
കൊച്ചി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് എതിരായ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. യാത്രയുടെ പേരിൽ റോഡിൽ ഗതാഗത സ്തംഭനം ഉണ്ടാക്കുകയാണെന്നും യാത്രക്കാരുടെ പ്രശ്നത്തിൽ ഹൈക്കോടതി ഇടപെടണമെന്നുമാണ് ഹർജിയിലെ ആവശ്യം. ഹൈക്കോടതി അഭിഭാഷകനും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ വിജയൻ ആണ് ഹർജി നൽകിയത്.
റോഡിലെ പ്രധാന ഭാഗം അപഹരിച്ചാണ് ഭാരത് ജോഡോ യാത്ര നടക്കുന്നത്. ഇതിന് പകരം റോഡിലെ ഒരു ഭാഗം മാത്രം യാത്രയ്ക്ക് വിട്ട് നൽകി മറ്റ് വഴികളിലൂടെ ഗതാഗതം സുഗമമാക്കാൻ നിർദ്ദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. യാത്രയ്ക്ക് സുരക്ഷ ഒരുക്കുന്ന പൊലീസുകാർക്ക് പണം ഈടാക്കാനുള്ള നിർദ്ദേശം നൽകണമെന്നും ഹർജിയിലുണ്ട്. രാഹുൽ ഗാന്ധി, കെപിസിസി പ്രസിഡന്‍റ് അടക്കമുള്ളവരെ എതിർ കക്ഷിയാക്കിയുള്ള ഹർജി നല്‍കിയിരിക്കുന്നത്.
അതേസമയം, ഭാരത് ജോഡോ യാത്രയുടെ എറണാകുളം ജില്ലയിലെ പര്യടനം ഇന്ന് അവസാനിക്കും. രാവിലെ ആറരയ്ക്ക് ആലുവ ദേശത്ത് നിന്നാണ് യാത്ര തുടങ്ങുന്നത്. പത്തരയോടെ കറുകുറ്റിയിലെത്തും. ഉച്ചയ്ക്ക് ഒരു മണിക്ക് അങ്കമാലിയിൽ വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. പദയാത്രയ്ക്കിടെ രാഹുലിന്‍റെ ആദ്യ വാർത്താ സമ്മേളനമാണിത്. ഇതിനുശേഷം വിവിധ മേഖലകളിലുളളവരുമായി കൂടിക്കാഴ്ച. തുടർന്ന് യാത്ര തൃശൂർ ജില്ലയിലേക്ക് പ്രവേശിക്കും. പദയാത്രയുടെ ഭാഗമായി ആലുവ, അങ്കമാലി മേഖലകളിൽ രാവിലെ മുതൽ തന്നെ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.
അതിനിടെ, ഭാരത് ജോഡോ യാത്രക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്തെത്തി. രാജ്യത്തെ അഴിമതിക്കാരെ ഒന്നിപ്പിക്കാൻ ആണ് യാത്രയെന്ന് ബിജെപി ദേശീയ വക്താവ് ടോം വടക്കൻ ഇന്നലെ പറഞ്ഞു. യാത്രയിലൂടെ എന്താണ് ഉദ്ദേശിക്കുന്നതെന്നും, ജനങ്ങൾ ഉയർത്തുന്ന ചോദ്യങ്ങൾക്കും രാഹുൽ മറുപടി പറയണം. കോൺഗ്രസിൽ ആര് പ്രസിഡന്റായാലും പിൻസീറ്റിൽ ഡ്രൈവ് ചെയ്യുന്നത് രാഹുൽ ഗാന്ധിയാണ്. ശശി തരൂർ ഗെലോട്ട് മത്സരം നടന്നാലും എല്ലാം നാടകമാണ് എന്നും ടോം വടക്കൻ ദില്ലിയിൽ ഏഷ്യാനെറ്റ് ന്യുസിനോട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam