പട്ടികപ്പോരിൽ നടപടിക്കൊരുങ്ങി ഹൈക്കമാൻഡ്: സുധാകരനും സതീശനും പൂര്‍ണ്ണ പിന്തുണ

By Web TeamFirst Published Aug 30, 2021, 1:36 PM IST
Highlights

മുന്‍പെങ്ങുമില്ലാത്ത വിധം കേരളത്തിലെ കോണ്‍ഗ്രസ് പൊട്ടിത്തെറിയില്‍ ഹൈക്കമാന്‍ഡ് ഇടപെടുകയാണ്. പ്രകോപനം തുടര്‍ന്നാല്‍ നേതാക്കള്‍ക്കാകും നഷ്ടമെന്ന വ്യക്തമായ സന്ദേശമാണ് നല്‍കുന്നത്. 

ദില്ലി: ഡിസിസി പട്ടികക്കെതിരായ കലാപത്തില്‍  കടുത്ത നടപടിക്കൊരുങ്ങി   ഹൈക്കമാന്‍ഡ്.  പരസ്യപ്രതികരണം നടത്തിയ നേതാക്കളുടെ വിവരങ്ങള്‍ അടിയന്തരമായി  കൈമാറാന്‍ കെപിസിസിക്ക്  നിര്‍ദ്ദേശം നല്‍കി. പ്രകോപനം തുടര്‍ന്നാല്‍ രമേശ് ചെന്നിത്തലക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്ന ദേശീയ ചുമതലയില്‍ പുനരാലോചനയുണ്ടായേക്കും. 

മുന്‍പെങ്ങുമില്ലാത്ത വിധം കേരളത്തിലെ കോണ്‍ഗ്രസ് പൊട്ടിത്തെറിയില്‍ ഹൈക്കമാന്‍ഡ് ഇടപെടുകയാണ്. പ്രകോപനം തുടര്‍ന്നാല്‍ നേതാക്കള്‍ക്കാകും നഷ്ടമെന്ന വ്യക്തമായ സന്ദേശമാണ് നല്‍കുന്നത്. സംസ്ഥാനത്തെ തീരുമാനങ്ങളില്‍ കെ സുധാകരനും വിഡി സതീശനും പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിരിക്കുകയാണ്. നിര്‍ദ്ദേശങ്ങള്‍ മുന്‍പോട്ട് വയ്ക്കാമെന്നല്ലാതെ അതാകണം തീരുമാനം എന്ന് വാശിപിടിക്കേണ്ടെന്നാണ്  ഗ്രൂപ്പ് നേതാക്കള്‍ക്കുള്ള മുന്നറിയിപ്പ്. 

രാഹുല്‍ഗാന്ധിയടക്കം സംസാരിച്ചിട്ടും ഡിസിസി പട്ടികക്കെതിരെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും  രംഗത്തെത്തിയതില്‍ ഹൈക്കമാന്‍ഡ് കടുത്ത അതൃപ്തിയിലാണ്. നേതാക്കള്‍പരസ്യമായ വിഴുപ്പലക്കല്‍ നടത്തുന്നതിനൊപ്പം  ഒപ്പമുള്ളവരെയും അതിനായി  പ്രേരിപ്പിക്കുന്നുവെന്നാണ് സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിനെ ധരിപ്പിപ്പിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇതിനോടകം പരസ്യപ്രസ്താവന നടത്തിയ മുഴുവന്‍ ആളുകളുടെയും വിവരങ്ങള്‍ അടിയന്തരമായി നല്‍കാന്‍ കെപിസിസിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. 

കലാപത്തിന് തുടക്കമിട്ട് കെപി അനില്‍കുമാറും ശിവദാസന്‍ നായരും ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവറില്‍ നടത്തിയ പ്രസ്താവനകളുടെ വിശദാംശങ്ങളും ആരാഞ്ഞിട്ടുണ്ട്.  എഐസിസി പുനസംഘടനയോടെ ഏതെങ്കിലും സംസ്ഥാനത്തിന്‍റെ ചുമതല നല്‍കി രമേശ് ചെന്നിത്തലയെ ദേശീയ തലത്തിലേക്ക് കൊണ്ടുവരാന്‍ നടക്കുന്ന  ആലോചനയേയും  നേതാക്കളുടെ നടപടി ബാധിച്ചേക്കുമെന്ന് ചില ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ സൂചന നല്‍കുന്നു. ആന്ധ്രയുടെ ചുമതലയില്‍ ഉമ്മന്‍ചാണ്ടി തുടരുണോയെന്നതും നിര്‍ണ്ണായകമാകും. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!