പിങ്ക് പൊലീസ് അപമാനിച്ച സംഭവം; നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ വീണ്ടും കോടതിയിൽ

Published : Aug 04, 2022, 11:25 AM IST
പിങ്ക് പൊലീസ് അപമാനിച്ച സംഭവം; നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ വീണ്ടും കോടതിയിൽ

Synopsis

പൊലീസ് ഉദ്യോഗസ്ഥയായ രജിതയിൽ നിന്ന് നഷ്ടപരിഹാരമായി ഒന്നരലക്ഷം രൂപയും കോടതി ചെലവുകൾക്കായി 25000 രൂപയും ഈടാക്കാനാണ് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയിട്ടുള്ളത്.

കൊച്ചി: ആറ്റിങ്ങലിൽ എട്ട് വയസ്സുകാരിയെയും പിതാവിനെയും പിങ്ക് പൊലീസ് അപമാനിച്ച സംഭവത്തിൽ നഷ്ടപരിഹാരം നൽകണമെന്ന സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. പിങ്ക് പൊലീസ് ഉദ്യോഗസ്ഥയിൽ നിന്നും നഷ്ടപരിഹാരത്തുക ഈടാക്കി പെൺകുട്ടിക്ക് നൽകാൻ ആഭ്യന്തര വകുപ്പ് രണ്ടാഴ്ച്ച മുൻപ് ഉത്തരവിറക്കിയിരുന്നു. ഇത് സംബന്ധിച്ച വിശദാംശങ്ങൾ സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിക്കും.

പൊലീസ് ഉദ്യോഗസ്ഥയായ രജിതയിൽ നിന്ന് നഷ്ടപരിഹാരമായി ഒന്നരലക്ഷം രൂപയും കോടതി ചെലവുകൾക്കായി 25000 രൂപയും ഈടാക്കാനാണ് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയിട്ടുള്ളത്. ഉദ്യോഗസ്ഥർ ചെയ്യുന്ന വ്യക്തിപരമായ കുറ്റത്തിന് സർക്കാരിന് ബാധ്യതയേൽക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീൽ നല്‍കിയത്. പരാതിക്കാരിയായ കുട്ടിക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു സിംഗിൾ ബഞ്ച് ഉത്തരവ്.

കഴിഞ്ഞ വർഷം ഓഗസ്റ്റ് 27 ന് തോന്നയ്ക്കലിൽ വച്ചാണ് പെണ്‍കുട്ടിയെ മോഷണ കുറ്റം ആരോപിച്ച് പിങ്ക് പൊലീസിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർ രജിത അധിക്ഷേപിക്കുന്നത്. ഐ എസ് ആർ ഒയുടെ റോക്കറ്റിന്‍റെ ഭാഗങ്ങള്‍ വലിയ വാഹനത്തിൽ കൊണ്ടുപോകുന്നത് കാണാനാണ് അച്ഛനൊപ്പം ദേശീയപാതക്കരുകിൽ കുട്ടിയെത്തുന്നത്. കുട്ടി മൊബൈൽ മോഷ്ടിച്ചു എന്നാരോപിച്ചായിരുന്നു നടുറോഡിൽ പൊലീസ് ഉദ്യോഗസ്ഥ രജിത അധിക്ഷേപിച്ചത്. പൊലീസ് ഉദ്യോഗസ്ഥയുടെ മൊബൈൽ പിന്നീട് പിങ്ക് വാഹനത്തിൽ നിന്നും കണ്ടെത്തി. എട്ട് വയസ്സുകാരി മോഷ്ടിച്ചിട്ടില്ലെന്ന്  തെളിഞ്ഞിട്ടും പൊതുമധ്യത്തിലെ അധിക്ഷേപത്തെ തുടർന്ന് വാവിട്ട കരഞ്ഞ കുഞ്ഞിനെ സാന്ത്വനിപ്പിക്കാൻ പൊലീസ് തയ്യാറായില്ല. ഏഷ്യാനെറ്റ് ന്യൂസ് വാർത്ത പുറത്തുകൊണ്ടുവന്നതിന് പിന്നാലെ റൂറൽ എസ്പി അന്വേഷണം നടത്തി. 

