
കൊച്ചി: ആലത്തൂരിൽ അഭിഭാഷകനോട് പൊലീസ് ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയ സംഭവത്തില്‍ പൊലീസിനെ വിമർശിച്ച് ഹൈക്കോടതി. പൊലീസ് സ്റ്റേഷനെ ടെറർ സ്ഥലമാക്കേണ്ട കാര്യമില്ലെന്ന് കോടതി പറഞ്ഞു. മോശം വാക്കുകൾ ഉപയോഗിച്ചാൽ ജനങ്ങളെ നിയന്ത്രിക്കാൻ കഴിയും എന്ന് ആരാണ് പൊലീസിനോട് പറഞ്ഞതെന്നും കോടതി ചോദിച്ചു. അധികാരമില്ലാത്ത ജനങ്ങളോട് ഇത്തരം കാര്യങ്ങൾ ആവാം എന്ന് കരുതരുതെന്നും കോടതി പറഞ്ഞു. പൊലീസ് നടപടികളുടെ ദൃശ്യങ്ങൾ പകർത്തുന്നത് എങ്ങനെ ജോലി തടസ്സപ്പെടുത്തൽ ആകുമെന്നും കോടതി ചോദിച്ചു. പൊലീസ് ഉദ്യോഗസ്ഥനായ റെനീഷിനെതിരെ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് മേധാവി കോടതിയെ അറിയിച്ചു.
വാഹനാപകട കേസുമായി ബന്ധപ്പെട്ട് ആലത്തൂർ സ്റ്റേഷനിൽ ഹാജരായ അഡ്വ.ആക്വിബ് സുഹൈലിനോടാണ് ആലത്തൂർ എസ്‌ഐ തട്ടിക്കയറിയത്. സംഭവിക്കാൻ പാടില്ലാത്തതാണ് എസ്ഐയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് സംസ്ഥാന പൊലീസ് മേധാവി ഹൈക്കോടതിയെ നേരത്തെ തന്നെ അറിയിച്ചിരുന്നു. സംഭവത്തിന് പിന്നാലെ പൊതുജനങ്ങളോടുള്ള 'എടാ പോടാ വിളികൾ' ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് മേധാവി വീണ്ടും സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഇക്കാര്യം കർശനമായി നടപ്പാക്കണം എന്ന് ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും പൊലീസ് മേധാവി ഹൈക്കോടതിയെ അറിയിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam