'ടൂറിസ്റ്റ് ബസിന്റെ കളർ മാറ്റാൻ നടന്നു, പണി കിട്ടിയത് കെഎസ്ആടിസിക്ക്'; ബസുകളിൽ പരസ്യം വേണ്ടെന്ന് ഹൈക്കോടതി

Published : Oct 14, 2022, 06:26 PM IST
'ടൂറിസ്റ്റ് ബസിന്റെ കളർ മാറ്റാൻ നടന്നു, പണി കിട്ടിയത് കെഎസ്ആടിസിക്ക്'; ബസുകളിൽ പരസ്യം വേണ്ടെന്ന് ഹൈക്കോടതി

Synopsis

'കെഎസ്ആര്‍ടിസി, കെയുആര്‍ടിസി ബസുകളിലെ പരസ്യങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധം. പരസ്യങ്ങൾ എതിരെ വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കും'

കൊച്ചി: കെഎസ്ആടിസി ബസുകളിൽ പരസ്യങ്ങൾ പാടില്ലെന്ന് ഹൈക്കോടതി. സുരക്ഷാ മാനദണ്ഡം പാലിക്കുന്നതിൽ
സ്വകാര്യ-പൊതു വാഹനങ്ങൾ എന്ന വ്യത്യാസമില്ലെന്നും നിലവിൽ പതിച്ചിട്ടുള്ള പരസ്യങ്ങൾ നീക്കം ചെയ്യണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. കളർ കോഡിൽ സാവകാശം വേണമെന്ന ടൂറിസ്റ്റ് ബസുടമകളുടെ ആവശ്യവും ഹൈക്കോടതി തള്ളി.

വടക്കഞ്ചേരി ബസ് അപകടവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. കെഎസ്ആര്‍ടിസി, കെയുആര്‍ടിസി ബസുകളിലെ പരസ്യങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം പരസ്യങ്ങൾ പാടില്ല. പരസ്യങ്ങൾ എതിരെ വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കുന്നതായും ഇത് സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. സുരക്ഷാ മാനദണ്ഡം പാലിക്കുന്നതിൽ സ്വകാര്യ - പൊതു വാഹനങ്ങൾ എന്ന വ്യത്യാസമില്ലെന്നും കോടതി വ്യക്തമാക്കി. കളർ കോഡിന്റെ കാര്യത്തിൽ സാവകാശം വേണമെന്ന് ടൂറിസ്റ്റ് ബസുടമകൾ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം ജസ്റ്റിസുമാരായ അനിൽ.കെ.നരേന്ദ്രൻ, പി.ജി.അജിത്കുമാർ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി.

വടക്കഞ്ചേരി ബസ് അപകടത്തില്‍ സ്കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ച സംഭവിച്ചുവെന്നും കോടതി പറഞ്ഞു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത വാഹനം വിനോദ യാത്രയ്ക്കായി ഉപയോഗിച്ചത് സ്കൂള്‍ അധികൃതരുടെ വീഴ്ചയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എക്സ്പോകൾ, ഓട്ടോ ഷോ എന്നിവയിൽ രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഉപയോഗിക്കരുത്. ട്രാൻസ്പോർട്ട് കമ്മീഷണർ ഇക്കാര്യം ഉറപ്പുവരുത്തണം. രൂപമാറ്റം വരുത്തിയ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന വ്ളോഗർമാരുടെ വീഡിയോകൾ കോടതി പരിശോധിച്ചു. ഇത്തരം വ്ളോഗർമാർക്കെതിരെ നടപടി എടുക്കാനും കോടതി കർശന നിർദേശം നൽകി. ആറുമാസ കാലയളവിലേക്കായി വിദേശത്ത് നിന്നും കൊണ്ടുവരുന്ന വാഹനങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണം. ഇത്തരം വാഹനങ്ങളുടെ വിശദാംശങ്ങൾ അറിയിക്കണമെന്നും ഹൈക്കോടതി  ഇടക്കാല ഉത്തരവിൽ നിർദ്ദേശം നൽകി.
 

PREV
Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: രണ്ടാമത്തെ കേസിൽ എ പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങും
Malayalam News live: ഇന്ന് ഏഴാം ദിനം; ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി തുടരുന്നു, സർവീസുകൾ റദാക്കിയേക്കും