Latest Videos

കൊവിഡ് 19; അപകീര്‍ത്തി പ്രചാരണത്തിന് ഡോ ഷിനു ശ്യാമളനെതിരെ ആരോഗ്യവകുപ്പ് നിയമ നടപടിക്ക്

By Web TeamFirst Published Mar 10, 2020, 3:05 PM IST
Highlights

ആരോഗ്യപ്രവര്‍ത്തകരെ മോശമായി ചിത്രീകരിക്കുന്നത് പബ്ലിസിറ്റിക്കുവേണ്ടിയാണെന്നും ഡിഎംഒ ഓഫീസ് വൃത്തങ്ങള്‍ വിമര്‍ശിച്ചു. കൊവിഡ് ലക്ഷണമുള്ള രോഗി ചികിത്സക്ക് എത്തിയത് ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടും അവര്‍ വേണ്ട നടപടി കൈക്കൊണ്ടില്ല എന്നായിരുന്നു ഷിനു ശ്യാമളന്‍റെ ആരോപണം. 

തൃശ്ശൂര്‍: കൊവിഡ് വൈറസ് ബാധ സംബന്ധിച്ച് അപകീര്‍ത്തികരമായ വാര്‍ത്ത പ്രചരിപ്പിച്ച ഡോ ഷിനു ശ്യാമളനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തൃശ്ശൂര്‍ ഡിഎംഒ ഓഫീസ് അറിയിച്ചു. ആരോഗ്യപ്രവര്‍ത്തകരെ മോശമായി ചിത്രീകരിക്കുന്നത് പബ്ലിസിറ്റിക്കുവേണ്ടിയാണെന്നും ഡിഎംഒ ഓഫീസ് വൃത്തങ്ങള്‍ വിമര്‍ശിച്ചു. കൊവിഡ് ലക്ഷണമുള്ള രോഗി ചികിത്സക്ക് എത്തിയത് ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടും അവര്‍ വേണ്ട നടപടി കൈക്കൊണ്ടില്ല എന്നായിരുന്നു ഷിനു ശ്യാമളന്‍റെ ആരോപണം. എന്നാല്‍, ഷിനു പറഞ്ഞ രോഗി നേരത്തെ തന്നെ നിരീക്ഷണത്തിലുള്ള ആളായിരുന്നെന്നാണ് ഡിഎംഒ ഓഫീസ് പറയുന്നത്. 

ഖത്തറില്‍ നിന്ന് നാട്ടിലെത്തിയ വ്യക്തി കൊവിഡ് രോഗലക്ഷണങ്ങളോടെ സ്വകാര്യ ക്ലിനിക്കിലെത്തിയെന്നാണ് ഷിനു ശ്യാമളന്‍ പറഞ്ഞത്. തുടര്‍ന്ന് വിവരം പൊലീസിനെയും ആരോഗ്യവകുപ്പിനെയും അറിയിച്ചു. എന്നാല്‍, അന്ന് തന്നെ തുടര്‍നടപടികളുണ്ടായില്ല. ഈ വ്യക്തി അടുത്ത ദിവസം രാവിലെ ഖത്തറിലേക്ക് മടങ്ങിപ്പോയെന്നും ഷിനു ഫേസ്ബുക്ക് പോസ്റ്റിലൂടെ പറ‌ഞ്ഞിരുന്നു.

ഇതേത്തുടര്‍ന്ന് ഷിനു ശ്യാമളനെ ആശുപത്രി അധികൃതര്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. കൊവിഡ് രോഗലക്ഷണമുള്ള വ്യക്തിയെ കണ്ടപ്പോള്‍ ആരോഗ്യവകുപ്പിനെയും പൊലീസിനെയും അറിയിക്കുകയും അത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തതിനാണ് തന്നെ പിരിച്ചുവിട്ടതെന്ന ആരോപണവുമായി പിന്നാലെ ഷിനു തന്നെ രംഗത്തെത്തുകയും ചെയ്തു. ഇത് വലിയ ചര്‍ച്ചയാവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഷിനുവിനെതിരെ തൃശ്ശൂര്‍ ഡിഎംഒ ഓഫീസിന്‍റെ പ്രതികരണം വന്നിരിക്കുന്നത്. 

Read Also: കൊവിഡ് ലക്ഷണമുള്ള രോഗി എത്തിയത് ആരോഗ്യവകുപ്പിനെ അറിയിച്ചു; വനിതാ ഡോക്ടറുടെ ജോലി പോയി

click me!