ഭക്ഷ്യവിഷബാധ: 'കുറ്റക്കാർക്കെതിരെ സ്വീകരിച്ച നടപടി അറിയിക്കണം', റിപ്പോര്‍ട്ട് തേടി ഹൈക്കോടതി

By Web TeamFirst Published Jan 18, 2023, 7:20 PM IST
Highlights

കുറ്റക്കാർക്കെതിരെ സ്വീകരിച്ച നടപടി അറിയിക്കണമെന്നും രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകാനുമാണ് നിർദ്ദേശം.

കൊച്ചി: സംസ്ഥാനത്തെ ഭക്ഷ്യവിഷബാധ കേസുകളില്‍ ഹൈക്കോടതി വീണ്ടും ഇടപെടുന്നു. ആരോഗ്യ കുടുംബ ക്ഷേമ സെക്രട്ടറിയോട് ചീഫ് ജസ്റ്റിസ് റിപ്പോർട്ട് തേടി. കുറ്റക്കാർക്കെതിരെ സ്വീകരിച്ച നടപടി അറിയിക്കണമെന്നും രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകാനുമാണ് നിർദ്ദേശം. അതേസമയം  ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടുന്നത് തുടര്‍ക്കഥയാവുകയാണ്. എറണാകുളം പറവൂരിൽ വീണ്ടും പഴകിയ ഭക്ഷണം പിടികൂടി. മജ്ലിസ് ഹോട്ടലിലെ ഭക്ഷ്യവിഷബാധക്ക് പിന്നാലെയാണ് സമീപത്ത് തന്നെയുള്ള കുമ്പാരീസ് ഹോട്ടലിൽ പഴകിയ ഭക്ഷണം കണ്ടെത്തിയത്.

രാവിലെ എട്ടരയോടെ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് കുമ്പാരീസ് ഹോട്ടലില്‍ പഴകിയ ഭക്ഷണം കണ്ടെത്തിയത്. മാംസം അടക്കമുള്ള ഭക്ഷണ സാധനങ്ങള്‍ക്ക്  ദിവസങ്ങള്‍ പഴക്കമുണ്ടായിരുന്നു. ദുര്‍ഗന്ധവും രൂക്ഷമായിരുന്നു. ഇത് പിടിച്ചെടുത്ത അരോഗ്യവകുപ്പ് ഹോട്ടല്‍ അടച്ചിടാൻ നിര്‍ദ്ദേശിച്ചു. ഇന്നലെ ഭക്ഷ്യ വിഷബാധയുണ്ടായി ചികിത്സയിലായിരുന്ന മുപ്പതോളം പേര്‍ ഇന്ന് ആശുപത്രി വിട്ടു. കടുത്ത ക്ഷീണവും ചര്‍ദ്ദിയും വയറിളക്കവും പൂര്‍ണമായി ഭേദമാവാത്തവര്‍ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നുണ്ട്.

അതേസമയം ഇന്നലെ ഭക്ഷ്യവിഷബാധയുണ്ടായ മജിലിസ് ഹോട്ടലിലെ പാചകക്കാരൻ അസൈനാര്‍ എന്നയാളെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പൊലീസ് നരഹത്യ ശ്രമക്കേസ് എടുത്തതോടെ ഹോട്ടലുടമ സിയാനുല്‍ ഹക്ക് ഒളിവില്‍ പോയിട്ടുണ്ട്. ഇയാളെ കണ്ടെത്താൻ ശ്രമം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ഇതിനിടെ നഗരസഭയുടെ വീഴ്ച്ചയാണ് ഭക്ഷ്യവിഷബാധക്ക് കാരണമെന്നാരോപിച്ച് ഡിവൈഎഫ്ഐ, എഐവൈഎഫ്, ബിജെപി പ്രവര്‍ത്തകര്‍ പറവൂര്‍ നഗരസഭയിലേക്ക് മാര്‍ച്ച് നടത്തി.

click me!