ജനം എന്ത് പിഴച്ചു? കൊച്ചിയിലെ റോഡ് തകര്‍ച്ചയില്‍ വീണ്ടും വിമര്‍ശനവുമായി കോടതി

By Web TeamFirst Published Mar 10, 2020, 3:06 PM IST
Highlights

വകുപ്പുകൾ തമ്മിലുള്ള പ്രശ്നങ്ങള്‍ കൊണ്ട് റോഡ് നന്നാകില്ലെന്ന വാദം ശരിയല്ല. ജനം എന്ത് പിഴച്ചെന്നും കോടതി 

കൊച്ചി: കൊച്ചിയിലെ റോഡുകളുടെ ശോച്യാവസ്ഥയില്‍ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. കൊച്ചി നഗരത്തിലെ റോഡുകളുടെ തകർച്ച പരിഹരിക്കാൻ കോടതി ഇടപെടൽ ആവശ്യപ്പെട്ടുള്ള  ഹര്‍ജികള്‍ പരിഗണിക്കവേയായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. ഒരു മാനദണ്ഡവും ഇല്ലാതെ റോഡ് വെട്ടിപ്പൊളിക്കുകയാണെന്നായിരുന്നു ഹൈക്കോടതിയുടെ കുറ്റപ്പെടുത്തല്‍.

വകുപ്പുകൾ തമ്മിലുള്ള പ്രശ്നങ്ങള്‍ കൊണ്ട് റോഡ് നന്നാകില്ലെന്ന വാദം ശരിയല്ല. ജനം എന്ത് പിഴച്ചെന്നും  ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. ഡോർ അടച്ചിട്ടാൽ പോലും മുറികളിൽ പൊടിശല്യമാണ്. ഒരു വകുപ്പിനും ഇക്കാര്യത്തിൽ ശ്രദ്ധയില്ല. ആറുമാസം കൂടുമ്പോൾ റോഡ് നന്നാക്കേണ്ടി വരുന്ന കാഴ്ച്ച ലോകത്ത് എവിടെയും ഇല്ല. 365 ദിവസവും മഴ പെയുന്ന് സ്ഥലങ്ങൾ ലോകത്തുണ്ട് . അവിടുത്തെ റോഡുകൾക്ക് കുഴപ്പം ഇല്ലെന്നും ഹൈക്കോടതി വിമര്‍ശിച്ചു. 

നഗരസഭയുടെ കീഴിലുള്ള  അഞ്ച് സോണുകളിലെയും എക്സിക്യൂട്ടീവ് എൻജിനീയർമാരും സബ് എൻജിനീയർമാരും നേരിട്ട് കോടതിയില്‍ ഹാജരായി. നഗരസഭയുടെ റോഡുകളും ആറ് പൊതുമരാമത്ത് റോഡുകളും ഗതാഗതയോഗ്യമല്ലെന്നാണ്  അമിക്കസ് ക്യൂറി റിപ്പോർട്ട്. ലോകം മുഴുവൻ കൊറോണയെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ കൊച്ചി നഗരത്തിന് റോഡുകളുടെ ദയനീയ സ്ഥിതി ചർച്ച ചെയ്യേണ്ട ദുർഗതിയെന്നും കോടതി കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു.

click me!