ഈ മേഖലയിൽ 54 പേർക്ക് രോഗം സ്ഥിരീകരിച്ചു. മേഖലയിലെ 90 ശതമാനം കൊവിഡ് രോഗികൾക്കും ഒരു ലക്ഷണവുമില്ല. നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോഴും തൊഴിലിനായി തമിഴ്നാട്ടിലെ പ്രദേശങ്ങളുമായി പുലർത്തിയ ബന്ധമാണ് തീരദേശ മേഖലയ്ക്ക് വിനയായത്. 

തിരക്കേറിയ മാർക്കറ്റിൽ പലരും മീൻ വാങ്ങാനെത്തിയിരുന്നു. കന്യാകുമാരിയിൽ നിന്ന് മത്സ്യ വിൽപ്പനക്കല്ലാതെയും നിരവധി പേർ അതിർത്തി കടന്ന് തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. ജനം തിങ്ങിപ്പാർക്കുന്ന മേഖലയിൽ വേഗത്തിൽ രോഗം വ്യാപിച്ചു. 4000ത്തിലധികം വയോധികർ ഈ മേഖലയിൽ മാത്രമുണ്ടെന്നതാണ് ആരോഗ്യവകുപ്പ് നേരിടുന്ന പ്രധാന വെല്ലുവിളി. ഇതിൽ 200ലധികം പാലിയേറ്റിവ് രോഗികളുണ്ട്. 

ഏതായാലും ജില്ലയ്ക്കാകെ മുന്നറിയിപ്പ് നൽകുന്നതാണ് പൂന്തുറയിലെ സാഹചര്യം. ജില്ലിലെ ഉറവിടമില്ലാതത കേസുകളിലെ അന്വേഷണ റിപ്പോർട്ട് ഇത് ശരിവെക്കുന്നു. ജില്ലയിൽ കോവിഡ് ബാധിച്ച ഓട്ടോ ഡ്രൈവർ തമിഴ്നാട്ടിൽ നിന്നും പാസില്ലാതെ ആളെ കടത്തിയിരുന്നു എന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഏതായാലും കടൽ വഴിയുള്ള യാത്രയടക്കം നിരോധിച്ച് കടുത്ത നിയന്ത്രണങ്ങളിലൂടെ വെല്ലുവിളി മറികടക്കാനാണ് ശ്രമം.

click me!