
കോട്ടയം : കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, സംസ്ഥാനത്തിന്റെ പലയിടത്തും ശശി തരൂരിനെ അനുകൂലിച്ച് പ്രവര്‍ത്തകര്‍. കെപിസിസി ആസ്ഥാനത്ത് അടക്കം പോസ്റ്ററുകളും ഫ്ലക്സുകളും പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ഈരാറ്റുപേട്ടയിൽ ശശി തരൂർ അനുകൂല പ്രകടനവുമുണ്ടായി. ഇരുപതോളം കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്ത പ്രകടനം കടുവമുഴിയിൽ നിന്നും ആരംഭിച്ച് ടൗൺ ചുറ്റി അവസാനിച്ചു.
കോൺഗ്രസിനെ നയിക്കാനും കോൺഗ്രസിന്റെ ഭാവിക്കും ശശി തരൂര്‍ എഐസിസി പ്രസിഡന്റാകണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കൾ മല്ലികാര്‍ജുന ഖാര്‍ഗെയെ അനുകൂലിച്ച് രംഗത്തെത്തിയതിന് പിന്നാലെയാണ് സംസ്ഥാനത്തിന്റെ പലയിടത്തും പ്രവര്‍ത്തകര്‍ തരൂരിനെ പിന്തുണച്ച് ഫ്ലക്സുകളും പ്രകടനങ്ങളും നടത്തുന്നതെന്നത് ശ്രദ്ധേയമാണ്. നേരത്തെ കോട്ടയത്തിന്റെ പലഭാഗത്തും തരൂര്‍ അനുകൂല പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രകടനവുമുണ്ടായത്.
എൽദോസിനെതിരെ കടുത്ത നടപടി? ഒക്ടോബര്‍ 20-നകം വിശദീകരണം നൽകണമെന്ന് കെപിസിസി
അതിനിടെ , ഏഴ് സംസ്ഥാനങ്ങളില്‍ പ്രമുഖ നേതാക്കള്‍ അവഗണിച്ചെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനെത്തിയ തരൂരിന് മധ്യപ്രദേശ് പിസിസി വമ്പന്‍ സ്വീകരണമൊരുക്കി. പ്രതിപക്ഷ നേതാവടക്കം തരൂരിനെ സ്വീകരിക്കാനെത്തി. പ്രതിപക്ഷ നേതാവ് ഗോവിന്ദ് സിംഗ് ഉള്‍പ്പടെ മുതിര്‍ന്ന നേതാക്കളുടെ വന്‍ നിരയാണ് ശശി തരൂരിനെ സ്വീകരിക്കാനെത്തിയത്.
കേരളത്തിലടക്കം പിസിസി അധ്യക്ഷന്മാര്‍ മാറി നിന്നെങ്കില്‍ മധ്യപ്രദേശ് പിസിസി പ്രസിഡന്‍റ് കമല്‍നാഥ് നേരിട്ടെത്തി തരൂരിന് ആശംസകള്‍ നേര്‍ന്നു. തരൂരുമായുള്ള കമല്‍നാഥിന്‍റെ അടുപ്പം, നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത് വരുമ്പോള്‍, പാര്‍ട്ടിയില്‍ ഭിന്നത ഇല്ലെന്ന സന്ദേശം നല്‍കുക, ഇതാണ് ഖര്‍ഗെയുടെ നാമനിര്‍ദ്ദേശ പത്രികയില്‍ ഒപ്പുവച്ച കമല്‍നാഥ് തരൂരിന് സ്വീകരണമൊരുക്കിയതിന് പിന്നിലെ കാരണങ്ങള്‍. ഇതിനിടെ ഔദ്യോഗിക പക്ഷത്തിനൊപ്പം തിരുത്തല്‍ വാദി സംഘമായ ഗ്രൂപ്പ് 23 നേതാക്കളും ഖര്‍ഗെക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. ഖര്‍ഗെയുടെ കൈയില്‍ പാര്‍ട്ടി ഭദ്രമായിരിക്കുമെന്ന് മനിഷ് തിവാരി പറഞ്ഞു.
തെരഞ്ഞെടുപ്പ് സമിതി നിര്‍ദ്ദേശങ്ങള്‍ അട്ടിമറിച്ചിട്ടും എഐ,സിസി കണ്ണടച്ചിരിക്കുന്നതിനാലാണ് കൂടുതല്‍ നേതാക്കള്‍ ഖര്‍ഗെക്ക് അനുകൂല പ്രതികരണവുമായെത്തുന്നത്. ഗാന്ധി കുടുംബമില്ലാതെ മുന്‍പോട്ട് പോകാനാവില്ലെന്ന് ഖര്‍ഗെ പരസ്യമായി പറഞ്ഞതോടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെന്ന വിശേഷണത്തിന് ശക്തി കൂടുകയുമാണ്.