ഹോസ്റ്റൽ ഫീസ് വർധനവ്: കേരളവർമ്മ കോളേജിൽ എസ്എഫ്ഐയുടെ അനിശ്ചിതകാല കുത്തിയിരിപ്പ് സമരം

By Web TeamFirst Published Oct 4, 2021, 5:58 PM IST
Highlights

ഹോസ്റ്റൽ ഫീസ് വർധനക്കെതിരെ തൃശൂർ ശ്രീ കേരളവർമ്മ കോളേജിൽ എസ് എഫ് ഐയുടെ നേതൃത്വത്തിൽ ഓഫീസിനു മുന്നിൽ അനിശ്ചിതകാല കുത്തിയിരിപ്പ് സമരം. 

തൃശൂർ: ഹോസ്റ്റൽ ഫീസ് (Hostel Fee) വർധനക്കെതിരെ തൃശൂർ ശ്രീ കേരളവർമ്മ കോളേജിൽ(Kerala Varma College, Thrissur) എസ് എഫ് ഐയുടെ (Sfi) നേതൃത്വത്തിൽ ഓഫീസിനു മുന്നിൽ അനിശ്ചിതകാല കുത്തിയിരിപ്പ് സമരം. പ്രതിമാസ ഫീസ് 3500 രൂപയിൽ നിന്ന് ഒറ്റയടിക്ക് 5000 രൂപയാക്കിയാണ് വർദ്ധിപ്പിച്ചത്.

രണ്ടു വർഷത്തിനു ശേഷമാണ്  കോളേജ് തുറന്ന് ക്ലാസുകൾ തുടങ്ങുന്നത്. വിദ്യാർത്ഥികൾ ഹോസ്റ്റലിൽ എത്തിയപ്പോഴാണ് ഹോസ്റ്റൽ ഫീസ് കുത്തനെ കൂട്ടിയ വിവരം  അറിയുന്നത്. യാതൊരു കൂടിയാലോചനയോ മുന്നറിയിപ്പോ  ഇല്ലാതെയാണ് ഏകപക്ഷീയമായി പ്രിൻസിപ്പൽ  പ്രതിമാസം 1500 രൂപ കൂട്ടിയിരിക്കുന്നത്. 

ഇതിന് പുറമെ കൂട്ടിയ തുക നൽകാൻ തയ്യാറാകാത്ത വിദ്യാർത്ഥികളെ ഹോസ്റ്റലിൽ  പ്രവേശിപ്പിക്കില്ലെന്ന്  അധികൃതർ അറിയിച്ചു. ഇതോടെയാണ് പ്രതിഷേധം തുടങ്ങിയത്. ഫീസ് വർധനവ് നടപ്പാക്കുമ്പോൾ സൗകര്യങ്ങളെ കുറിച്ച് അധികൃതർ ഒന്നും പറയുന്നില്ലെന്നും,  ഹോസ്റ്റലിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും പരിമിതമാണെന്നും വിദ്യാർത്ഥികൾ പരാതിപ്പെടുന്നു.

അതിനിടെ ചെവ്വാഴ്ച ഉച്ചയ്ക്ക് മാനേജ്മെന്റ് വിദ്യാർത്ഥികളെ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്‌. എന്നാൽ ഫീസ് വർധന പിൻവലിച്ചില്ലെങ്കിൽ സമരവുമായി മുന്നോട്ടു പോകാൻ തന്നെയാണ് തീരുമാനമെന്ന് എസ് എഫ് ഐ വ്യക്തമാക്കുന്നു.
 

click me!