Also Read:  നടുറോഡ‍ിൽ അന്ന് വാവിട്ട് കരഞ്ഞ എട്ടു വയസുകാരി; ഒടുവിൽ നീതി, രജിതയിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ ഉത്തരവ്

 

കൊല്ലം സിറ്റിയിലേക്കുള്ള സ്ഥലമാറ്റത്തിലും 15 ദിവസത്തെ നല്ല നടപ്പ് പരിശീലനത്തിലും രജിതക്കെതിരായ വകുപ്പുതല നടപടി ഒതുക്കി. ഈ നടപടി വിവാദമായതോടെ ദക്ഷിണ മേഖല ഐ ജി അന്വേഷിച്ചു. ഉദ്യോഗസ്ഥക്ക് നൽകേണ്ട പരമാവധി ശിക്ഷ നൽകിയെന്നായിരുന്നു ഐ ജിയുടെ റിപ്പോ‍ർട്ട്.  ഇതിനെതിരെയാണ് പെണ്‍കുട്ടിയുടെ അച്ഛൻ ഹൈക്കോടതിയെ സമീപിച്ചത്. അധിക്ഷേപത്തിന് ഇരയായ പെണ്‍കുട്ടിയ്ക്ക് നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. ഇതിനെതിരെ സർക്കാർ ഹൈക്കോടതി ഡിവിഷൻ ബ‌ഞ്ചിൽ അപ്പീൽ നൽകി.

പൊലീസ് ഉദ്യോഗസ്ഥ ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്നും രജിതക്കെതിരെ വകുപ്പതല നടപടിയെടുത്തുന്നുമായിരുന്നു സർക്കാർ വാദം. എന്നാൽ സർക്കാർ വാദമെല്ലാം തള്ളിയ കോടതി ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു. സർക്കാരിന്‍റെ വീഴ്ചകൊണ്ടല്ല സംഭവമുണ്ടായതെന്നും ഉദ്യോഗസ്ഥയിൽ നിന്നും നഷ്ടപരിഹാരം ഈടാക്കാമെന്നും സർക്കാർ നിലപാട് അറിയിച്ചു. നഷ്ടപരിഹാരത്തുകയായ ഒന്നര ലക്ഷവും കോടതി ചെലവായ 25,000രൂപയും പൊലീസ് ഉദ്യോഗസ്ഥയിൽ നിന്നും ഈടാക്കാനാണ് ആഭ്യന്തരവകുപ്പ് ഉത്തരവ്.

അതേസമയം രജിതക്കെതിരായ അന്വേഷണത്തിന്‍റെ ഭാഗമായി തന്നെയും മകളെയും ഇപ്പോഴും പീ‍ഡിപ്പിക്കുകയാണെന്നാണ് ജയചന്ദ്രൻ പറയുന്നത്. പൊലീസ് ഉദ്യോഗസ്ഥക്കൊപ്പം മൊഴിയെടുക്കാനായി പൊലീസ് സ്റ്റേഷനുകളിലേക്ക് വരാൻ ഉദ്യോഗസ്ഥർ വിളിക്കുകയാണെന്ന് ജയചന്ദ്രൻ ആരോപിക്കുന്നു. വീട്ടിലേക്ക് വന്ന് കുട്ടിയുടെ മൊഴിയെടുക്കണമെന്നാണ് തന്‍റെ ആവശ്യമെന്നാണ് ജയചന്ദ്രൻ പറയുന്നു. വിവാദങ്ങളെ തുടർന്ന് സമ്മർദ്ദത്തിലായ കുട്ടിക്ക് കൗണ്‍സിലിംഗ് നൽകിയിരുന്നു. മോഷണകുറ്റം ചുമത്തി പെണ്‍കുട്ടിയെ നടുറോഡിൽ അധിക്ഷേപിച്ചത് പുറത്തുകൊണ്ടുവന്നത് ഏഷ്യാനെറ്റ് ന്യൂസാണ്. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്ന് ബാലവകാശ കമ്മീഷണനും,എസ്-സി / എസ് - ടി കമ്മീഷനും കേസെടുത്തിരുന്നു. ക്രമസമാധാന ചുമതലകളിൽ നിന്നും രജിതയെ മാറ്റിനിർത്തണമെന്ന നിർദ്ദേശത്തെ തുടർന്ന് യൂണിഫോം ജോലികളിൽ നിന്നും ഉദ്യോഗസ്ഥയെ മാറ്റിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗവർണർ തീരുമാനിച്ചു, ലോക്ഭവൻ ഔദ്യോഗിക വിജ്ഞാപനം ഇറക്കി, കാലിക്കറ്റ് സർവകലാശാലയുടെ പുതിയ വൈസ് ചാൻസലായി ഡോ. പി. രവീന്ദ്രനെ നിയമിച്ചു
അഗത്തിയിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനയാത്ര; എംപിമാർ സുരക്ഷാ പരിശോധനയ്ക്ക് തയ്യാറായില്ലെന്ന് പരാതി