
കൊച്ചി: മുട്ടിൽ മരംമുറി കേസിൽ അഗസ്റ്റിൻ സഹോദരൻമാർക്ക് ഹൈക്കോടതിയിൽ തിരിച്ചടി. അനധികൃതമായി മരംമുറിച്ച് വിൽപ്പന നടത്തിയതിന് അമ്പലമേട് പോലീസ് എടുത്ത കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പ്രതികൾക്കെതിരെ കൂട്ടായ വിശ്വാസ വഞ്ചന കുറ്റ പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്നും വിചാരണ നേരിടണമെന്നും ഹൈക്കോടതി വ്യക്തമാക്കി
വയനാട് മേപ്പാടിയിൽ നിന്ന് അനധികൃതമായി മുറിച്ച് കടത്തിയ മരങ്ങൾ വനംവകുപ്പ് പാസ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് എറണാകുളത്തെ മരകമ്പനി ഉടമയ്ക്ക് വിൽപ്പന നടത്തി വിശ്വാസ വഞ്ചന കാണിച്ചെന്നായിരുന്നു എറണാകുളം അമ്പലമേട് പോലീസിന്‍റെ കേസ്. കമ്പനി ഉടമ അലിയാർ നൽകിയ പരാതിയിലാണ് 2021 ൽ റോജി അഗസ്റ്റിൻ, ആന്‍റോ അഗസ്റ്റിൻ, ജോസ് കുട്ടി അഗസ്റ്റിൻ എന്നിവരെ പ്രതിയാക്കി കേസ് എടുത്തത്. എന്നാൽ മരം കൊണ്ടുപോകാൻ പ്രത്യേക പാസായ ഫോം 3 ആവശ്യമില്ലെന്നും വിശ്വാസ വഞ്ചന കേസ് റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് പ്രതികൾ ആദ്യം ചോറ്റാനിക്കര കോടതിയെ സമീപിച്ചിരുന്നു. ഈ ആവശ്യം കീഴ്കോടതി തള്ളിയതോടെയാണ് പ്രതികൾ റിവിഷൻ ഹജിയുമായി ഹൈക്കോടതിയിലെത്തിയത്.
എന്നാൽ നിയമ വിരുദ്ധമായി മരം മുറിച്ചതിന് വനംവകുപ്പ് പ്രതികൾക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്നും നിയമലംഘനത്തിലൂടെ കൊണ്ടുവന്നതാണ് മരങ്ങളെന്നുമുള്ള വിചാരണ കോടതി കണ്ടെത്തലിൽ ഇടപെടേണ്ട സാഹചര്യമില്ലെന്നാണ് ഹൈക്കോടതി നിരീക്ഷണം. കൂട്ടായ വിശ്വാസ വഞ്ചന പ്രതികൾക്കെതിരെ പ്രഥമൃഷ്ട്യാ നിലനിൽക്കുമെന്ന് വ്യക്തമാക്കിയാണ് അഗസ്റ്റിൻ സഹോദരങ്ങൾ മരംമുറി കേസിൽ വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam